തിരുവനന്തപുരം: ദേശീയതലത്തില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുമ്പോഴും കേരളത്തില്‍ പ്രതിദിന സ്ഥിരീകരണം ഉയരുന്നു. കഴിഞ്ഞ ദിവസം പത്തില്‍ താഴെയായിരുന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പതിനൊന്നായി ഉയര്‍ന്നു.
പത്തില്‍ താഴാതെ നില്‍ക്കുന്നത് പ്രശ്നമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായും അറയിച്ചു. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരിയനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ളവ എ വിഭാഗം, 6-12 ശതമാനം ബി വിഭാഗം, 12നും 18നും ഇടയില്‍ സി വിഭാഗം, 18 ശതമാനത്തിന് മുകളിലുള്ളത് ഡി വിഭാഗം എന്നിങ്ങനെയാണ് പുതിയ തരംതിരിക്കല്‍. ഡി വിഭാഗത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ബി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കും.
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായി വ്യാപിക്കുന്നത്. ടിപിആര്‍ കുറയാത്തതിനാല്‍ രോഗ വ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ തരംതിരിക്കുന്നതിലും നിയന്ത്രണങ്ങളിലും ഇന്ന് മുതല്‍ മാറ്റം വരുമെന്നും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി കൂടുതല്‍ ബസുകള്‍ ഓടിക്കും. മൂന്നാം വ്യാപനം പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാ സംവിധാനം ശക്തമാക്കും.
പുറത്തിറങ്ങുന്നവര്‍ എന്‍95 മാസ്കോ, ഡബിള്‍ മാസ്കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: