തിരുവനന്തപുരം: തുടര്‍ഭരണത്തിലൂടെ പിണറായി സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചെന്ന സിപിഎമ്മിന്റേയും പിണറായി വിജയന്റേയും അവകാശവാദത്തെ ചോദ്യംചെയ്ത് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്. വെഞ്ഞാറമ്മൂട്ടില്‍ സി പി എം വിട്ട് സി പി ഐയില്‍ എത്തിയ പ്രവര്‍ത്തകരെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും പറയും കേരളത്തിലെ ആദ്യ തുടര്‍ഭരണമാണ് ഇതെന്ന്. എന്നാല്‍ അതു ശരിയല്ല. കേരളത്തിലെ ആദ്യത്തെ തുടര്‍ഭരണം അല്ല ഇത്. ഇപ്പോഴത്തെ തുടര്‍ഭരണത്തില്‍ നമ്മള് അഭിമാനിക്കുന്നു. എന്നാല്‍, കേരളത്തില്‍ തുടര്‍ ഭരണം സാധ്യമാക്കിയത് സി അച്യുതമേനോന് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. സംസ്ഥാനത്ത് തുടര്‍ ഭരണം ഇത് ആദ്യമല്ല. സി അച്യുതമേനോനും സി പി ഐയ്ക്കുമാണ് ആ ബഹുമതി അവകാശപ്പെടാന്‍ കഴിയുക.
തുടര്‍ഭരണം പിണറായി വിജയന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിനെയും ഉണ്ണിക്കൃഷ്ണന് പരോക്ഷമായി വിമര്‍ശിച്ചു. കേരളത്തില്‍ തുടര്‍ഭരണം സാധ്യമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ മേന്മ കൊണ്ടാണ്. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ മേന്മ കൊണ്ടല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മികവും മേന്മയും കൊണ്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1967ല്‍ രൂപീകരിക്കപ്പെട്ട സപ്തകക്ഷി മുന്നണി മന്ത്രിസഭ 1969ല്‍ നിലംപൊത്തിയപ്പോള്‍ അച്യുതമേനോന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970ല്‍ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ വീണ്ടും മന്ത്രിസഭ അധികാരത്തില്‍ വന്നു. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യത്തെ തുടര്‍ഭരണം അതാണ്. അവിടം കൊണ്ടും തീര്‍ന്നില്ല.
1977ല്‍ രാജ്യത്താകെ കോണ്‍ഗ്രസിനൊപ്പം നിന്ന മുന്നണികള്‍ നിലംപരിശായപ്പോള്‍ കേരളത്തില്‍ വീണ്ടും അച്യുതമേനോന് നയിച്ച മുന്നണി അധികാരത്തില്‍ വന്നു. അന്ന് അച്യുതമേനോന് മത്സരിച്ചില്ലെങ്കിലും നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. 1969 മുതല്‍ 1980 വരെ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യത്തെ തുടര്‍ഭരണം ഇതല്ല. സി പി ഐ ആണ് കേരളത്തില്‍ തുടര്‍ഭരണം കാഴ്ചവച്ച പാര്‍ട്ടിയെന്നും ഉണ്ണികൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: