കൊച്ചി : കിറ്റെക്‌സില്‍ സെക്ടര്‍ മജിസ്‌ട്രേറ്റും മറ്റുചില വകുപ്പുകളുമാണ് പരിശോധന നടത്തിയത്. വ്യവസായ വകുപ്പ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ 11 പരിശോധനകളാണ് കിറ്റെക്‌സില്‍ ഗ്രൂപ്പില്‍ നടന്നതെന്നും ചൂണ്ടിക്കാട്ടി കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു ജേക്കബ് കഴിഞ്ഞ ദിവസം വാര്‍ത്താകുറിപ്പ് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി പി. രാജീവ് പ്രസ്താവന നടത്തിയിരിക്കുന്നത്.
കിറ്റെക്‌സില്‍ വ്യവസായ വകുപ്പിന്റേതായി പരിശോധനകള്‍ നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കിറ്റക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവ പൂര്‍വ്വം തന്നെ പരിഗണിക്കും. നിയമ പ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
കിഴക്കമ്പലത്തെ കിറ്റക്‌സ് യൂണിറ്റില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ്. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ കിറ്റക്‌സ് ഗ്രൂപ്പില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങി പരിശോധന നടത്തുകയാണെന്നും സാബു ജേക്കബ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതോടൊപ്പം സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്നും അറിയിച്ചിരുന്നു. 35,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചേക്കാവുന്ന ആപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതിയാണ് സര്‍ക്കാരുമായി കിറ്റെക്‌സ് ധാരണയായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: