ആലപ്പുഴ: നഗരത്തിലെ വിവിധ വാര്‍ഡുകളിലായി നിരവധിപ്പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവുമായി 40ലേറെ പേര് ചികിത്സ തേടി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലുമാണ് പലരും ചികിത്സ തേടിയിട്ടുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചിലയിടങ്ങളില്‍ നിന്നും സമാനലക്ഷണങ്ങളോടെ കുട്ടികള്‍ ചികിത്സ തേടിയിരുന്നു.
നഗരത്തിലെ സക്കറിയാ ബസാര്‍, കാഞ്ഞിരംചിറ, വട്ടപ്പള്ളി, ലജ്ജ്നത്ത്, സീവ്യൂ തുടങ്ങിയ വാര്‍ഡുകളില്‍ നിന്നാണ് കൂടുതല്‍പ്പേരും ചികിത്സയ്ക്കെത്തിയത്. ആര്യാട് ഭാഗത്ത് നിന്നും ചികിത്സയ്ക്കെത്തിയവരും ഉണ്ട്. ബിരിയാണി ഭക്ഷിച്ചവരാണ് രോഗബാധിതരായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ വിലയിരുത്തിയിട്ടുള്ളത്. ബിരിയാണി ചലഞ്ച് പല സ്ഥലങ്ങളിലും നടന്നിരുന്നു. ആഘോഷങ്ങളും മറ്റ് അടിയന്തിരങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ പലര്‍ക്കും രോഗം വന്നത് ഇത്തരത്തിലാണെന്ന് സംശയിക്കുന്നതായി ആരോഗ്യവിഭാഗം പറയുന്നു. മുട്ട, ചിക്കന്‍ എന്നിവ കഴിച്ചവര്‍ക്കും രോഗം ഉണ്ടായിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ശുദ്ധജലം പരിശോധിക്കാന്‍ നഗരസഭ നിര്‍ദേശം നല്കിയി. വെള്ളത്തിന്റെ ഗുണനിലവാരം, ചിക്കന്‍ സ്റ്റാളുകള്‍, പാചകശാലകള്‍ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കാനായി ജല അതോറിറ്റിയുമായും ഭക്ഷ്യ സുരക്ഷവകുപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂവെന്നും ഭക്ഷണശുചിത്വം പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: