ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി നേതാവ് നവ്ജോത് സിംഗ് സിദ്ദു ബുധനാഴ്ച പ്രിയങ്ക ഗാന്ധി വാദ്രയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും സിദ്ദു ട്വീറ്റ് ചെയ്തു. സിദ്ദുവുമായി പ്രിയങ്കയും താനും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് അവകാശപ്പെട്ടിരുന്നു. ‘പ്രിയങ്ക ഗാന്ധി ജിയുമായി നീണ്ട കൂടിക്കാഴ്ച നടത്തി’യെന്ന് സിദ്ദു ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ച നാലുമണിക്കൂര്‍ നീണ്ടുവെന്ന് സിദ്ദുവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘ഒരു കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടില്ല. നിങ്ങളെന്തിനാണ് തിടുക്കംകൂട്ടുന്നതെന്ന് എനിക്കറിയില്ല’ എന്നായിരുന്നു മാധ്യമങ്ങളോട് രാഹുല്‍ വ്യക്തമാക്കിയത്. പ്രിയങ്കയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഹുലും പ്രിയങ്കയുമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി സിദ്ദുവിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി തുറന്ന പോരിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ദല്‍ഹിയിലെത്തി പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.
സംസ്ഥാനത്തുനിന്നുള്ള നിരവധി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ കണ്ടിരുന്നതായി പറയപ്പെടുന്നു. പഞ്ചാബിലെ എംപിമാരില്‍നിന്നും എംഎല്‍എമാരില്‍നിന്നും അഭിപ്രായം ആരായാന്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിശ്ചയിച്ച മൂന്നംഗ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി സര്‍ക്കാരിലും സംസ്ഥാന നേതൃനിരയിലും അഴിച്ചുപണി വേണമെന്നാണ് സമിതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: