ഇടുക്കി: കരിമണ്ണൂര്‍ എല്‍എ തഹസില്‍ദാരുടെ കീഴില്‍ വരുന്ന വിവിധ വില്ലേജുകളിലെ പട്ടയം വിതരണം ചെയ്യുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തി. വിഷയത്തില്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യവനപാലകന്, ലാന്റ് ആന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തിലാണ് നടപടി.
സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടയ വിതരണം നടന്ന് വന്നിരുന്ന്. പതിനായിരത്തോളം അപേക്ഷകളില്‍ 800 ഓളം പേര്‍ക്ക് നിലവില്‍ പട്ടയവും വിതരണം ചെയ്തു. ഇടുക്കിക്ക് പുറമെ കൊല്ലം ഉള്‍പ്പെടെയുള്ള മറ്റ് ചില ജില്ലകളിലും ഇത്തരത്തില്‍ കൈവശാവകാശം നല്കിയ വനഭൂമി പതിച്ച് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനത്തെ ഡിഎഫ്ഒ തലത്തിലുള്ള പ്രധാനപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇക്കാര്യം അറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ വേണ്ട നടപടി എടുത്തില്ലെന്ന പരാതിയും വ്യാപകമാണ്. പാവപ്പെട്ട ജനങ്ങളെ ആശിപ്പിച്ച് കബളിപ്പിക്കുകയാണ് വകുപ്പെന്നാണ് പരാതി. 2006 മുതലാണ് ഹില്‍മെന്‍ സെറ്റില്‍മെന്റില്‍പ്പെട്ട സ്ഥലങ്ങളില്‍ വനാവകാശം അഥവ കൈവശാവകാശം നല്കി തുടങ്ങിയത്. ഇതില്‍ തന്നെ വനഭൂമിയാണെന്ന് വ്യക്തമാകുമ്പോഴും രണ്ട് വകുപ്പുകള്‍ തമ്മില്‍ തുടരുന്ന പ്രശ്നങ്ങള്‍ പട്ടയവിതരണത്തേയും സാധാരണക്കാരായ വനവാസികളുടെ ജീവിതത്തേയും ബാധിക്കുകയാണ്.
വിഷയത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പട്ടയ വിതരണം തടയാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയും മലയരയ സഭകളും രംഗത്ത് വന്നിട്ടുണ്ട്. സ്ഥലത്തെ വനവാസികള്‍ക്ക് പട്ടയം ലഭിക്കേണ്ടത് ആവശ്യമാണെന്നും ഇതിനായി കേന്ദ്രത്തിന് കത്തെഴുതി ആവശ്യമായ അനുവദി തേടണമെന്നുമാണ് പൊതുവായി ഉയരുന്ന ആവശ്യം. നിലവില്‍ വനമായി കേന്ദ്രത്തിന്റെ കണക്കിലുള്ള ഭൂമിക്ക് കുറവ് വരുന്നത് ഭാവിയില്‍ വലിയ നിയമനടപടികള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴി വെച്ചേക്കും. ഇത് ഉദ്യോഗസ്ഥരുടെ ജോലിയെ അടക്കം ബാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
വിചിത്ര നടപടി
പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് മേഖലയില്‍ ജനവാസം തുടങ്ങിയിട്ട് 400 വര്‍ഷത്തിലധികമായി. ഈ സ്ഥലം സംരക്ഷിത വനമേഖലയെന്ന് വനം വകുപ്പ് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വിചിത്ര നടപടിയാണ്. വനംവകുപ്പ് നിശ്ചിത താല്പര്യത്തിന് വേണ്ടിയും വിദേശ ഫണ്ടിന് വേണ്ടിയും കേന്ദ്രത്തെ ബോധിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ വനമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയിലെ വനവാസികളെ വലക്കുന്ന നടപടിയാണ് കാലങ്ങളായി ഇവര്‍ തുടരുന്നത്. സ്ഥലത്ത് മറ്റിടങ്ങളിലേത് പോലെ തന്നെ പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്കൂളുകള്‍ എല്ലാമുണ്ട്. പുറത്ത് നിന്നെത്തിയവരടക്കം നിരവധി പേര് ഇവിടെ അധിവസിക്കുന്നുണ്ട്.
സി.പി. കൃഷ്ണന്‍പ്രസിഡന്റ് അഖില തിരുവിതാംകൂര്‍ മലയരയാ മഹാസഭ
1920-25 കാലത്തെ പഴയ സെറ്റില്‍മെന്റില്‍പ്പെട്ട പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് മേഖല കന്നി ഏലം ട്രാക്ട് എന്ന വിഭാഗത്തില്‍പ്പെടുന്നതാണ്. രാജാവിന്റെ കാലമായ അന്ന് മുതല്‍ സ്ഥലം റവന്യൂ ഭൂമിയാണ്. പിന്നീട് ഈ സ്ഥലത്ത് 1997ല്‍ റീസര്‍വെ നടത്തിയവരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ഇവിടെ ഭൂമിയുടെ തരം സര്‍ക്കാര്‍ പുറമ്പോക്കാണ്. റിമാര്‍ക്ക്സ് കോളത്തില്‍ 500 ഹെക്ടര്‍ ഭൂമി ഒരുമിച്ച് സംരക്ഷിത വനം എന്നാണ് എഴുതിയിരിക്കുന്നത്. ഭൂമി തരം തിരിച്ച് അളക്കാന്‍ മടിച്ചിട്ടാകും ഇത്തരത്തില്‍ തെറ്റായി എഴുതിയത്. മുമ്പും ഇവിടെ നിരവധി പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.
സ്ഥലത്ത് നിന്ന് നിരവധി പേര് തങ്ങളുടെ ദുരിതം പറഞ്ഞ് നേരിട്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തന്നെ നേരിട്ട് സ്ഥലത്ത് പരിശോധിച്ച ശേഷമാണ് പട്ടയം നല്കാന് നടപടികള്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: