ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനു പിന്നാലെ ഇന്ത്യ ബ്രീത്ത് എന്ന പേരില്‍ ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേന ചൈന ഒഴികെയുള്ള പ്രധാനരാജ്യങ്ങളില്‍ ഇസ്ലാമിക സംഘടനകള്‍ ദശലക്ഷക്കണത്തിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ-ഗവേഷണ സ്ഥാപനമായി ഡിസിന്‍ഫോ ലാബാണ് തട്ടിപ്പു സംബന്ധിച്ച രണ്ടു വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
പാക്കിസ്ഥാന് ആസ്ഥാനമായ ഇസ്ലാമിക ചാരിറ്റി സംഘടനകളും എന്‍ജിഒകളും ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് വ്യാപകമായ പണം സ്വരൂപിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം സംഘടനകള്‍ക്കെല്ലാം ഇസ്ലാമിക തീവ്രവാദം വളര്‍ത്തിയതിന്റെ പേരില്‍ ഇന്ത്യ വിട്ടുപോയ സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേന പിരിച്ച പണം പാക് ഭീകരസംഘടനകള്‍ക്കും ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്കും പാലസ്തീന് തീവ്രവാദ സംഘടന ഹമാസിന്റേയും പക്കലാണ് എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ സഹായിക്കുന്നതിന്റെ പേരില്‍ സംഭാവന തേടിയതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു സംഘടനയാണ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക അല്ലെങ്കില്‍ ”ഇമാന”. എന്നാല്‍, ലഭിച്ച ഫണ്ടുകളുടെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇവര്‍ക്ക് കൃത്യമായി മറുപടിയില്ല. ഹെല്‍പ്പ് ഇന്‍ഡ്യ ബ്രീത്ത് കാമ്പെയ്നിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 8.77 കോടി രൂപയാണ് ഇമാന സമാഹരിച്ചത്, തുടര്‍ന്ന് ജസ്റ്റ് ഗിവിംഗ് പ്ലാറ്റ്ഫോം 298,919 ഡോളര്‍ സമാഹരിച്ചു. എന്നാല്‍, ഇതൊക്കെ എത്തരത്തില്‍ ചെലവഴിച്ചു എന്നതിന് തെളിവില്ല.
ഇത്തരത്തില്‍ വലിയ തോതില്‍ പണം പിരിച്ച മറ്റൊരു പാക് ആസ്ഥാനമായ സംഘടനയാണ് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ഖാലിദ് ലത്തീഫ് മുഗലിന്റെ നേതൃത്വത്തിലുള്ള മുസ്ലീം എയ്ഡ് പാകിസ്ഥാന്. 36 വര്‍ഷമായി പാകിസ്ഥാന് ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് മുഗല്. ഐഎസ്ഐയുടെ വിശകലന വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. മുസ്ലീം എയ്ഡിന്റെ വിവിധ ശാഖകള്‍ മുസ്ലീം എയ്ഡ് പാകിസ്ഥാനുമായി ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ (ജെഐഐ) അല്‍ ഖിദ്മത്തിന്റെ ”ചാരിറ്റി” വിഭാഗത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവര്‍ക്ക് സജീവമായ ബ്രാഞ്ചുകള്‍ ഉണ്ട്. ഈ സംഘടനയുമായി സാക്കിര്‍ നായിക്കിന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. സാക്കിര്‍ നായിക്, സകാത്ത് ഫൗണ്ടേഷന്, അല്‍ ഫൗസ്, പീസ് ടിവി എന്നിവയ്ക്ക് മുസ്ലിം എയ്ഡ് പാക്കിസ്ഥാന് ഫണ്ടും ചെയ്യുന്നുണ്ട്. മുസ്ലിം എയ്ഡ് യുകെയിലെ പ്രധാന അംഗങ്ങളിലൊരാളായ മുഹമ്മദ് ജാഫര്‍ ഹുസൈന് പീസ് ടിവിയുടെ ട്രസ്റ്റി കൂടിയാണ്. അതുപോലെ, ഇന്ത്യയുടെ കോവിഡിന്റെ പേരില്‍ ധനസമാഹരണത്തിനായി മുസ്ലീം എയ്ഡ് ഓസ്ട്രേലിയയിലെ ബിലാല്‍ ഫിലിപ്സ് സാക്കിര്‍ നായിക്കിന്റെ അടുത്ത അനുയായിയാണ്, കൂടാതെ പീസ് ടിവിയില്‍ പതിവായി സ്പീക്കറായി പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ കോവിഡിന്റെ പേരില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ഈ സംഘടനകള്‍ പിരിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: