ശ്ലോകം 348
ആവരണസ്യ നിവൃത്തിര്‍-
ഭവതി ച സമ്യക് പദാര്‍ത്ഥ ദര്‍ശനതഃ
മിഥ്യാജ്ഞാനവിനാശ-
സ്ത തദ്വദ് വിക്ഷേപജനിത ദുഃഖനിവൃത്തിഃ
സത്യ വസ്തുവിന്റെ സമ്യക്ദര്‍ശനത്താല്‍ ആവരണം ഇല്ലാതാവും മിഥ്യാജ്ഞാനം നശിക്കും. അതുണ്ടാക്കുന്ന വിക്ഷേപജന്യമായ ദുഃഖവും ഒടുങ്ങും.
ശരിയായ വസ്തുവിനെ അറിയുന്നതുവഴി മറ നീങ്ങും. അപ്പോള്‍ തെറ്റായ അറിവ് പോകുകയും മുമ്പുണ്ടായ ദുഃഖങ്ങള്‍ തീരുകയും ചെയ്യും. ആവരണ വിക്ഷേപങ്ങളാകുന്ന രണ്ട് ശക്തിളാണ് ജീവനെ ബന്ധിക്കുന്നത്. അവ ഇല്ലാതായാല്‍ സംസാര ബന്ധനം ഉണ്ടാകില്ല.
ഒരു വസ്തുവിനെ സംബന്ധിച്ച തെറ്റിദ്ധാരണ അതിനെ വ്യക്തമായി കാണുമ്പോള്‍ നീങ്ങുന്നു. മരക്കുറ്റിയെ ഭൂതമായോ കള്ളനായോ ആളായോ തോന്നാം. കയറിനെ പാമ്പായും ഒരാളെ മറ്റൊരാളായും തെറ്റിദ്ധരിച്ചേക്കാം. മരക്കുറ്റിയേയും കയറിനേയും മങ്ങിയ വെളിച്ചത്തില്‍ കാണുമ്പോഴാണ് തെറ്റിദ്ധരിക്കല്‍ ഉണ്ടാകുക.
ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ ജ്ഞാനം ഉണ്ടാകും. സത്യത്തെ അറിയുമ്പോള്‍ അതുവരെയുണ്ടായിരുന്ന അജ്ഞാനം നീങ്ങും.
മരക്കുറ്റിയെ കാണുമ്പോള്‍ ഭൂതം ഇല്ലാതാകും. കയറിനെ കാണുമ്പോള്‍ പിന്നെ പാമ്പിനെ കാണാനാവില്ല. ഒരാളെ മറ്റൊരാളായി കാണുകയുമില്ല. ആവരണം നീങ്ങുമ്പോള്‍ വിക്ഷേപവും അതു മൂലമുണ്ടായ ദുരിതങ്ങളും നീങ്ങും.
അരണ്ട വെളിച്ചത്തില്‍ മരക്കുറ്റിയേയോ തൂണിനേയോ ആളാണെന്ന് കരുതുന്ന അബദ്ധത്തെ സ്ഥാണു പുരുഷ ഭ്രാന്തിയെന്ന് പറയും. മരക്കുറ്റിയെ അറിയായ്ക എന്ന അജ്ഞാനം അതിനെ മറയ്‌ക്കുന്നു. അപ്പോള്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നിനെ തോന്നിക്കും. ഭൂതമായോ ആളായോ തോന്നിയേക്കാം. അതാണ് അന്യഥാ ജ്ഞാനം. ഇത് ദുഃഖത്തിന് കാരണമാകും. മരക്കുറ്റി നേരിട്ട് നമുക്ക് ദുഃഖം തരുന്നില്ല. മരക്കുറ്റിയെ കാണാതെ അതില്‍ ഭൂതത്തെ കണ്ടതോടെ ദുഃഖം ആരംഭിച്ചു. മിഥ്യാ ജ്ഞാനം നീങ്ങണമെങ്കില്‍ ശരിയായത് ബോധ്യമാകണം. അപ്പോള്‍ സകല പ്രശ്‌നങ്ങളും തീരും.
അജ്ഞാനം മൂലം ഇപ്പോള്‍ ഞാന്‍ ശരീര മനോബുദ്ധികളാണെന്ന മിഥ്യാജ്ഞാനത്തിലാണ്. ഞാന്‍ അല്പനായ ജീവിയാണെന്ന തോന്നല്‍ ദുഃഖത്തിനിടയാക്കുന്നു. ശുദ്ധ ചൈതന്യമാണ് ഞാന്‍ എന്ന് അനുഭവ രൂപത്തില്‍ അറിയുമ്പോള്‍ അജ്ഞാനം നശിക്കും. അപ്പോള്‍ പരിമിതനെന്ന തോന്നലുളവാക്കുന്ന ജീവത്വഭാവവും അതുമൂലമുള്ള ദുഃഖങ്ങളും നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: