ന്യൂദല്‍ഹി: സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡിയെ സന്ദര്‍ശിച്ച് സിഖ് പ്രതിനിധി സംഘം. കാശ്മീരിലെ നിര്‍ബന്ധിത മതപരിവര്‍ത്തനവും സിഖ് പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണം സംബന്ധിച്ച് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മാതൃകയില്‍ ജമ്മു കാശ്മീരില്‍ മതപരിവര്‍ത്തനത്തിന് എതിരായ നിയമം വേണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ എന്തു നടപടിയാണ് എടുക്കേണ്ടത് എന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിക്കുമെന്ന് കിഷന് റെഡ്ഡി വ്യക്തമാക്കി.
‘കാശ്മീരിലെ സിഖ് പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും തെറ്റാണ്. വിഷയത്തില്‍ ആവശ്യമായ നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച ചെയ്യും’- കിഷന് റെഡ്ഡി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഖ് പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ഉത്തർപ്രദേശിന്റെ മാതൃകയിൽ സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിന് എതിരായ നിയമം കൊണ്ടുവരണമെന്ന് സംഘം മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് ആര് പി സിംഗ് പറഞ്ഞു. അമിത് ഷായുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് കിഷന് റെഡ്ഡി ഉറപ്പു നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) ഭാരവാഹികള്‍ ഞയറാഴ്ച കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെ സന്ദര്‍ശിച്ച് കുടുംബത്തിലേക്കുള്ള സിഖ് പെണ്‍കുട്ടിയുടെ സുരക്ഷിത മടക്കം ആവശ്യപ്പെട്ടിരുന്നു. ശ്രീനഗറിലുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു നല്‍കിയെന്നാണ് ഇവരുടെ പരാതി. വിഷയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ മൗനം പാലിക്കുന്നതിനെയും ഡിഎസ്ജിഎംസി പ്രസിഡന്റ് മഞ്ജിന്ദര്‍ സിംഗ് സിര്‍സ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: