തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്തിനെ നിശ്ചയിച്ചു. ദല്‍ഹി സ്വദേശിയാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക് നാഥ് ബെഹ്റ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്്.
ദളിത് വിഭാഗത്തില്‍ നിന്നുള്ള സംസ്ഥാനത്തെ ആദ്യ പോലീസ് മേധാവിയാണ് അദ്ദേഹം. 1988 ബാച്ചിലുള്ള അദ്ദേഹം കേരളാകേഡറില്‍ എഎസ്പി ആയി വയനാടാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂദല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പി ആയും പ്രവര്‍ത്തിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള് ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാല്‍ സിങ്ങാണ് അച്ഛന്. അമ്മ ശകുന്തള ഹാരിറ്റ്. ഭാര്യ പ്രീത ഹാരിറ്റ്, മകന് റോഹന്‍ ഹാരിറ്റ്.
നീണ്ട 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബെഹ്റ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന വിട വാങ്ങല്‍ പരേഡില്‍ ഡിജിപി പരേഡ് സ്വീകരിച്ചതിന് ശേഷമാണ് ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുിനിന്നും പടിയിറങ്ങുന്നത്.
കേരള പോലീസ് ഒന്നാമതെന്നും കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും വികാരനിര്‍ഭരമായാണ് ബെഹ്റ പ്രസംഗിച്ചത്. മുണ്ടുടുത്ത് തനി മലയാളിയായാണ് അദ്ദേഹം ചടങ്ങിന് എത്തിയത്. കസന്വേഷണം ഉള്‍പ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കാന്‍ കഴിഞ്ഞെന്ന സംതൃപ്തിയിലാണ് പടിയിറക്കമെന്ന് ലോക് നാഥ് ബെഹ്റ പറഞ്ഞു. താഴ്ചകളെ വിലയിരുത്തി മുന്നോട്ട് പോകുന്ന വ്യക്തിയാണ് താന്‍. കേരളം നല്കിയ സ്നേഹത്തിന് നന്ദി പറഞ്ഞതിനൊപ്പം താന്‍ മലയാളിയാണെന്നും അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാല് തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയെന്ന നേട്ടത്തോടെയാണ് ലോക് നാഥ് ബെഹ്റ വിരമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: