മുംബൈ: സിനിമ-ചലച്ചിത്രഗാന നിര്‍മ്മാണക്കമ്പനിയായ ടി-സീരീസ് ഉടമ ഗുല്‍ഷന്‍കുമാറിനെ വധിച്ച കേസില്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി അബ്ദുള്‍ റൗഫ് മെര്‍ച്ചന്റിന്റെ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
ഗുല്‍ഷന്‍കുമാര്‍ വധിക്കപ്പെട്ട് 24 വര്‍ഷം കഴിഞ്ഞിട്ടാണ് ഈ കേസില്‍ വ്യാഴാഴ്ച ബോംബെ ഹൈക്കോടതിയുടെ വിധി ഉണ്ടായത്. നേരത്തെ ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് ജാദവ്, ജസ്റ്റിസ് ബൊര്ക്കാര് എന്നിവര്‍ അബ്ദുള്‍ റൗഫിനെ ജീവപര്യന്തം തടവിന് വിധിച്ചു. നേരത്തെ 2002ല്‍ സെഷന്‍സ് കോടതി അബ്ദുള്‍ റൗഫിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെക്കുകയായിരുന്നു.
302 (കൊലപാതകം), 307 (കൊല ചെയ്യുക എന്ന ഉദ്ദേശ്യം), 34 (കുറ്റകൃത്യം കൂട്ടം ചേര്‍ന്നുള്ള ഗൂഡാലോചന) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പാസ്പോര്‍ട്ട് ഏല്പിക്കാന് പൊലീസ് അബ്ദുല്‍ റൗഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം പൊലീസില്‍ കീഴടങ്ങിയില്ലെങ്കില്‍ അത് ജാമ്യമില്ലാ വാറന്റായി കണക്കാക്കുമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞു. ഗുല്‍ഷന്‍കുമാറിനെ വധിച്ച ശേഷം റൗഫ് ഉടനെ ഒളിവില്‍ പോയതിനാല്‍ പ്രതി യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പിന്നീട് 2001ലാണ് റൗഫ് പ്രത്യക്ഷപ്പെടുന്നത്. അതേ സമയം മോഷണക്കുറ്റത്തില്‍ നിന്നും റൗഫിനെ വെറുതെവിട്ടു. ബോളിവുഡ് നിര്‍മ്മാതാവ് രമേഷ് തൗറാനിയെ വെറുതെവിടാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഇതുവരെ 18 മുതല്‍ 19 വരെ പ്രതികളെ ഈ കേസില്‍ വെറുതെ വിടുകയുണ്ടായി.
കഠിന ഹിന്ദു വിശ്വാസിയായ ഗുല്‍ഷന്‍കുമാറിന്റെ ബോളിവുഡിലെ വളര്‍ച്ച ഒരു കെട്ടുകഥയെ അതിശയിപ്പിക്കുന്നതായിരുന്നു. ഇത് ബോളിവുഡിനെ കാണാച്ചരടുകളാല്‍ ഭരിച്ചിരുന്ന ദാവൂദ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക-അധോലോക ശക്തികള്‍ക്ക് വെല്ലുവിളിയായി. ഗുല്‍ഷന്‍ കുമാര്‍ സ്ഥാപിച്ച ടി-സീരീസ് എന്ന നിര്‍മ്മാണക്കമ്പനി തൊട്ടതെല്ലാം പൊന്നാക്കി കുതിച്ചുമുന്നേറുകയായിരുന്നു. അങ്ങിനെയിരിക്കെ 1997ല്‍ ഒരു ദിവസം ജൂഹു ബിച്ചിലെ ക്ഷേത്രത്തില്‍ നിന്നും തൊഴുതു പുറത്തിറങ്ങുകയായിരുന്ന ഗുല്‍ഷന്‍ കുമാറിനെ മൂന്ന് പേര് വെടിവെച്ച് കൊല്ലുകയായിരുന്നു. 16 വെടിയുണ്ടകള്‍ ഉള്ളില്‍ തുളഞ്ഞുകയറി ഗുല്‍ഷന്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സംഗീത സംവിധായകന് നദീം അഖ്തര്‍ സൈഫിയാണ് വാടകക്കൊലയാളികളെ അയച്ച് ഗുല്‍ഷന്‍ കുമാറിനെ വധിച്ചതെന്ന വിവരം പുറത്ത് വന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ നദീം അഖ്തര്‍ സെയ്ഫി ബ്രിട്ടനിലേക്ക് കടന്നു. പിന്നീട് ഇദ്ദേഹം യുകെയില്‍ തുടരുകയും 2002ല്‍ കേസില്‍ നിന്നും കുറ്റുവിമുക്തനാവുകയും ചെയ്തു.
പിന്നീട് ഗുല്‍ഷന്‍ കുമാറിന്റെ പ്രധാന എതിരാളിയായ ടിപ്സ് കമ്പനിയുടമ രമേഷ് തൗറാനിക്കെതിരെയും വാടകക്കൊലയാളികളെ നിയോഗിച്ചു എന്ന ആരോപണമുയര്‍ന്നു. എന്നാല്‍ ഇദ്ദേഹത്തെയും തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടു.
എന്നാല്‍ 2001 ജനവരിയില്‍ കൊല്‍ക്കൊത്തയില്‍ നിന്നും റൗഫിനെ അറസ്റ്റ് ചെയ്തു. മറ്റ് 18 പേരെയും പിടികൂടി. 400 പേജുള്ള കുറ്റപത്രം തയ്യാറാക്കി. കേസില്‍ അലി ഷെയ്ക് എന്നയാള്‍ മാപ്പുസാക്ഷിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: