ന്യൂദല്‍ഹി: ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി ചുട്ടുകൊന്ന സംഭവം നടന്ന ഹാഥ്റസിലേക്ക് പോകവേ പിടിയിലായ മലയാളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ഭീകര ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. യുപി പോലീസ് സമര്‍പ്പിച്ച 5000 പേജ് വരുന്ന കുറ്റപത്രത്തിലാണിത്.
ദളിത് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് വര്‍ഗീയ അസ്വസ്ഥത വിതയ്ക്കാനും കലാപം സൃഷ്ടിക്കാനുമാണ് കാപ്പനും മറ്റു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖൂര്‍ റഹ്മാനും ആലമും മസൂദും അടക്കമുള്ളവര്‍ അവിടേക്ക് പോയത്. ഇതിനു മുന്‍പ് 2020 സെപ്തംബര്‍ 20ന് (സംഭവം ഉണ്ടായത് സെപ്തംബര്‍ 14ന്) ഈ വിഷയം എങ്ങനെ പെരുപ്പിച്ച് കലാപമുണ്ടാക്കാന്‍ ഉപയോഗിക്കാം എന്നത് ചര്‍ച്ച ചെയ്യാന്‍ അതീവ രഹസ്യമായി ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് മാനേജര്‍ കെ.പി. കമാല്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സിദ്ദിഖ് കാപ്പന് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിനുള്ള തെളിവുകള്‍ കാപ്പന്റെ മൊബൈലില്‍ നിന്ന് ലഭിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഈ വിഷയം സംബന്ധിച്ച് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ഫോണില്‍ ചാറ്റ് നടത്തിയിരുന്നു.
കാപ്പന് അടക്കം അറസ്റ്റിലായ നാലു പേരില്‍ നിന്ന് ആറ് സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും 1717 അച്ചടിച്ച കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. കലാപത്തില്‍ തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ എന്തു മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ചില കടലാസുകളില്‍ ചേര്‍ത്തിട്ടുള്ളത്. ജാതി, മത അടിഥാനത്തില്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന കാര്യങ്ങളുമാണ് പല കടലാസുകളിലും ഉണ്ടായിരുന്നത്. ഹാഥ്റസ് പെണ്‍കുട്ടിക്ക് നീതിയെന്ന പേരില്‍ വെബ്സൈറ്റ് ഉണ്ടാക്കി പ്രചാരണം നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. ദളിതര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തി. ഇങ്ങനെ വര്‍ഗ സംഘര്‍ഷമുണ്ടാക്കാനായിരുന്നു പദ്ധതി. രാജ്യവിരുദ്ധ പ്രചാരണം നടത്തി, യുവാക്കളില്‍ രാജ്യവിരുദ്ധ വികാരം വളര്‍ത്താനും ശ്രമിച്ചു. ഇതിനു പിന്നില്‍ ഒരു ഭീകരസംഘടനയാണ് ഉള്ളത്. വിദേശത്തു നിന്നും രാജ്യത്തിനുള്ളില്‍ നിന്നും ഇവര്‍ക്ക് വന്‍തോതില്‍ പണവും ലഭിച്ചിട്ടുണ്ട്. ഇതിനും തെളിവുകളുണ്ട്.
ഗിലാനിയെ തൂക്കിലേറ്റിയപ്പോള്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തു; സിമിയെ പിന്തുണച്ചു
മലയാളിയായ റൗഫിന്റേയും ഡാനിഷിന്റേയും നിര്‍ദ്ദേശ പ്രകാരമാണ് അതിഖൂര്‍ റഹ്മാന് ഹാഥ്റസിലേക്ക് പോയത്. ഇതിന് റൗഫ് പണവും നല്കി. വര്‍ഗീയ സംഘര്‍ഷം വിതയ്ക്കാന്‍ ശ്രമിച്ചതിന് കാപ്പന് അടക്കമുള്ളവരുടെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പ് മുസാഫര്‍നഗറില്‍ നടന്ന കലാപത്തിലും അതീഖുര്‍ റഹ്മാന് പങ്കുണ്ട്. ആ കേസിലെ പ്രതികളായ സര്‍വ്വേര്‍ അലി, മുഫ്തി ഷെഹ്സാദ്, മുനീര്‍, മൗലാനാ സജീദ്, ഫെര്‍മാന്‍, അഹമ്മദ് പര്‍വേഷ്, അക്രം, നസിറുദ്ദീന്‍, നൂര്‍ ഹസന്, അലി നവി, ഡാനിഷ് മുഹമ്മദ്, മലയാളിയായ റൗഫ്, സോജിദി ബിന്‍ സെയ്ദ്, മുഹമ്മദ് ഇല്യാസ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഹാഥ്റസിലേക്ക് പോകും മുന്‍പ് രഹസ്യ ശില്‍പ്പശാല നടത്തിയ കാര്യം റൗഫ് ഷെരീഫിന്റെ മൊഴിയിലുണ്ട്, കാപ്പന്റെ വാട്ട്സ്ആപ്പ് ഡേറ്റ, മൊബൈല്‍ ലൊക്കേഷന്‍ എന്നിവയില്‍ നിന്നും വ്യക്തമാണ്. ഹാഥ്റസില്‍ കലാപം ഉണ്ടാക്കാനുള്ള ഫണ്ട് സ്വരൂപിച്ചത് റൗഫാണ്.
കാപ്പന് മുന്‍പ് മാധ്യമപ്രവര്‍ത്തകനായിരുന്നു. 2009 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസില്‍ പ്രവര്‍ത്തിച്ചു. 2018ല്‍ തേജസ് പൂട്ടി. തുടര്‍ന്ന് അഴിമുഖം എന്ന പോര്‍ട്ടലില്‍ ഫ്രീലാന്‍സറായി എഴുതി. കാപ്പന്റെ ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയില്‍ നിന്ന് പ്രകോപനപരമായ ലേഖനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊടുംഭീകരന് ഗുല്‍സാര്‍ അഹമ്മദ് വാനിയെ പിന്തുണച്ച് ഇയാള്‍ എഴുതിയ ലേഖനവും ഇതിലുണ്ട്. ദല്‍ഹി കലാപസമയത്ത് ഇയാളുടെ വര്‍ഗീയ റിപ്പോര്‍ട്ടിങ്ങില്‍ മറ്റു പല മാധ്യമപ്രവര്‍ത്തകരും പരാതിപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തില്‍ അതൃപ്തി ഉടലെടുക്കും വിധമായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിരോധിത സംഘടനയായ സിമിയുടെ ആശയങ്ങളെ ന്യായീകരിക്കുന്ന ലേഖനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊടും ഭീകരന് ഗിലാനിയെ തൂക്കിലേറ്റിയ സമയത്ത്, ഇയാളുടെ പോസ്റ്റ്മോര്‍ട്ടം നടന്ന എയിംസ് മോര്‍ച്ചറി പരിസരത്ത് കൂടുതലാള്‍ക്കാര്‍ എത്തിച്ചേരാന്‍ അഭ്യര്‍ഥിച്ച് കാപ്പന് നല്കിയ സന്ദേശവും ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധമുള്ള കാപ്പന് അടക്കമുള്ളവര്‍ക്ക് വലിയ തോതില്‍ പണവും ലഭിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കളുമായി പിടിയിലായ അന്‍സാദ് ബദറുദ്ദീനുമായും കാപ്പന് ബന്ധമുണ്ട്. ഇയാളും കൂട്ടാളി ഫിറോസ് ഖാനും രഹസ്യ ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: