മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും യു ടൂബ് വ്ളോഗര്‍ സുജിത്ത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്ക് പ്രവേശന അനുമതിയുണ്ടായിരുന്നെങ്കിലും വീഡിയോ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ അനുമതി തേടിയിരുന്നില്ല.
തിങ്കളാഴ്ച വൈകിട്ട് എത്തിയ 38.28 മിനിറ്റുള്ള വീഡിയോ ഇതുവരെ കണ്ടത് 2.5 ലക്ഷത്തോളം പേരാണ്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. സഹായമെന്ന പേരില്‍ ഉല്ലാസ യാത്ര നടത്തി ഇതിന്റെ പേരില്‍ വരുമാനം ഉണ്ടാക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി ഉയരുന്നത്.
സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. അവിടുത്തെ ആളുകള്‍ ദാരിദ്രത്തിലാണെന്ന് വരുത്തി തീര്‍ത്ത് യു ടൂബര് വരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇടമലക്കുടി ട്രൈബല്‍ സ്കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടിവിയും അനുബന്ധ ഉപകരണങ്ങളും നല്കുവാനും സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുവാനുമാണ് സംഘം പോയത്. ഇതിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതിന്റെ പേരിലാണ് സുജിത്ത് ഇങ്ങോട്ടെക്കെത്തിയത്.
എംപി ഉള്‍പ്പെടെ പത്ത് പേര് പ്രവേശിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ട് പഞ്ചായത്തുകളിലൊന്നാണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റൈനിലുള്ള ഇവിടേക്ക് അത്യാവശ്യ സര്‍വീസ് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. ഇവിടുത്തക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തെത്തുന്നത്.
ഇവിടെ എത്തിയ സംഘം ഇങ്ങോട്ടുള്ള വഴി, സ്കൂള്‍, കുട്ടികള്‍, ഭക്ഷണം, പരിസരമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. വ്ളോഗര്‍ കുട്ടികള്‍ക്ക് ബിസ്കറ്റ് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. മുമ്പും അനുമതിയില്ലാത്ത വനഭൂമിയില്‍ ചിത്രീകരണം നടത്തിയതിന് സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാദങ്ങളുടെ തോഴനായ യുട്യൂബര്‍ കൂടിയാണ് സുജിത്ത്. പ്രശസ്തി തേടി മാത്രമാണ് ഇത്തരമൊരു സഹായ വീഡിയോ ചെയ്യാനെത്തിയതെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണം.
ഉത്തരവാദിത്വം തനിക്കെന്ന് എംപി
തൊടുപുഴ: ഇടമലക്കുടിയില്‍ യൂട്യൂബറെ അനധികൃതമായി പ്രവേശിപ്പിച്ചെന്ന വിവാദത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും, തെറ്റിദ്ധാരണ മൂലമാണ് വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയില്‍ വിദ്യാഭ്യാസ സഹായം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തന് എത്തിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട് ക്ലാസ് വെറും പ്രഹസനം
സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായാണ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതെന്ന് പറയുമ്പോഴും ഇവിടെ ഇന്റര്‍നെറ്റ് എന്നത് സ്വപ്നങ്ങളില്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. ആകെയുള്ള സാറ്റ്ലൈറ്റ് 2ജി ടവര്‍ കാട്ടാനക്കുത്തി നശിപ്പിച്ചു. 24 കുടികളില്‍ 23 ഇടത്തും വൈദ്യുതിയില്ല. ടിവിയും കമ്പ്യൂട്ടറും ലഭിച്ചാലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെ എങ്ങനെ സ്മാര്‍ട്ട് ക്ലാസ് തുടങ്ങാനാകും. നിലവില്‍ ടിവി മാത്രമാണ് ഇവിടെ പഠനത്തിന് ആശ്രയം. അതേ സമയം മറ്റിടങ്ങളിലെല്ലാം ജിയോ ടവര്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചെങ്കിലും ഇടമലക്കുടിയില്‍ ഇതിനും നടപടി എത്തിയിട്ടില്ല. എന്നാല്‍ ഇവിടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെന്നാണ് എംപി ജന്മഭൂമിയോട് പറഞ്ഞത്. ഇക്കാര്യം തെറ്റാണെന്ന് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: