ഇടുക്കി: കുമളിയില്‍ 14 കാരി ആത്മഹത്യ ചെയ്ത കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രാജസ്ഥാന് സ്വദേശിയായ കുട്ടി മരിച്ച കേസിലാണ് കുമളി സ്റ്റേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ എസ്ഐയും ഇപ്പോള്‍ കാലടി സ്റ്റേഷനിലെ എസ്ഐയുമായ പ്രശാന്ത് പി. നായര്‍, ഗ്രേഡ് എസ്ഐമാരായ ബെര്ട്ടിന് ജോസ്, അക്ബര്‍ സാദത്ത് എന്നിവര്‍ക്ക് എതിരെയാണ് നടപടി എടുത്തത്.
പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ വേണ്ട തെളിവുകള്‍ ശേഖരിക്കാതിരുന്നത് ഗുരുതര വീഴ്ചയായി മാറിയിരുന്നു. കഴിഞ്ഞ നവംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛന് കുമളിയില്‍ വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു. ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങിയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ച ശേഷം തൂങ്ങിമരിച്ചു എന്നായിരുന്നു അമ്മയുടെ മൊഴി. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്തായിരുന്നു.
എന്നാല്‍ മുറിയില്‍ നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മഹ്സറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വീട്ടുകാര്‍ കേസില്‍ സഹകരിക്കാന്‍ തയ്യാറാകാതെ കൂടി വന്നതോടെ അന്വേഷണം വഴിമുട്ടി. ഇത്തരം പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. പിന്നാലെ ഡിവൈഎസ്പി അന്വേഷണം നടത്തി എറണാകുളം ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ക്ക് ഗുജറാത്തി ഭാഷമാത്രമാണ് അറിയാമായിരുന്നത്. ഇതോടെ ഇതറിയാവുന്ന ദ്വിഭാഷിയെ തെരഞ്ഞെങ്കിലും കിട്ടിയില്ല, ആദ്യഘട്ടത്തില്‍ ഇവരുടെ ബന്ധുക്കള്‍ തന്നെയാണ് ഭാഷ തര്‍ജിമ ചെയ്ത് നല്‍കിയത്. പിന്നീട് കുടുംബം നാട്ടിലേക്ക് മടങ്ങുകയും അടുത്തിടെ തിരിച്ച് വരികയും ചെയ്തു. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ജീവിത ശൈലിയായിരുന്ന കുടുംബത്തിന്. ഈ സാഹചര്യത്തില്‍ കുടുംബത്തിലെ തന്നെ ആളുകളാണോ പീഡനത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത് എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: