തിരുവനന്തപുരം: ചൈനക്ക് വിജയം ആശംസിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനയെ ഒറ്റപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുകയാണ്. കോവിഡനന്തര കാലത്തും ചൈനയെ ഒറ്റപ്പെടുത്തി ആഗോള അധീശത്വം ശക്തമാക്കാനാണ് യുഎസ് ശ്രമങ്ങള്‍. ഈ വെല്ലുവിളികള്‍ നേരിടാന്‍ സിപിസിക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നെന്നും നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് (സിപിസി) ആശംസകളുമായി മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ യെച്ചൂരി പറയുന്നു.
ലേഖനത്തിലെ ചിലഭാഗങ്ങള്‍-
ചൈനയുടെ പരിവര്‍ത്തനം തെക്കുനിന്ന് ഈ ദശകത്തില്‍(1980കള്‍) ആരംഭിക്കും. 1990കളില്‍ കിഴക്ക് ആരംഭിക്കും. വടക്ക് 2000-2010 കാലത്ത്, മധ്യചൈനയില്‍ 2010-20ലും പടിഞ്ഞാറ് 2030ലും. ഈ രീതിയില്‍ 2050 ആകുമ്പോഴേക്കും ചൈന ഏറ്റവും സമൃദ്ധിയുള്ള സോഷ്യലിസ്റ്റ് രാജ്യമായി മാറും.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകുന്നത്, ഡെങ് ഞങ്ങള്‍ക്കു മുന്നില്‍ അന്ന് അവതരിപ്പിച്ച രൂപരേഖ അക്ഷരാര്‍ഥത്തില്‍ ചൈന നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ്. ചൈനയുടെ സോഷ്യലിസത്തെ തകര്‍ക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഓരോ നീക്കത്തെയും പരാജയപ്പെടുത്താന്‍ സിപിസിക്ക് ഈ പരിഷ്കരണകാലത്തു കഴിഞ്ഞു. കോവിഡനന്തര കാലത്തും ചൈനയെ ഒറ്റപ്പെടുത്തി ആഗോള അധീശത്വം ശക്തമാക്കാനാണു യുഎസ് ശ്രമങ്ങള്‍. ഈ വെല്ലുവിളികള്‍ നേരിടാന്‍ സിപിസിക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നു.
മുതലാളിത്തം മനുഷ്യത്വരഹിതമാണ്. അതിനാല്‍ അതിനു ചൂഷണം ഒഴിവാക്കാനാവില്ല. ഈ മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് വീക്ഷണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ആഗോളസ്ഥിതി. ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളില്‍നിന്നു കരകയറാന്‍ ഈ നൂറ്റാണ്ടിലെ 2 ദശകങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടുമില്ല. വിശേഷിച്ചും, 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം.
ലോകമാകെ മാന്ദ്യത്തിലേക്കു മുങ്ങിത്താണുകൊണ്ടിരിക്കെയാണു കോവിഡ് മഹാമാരി വന്നത്. അതു ദുര്‍ബലമായ ആഗോള സമ്പദ്ഘടനയെ കൂടുതല്‍ തകര്‍ച്ചയിലേക്കു കൊണ്ടുപോയി. അതേസമയം, കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ ചൈന വലിയ വിജയമാണു നേടിയത്. ചൈനീസ് സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും വീണ്ടും വളര്‍ച്ചയുടെ പാതയിലേക്കു നയിക്കാനും സിപിസിക്കു സാധിച്ചു. മുതലാളിത്ത വ്യവസ്ഥയ്ക്കുമേല്‍ സോഷ്യലിസം നേടിയ ഈ ആധിപത്യം ലോകത്തിനു പാഠമാണ്.
ദശകങ്ങള്‍നീണ്ട പരിഷ്കരണ നടപടികളിലൂടെ 2020 ആയപ്പോഴേക്കും ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കാന്‍ ചൈനയ്ക്കു കഴിഞ്ഞു. തൊഴിലില്ലായ്മയും ഗണ്യമായി കുറഞ്ഞു. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യരക്ഷാ സംവിധാനങ്ങളും പടുത്തുയര്‍ത്താനും സാധിച്ചു. അസമത്വവും അഴിമതിയും തുടച്ചുനീക്കാനും ജീവിതനിലവാരം ഉയര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ തുടരുന്ന ചൈന, 2049ന് അകം ഏറ്റവും വികസിതമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണു മുന്നേറുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ചൈന സമാധാനപരമായ വിദേശനയം മുന്നോട്ടുവയ്ക്കുമെന്നും പുരോഗമനവാദികള്‍ പ്രതീക്ഷിക്കുന്നു. നല്ല അയല്പക്ക ബന്ധങ്ങള്‍ക്കൊപ്പം ദക്ഷിണേഷ്യയിലും ലോകത്തും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനും ഇതാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: