കൊച്ചി : കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മുന്‍ മേഖലാ ഭാരവാഹി സി. സജേഷിനെ ഇന്ന് കസ്റ്റംസ് സംഘം ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ പിടിയിലായിട്ടുള്ള അര്ജുന് ആയങ്കിയുടെ ബിനാമിയാണെന്നാണ് സജേഷെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയുടേയും, ഇടനിലക്കാരന് മുഹമ്മദ് ഷഫീക്കിന്റെയും ഒപ്പമിരുത്തിയാണ് സജേഷിനെ ചോദ്യം ചെയ്യുക.
സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകനാണ് സജേഷ്. കടത്തിയ സ്വര്‍ണം ഇയാള്‍ കൈകാര്യം ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അര്ജുന് ഉപയോഗിച്ചിരുന്ന കാര്‍ രജിസ്റ്റര്‍ ചെയ്തത് സജേഷിന്റെ പേരിലാണ്.
ഒരുകോടിയുടെ സ്വര്‍ണം ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കടത്തിക്കൊണ്ടുവന്ന കേസിലാണ് അര്‍ജുനെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഷെഫീക്ക് അറസ്റ്റിലായ ദിവസം ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അര്‍ജുന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്ന് ഷെഫീക്ക് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണകടത്തില്‍ സജേഷിന്റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. കള്ളകടത്തിനായി അര്ജുന് ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ അര്ജുന് ആയങ്കിയെയും മുഹമ്മദ് ഷെഫീക്കിനേയും കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വി്ട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: