ചേര്‍ത്തല: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മുഹമ്മ സിഐ ക്രൂരമായി മര്‍ദ്ദിച്ചു. ബിജെപി ഇന്ന് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡ് തോട്ടുങ്കല്‍ അനില്‍കുമാര്‍(42) ആണ് പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. മുഹമ്മ സിഐ മര്‍ദ്ദിച്ചുവെന്ന് കാട്ടി സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനില്‍ പരാതി നല്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴി തടഞ്ഞ അയല്‍വാസിക്കെതിരെ അനില്‍ കോടതിയെ സമീപിക്കുകയും ഇന്ജന്ക്ഷന് ഓര്‍ഡര്‍ വാങ്ങുകയും ചെയ്തിരുന്നു. ഉത്തരവ് നിലനില്‍ക്കെ അയല്‍വാസി വഴിയില്‍ വേലികെട്ടിയതിനെതിരെ അനില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖബാധിതയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ അയല്‍വാസിയും സംഘവും ഓട്ടോറിക്ഷ തടയുകയും അമ്മയെ വാഹനത്തില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. പരാതിയുമായി അനില്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നല്കിയ പരാതിയെ തുടര്‍ന്ന് എഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം മൊഴി നല്കാന് സഹോദരനൊപ്പം മുഹമ്മ സ്റ്റേഷനിലെത്തിയതായിരുന്നു അനില്‍. മൊഴിയെടുക്കാതെ പ്രതികളുടെ ഭാഗം ന്യായീകരിക്കാനാണ് സിഐ ശ്രമിച്ചതെന്നും പ്രതികരിച്ചപ്പോള്‍ ഇറങ്ങി പോകാന്‍ ആക്രോശിക്കുകയും പുറത്തേക്കിറങ്ങിയ തന്നെ പിന്തുടര്ന്നെത്തി കോളറില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അനില്‍ പറഞ്ഞു.
എസ്പി നിര്‍ദ്ദേശിച്ചാലും കേസെടുക്കേണ്ടത് താനാണെന്നായിരുന്നു സിഐയുടെ ആക്രോശം. നടുവിന് പരിക്കേറ്റ അനില്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അനില്‍കുമാറിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ മുഹമ്മ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10.30ന് നടക്കുന്ന മാര്‍ച്ച് ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: