സ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയിരിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രമാണെന്നും, ആക്രമണത്തിന് തക്കം പാര്‍ത്ത് കഴിയുന്ന നിരവധി സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നുമാണ് ബെഹ്റ പറഞ്ഞിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വേണ്ടത് അഭ്യസ്ത വിദ്യരെയാണെന്നും, ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയുമൊക്കെ അവര്‍ കൊണ്ടുപോവുന്നുണ്ടെന്നും ബെഹ്റ സമ്മതിക്കുന്നു. സംസ്ഥാനത്തെ പോലീസ് മേധാവിയായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചയാള്‍ക്ക് വിരമിക്കുന്നതിന് തൊട്ടു മുന്‍പ് മാത്രം ഇങ്ങനെയൊരു വെളിപാടുണ്ടായതില്‍ അസ്വഭാവികതയുണ്ട്. ബെഹ്റ പറയുന്ന കാര്യങ്ങളൊന്നും പത്രം വായിക്കുന്നവര്‍ക്ക് പുതുമയുള്ളതല്ല. കേരളം ഐഎസിന്റെ റിക്രൂട്ടിങ് കേന്ദ്രമായിട്ട് വളരെക്കാലമായി. ഇവിടെ നിന്നുപോയ നിരവധി പേര് ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഭാര്യമാരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ഐഎസ് മാത്രമല്ല, ലോകത്ത് ഏതൊക്കെ തരത്തിലുള്ള ഇസ്ലാമിക ഭീകര സംഘടനകളുണ്ടോ അവയില്‍ ഒട്ടുമുക്കാലും സംഘടനകളുടെ അനുയായികളെ കേരളത്തില്‍ കാണാം.
ബെഹ്റയ്ക്ക് ഇന്നോ ഇന്നലെയോ കിട്ടിയ വിവരമായിരിക്കില്ല ഇതെന്ന് വ്യക്തമാണല്ലോ. ഡിജിപിയാവുന്നതിന് മുന്‍പും വര്‍ഷങ്ങളോളം ഈ പോലീസ് ഉദ്യോഗസ്ഥന് കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ സമ്മതിക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്പോഴൊക്കെ മൗനം പാലിക്കുകയും, ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തയാളാണ് ബെഹ്റ. ഇതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരു കൂസലുമില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ താളത്തിന് തുള്ളുകയായിരുന്നു ചെയ്തത്. ഇസ്ലാമിക തീവ്രവാദികളെ പിന്തുണച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സിപിഎമ്മാണ് അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാനം ഭരിക്കുന്നത് എന്ന ഒറ്റക്കാരണത്താലാണ് ഇപ്പോള്‍ ഗുരുതരമെന്നു സമ്മതിക്കുന്ന സ്ഥിതിവിശേഷത്തിനു നേര്‍ക്ക് ഇത്രകാലവും ബെഹ്റ സൗകര്യപൂര്‍വം കണ്ണടച്ചത്. സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായിരുന്നപ്പോഴും അതിനു മുന്‍പും തീവ്രവാദികള്‍ക്കെതിരെ താന്‍ ശക്തമായ നിലപാടെടുത്ത ഒരു സംഭവം പോലും ബെഹ്റയ്ക്ക് ചൂണ്ടിക്കാട്ടാനാവില്ല. ബെഹ്റയുടെ ഭരണകാലം തീവ്രവാദികള്‍ ഫലപ്രദമായി ഉപയോഗിച്ചു. ചില തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി രണ്ട് മാസം മുന്‍പ് തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിട്ടും സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഒരു എസ്ഐയെ വെടിവച്ചു കൊല്ലുന്നതു വരെ ഒന്നും ചെയ്യാതിരുന്ന പോലീസാണ് ബെഹ്റയുടേത്. ഇതൊക്കെ ജനങ്ങള്‍ മറന്നു കാണുമെന്നു വിചാരിച്ചാവും പുതിയ കാപട്യ പ്രകടനം.
ബെഹ്റ പറയുന്നതിനുമപ്പുറത്ത് സ്ഫോടനാത്മകമാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷം. സ്ലീപ്പിങ് സെല്ലുകളായി കഴിയുകയല്ല, ഇസ്ലാമിക തീവ്രവാദികള്‍ പരസ്യമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയിലെ വനമേഖലകളില്‍ തീവ്രവാദികള്‍ പരിശീലനം നടത്തിയതിന്റെയും, തൃശൂരില്‍ ഒരു കരിങ്കല്‍ ക്വാറിയില്‍ നടന്ന വന്‍ സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദികളാണെന്നതിന്റെയുമൊക്കെ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പോലീസിന്റെ ഭാഗത്തുനിന്ന് യഥാസമയം നടപടികളുണ്ടായെങ്കില്‍ സ്ഥിതിവിശേഷം ഇത്രമാത്രം ആപത്കരമാവുമായിരുന്നില്ല. അധികാരമില്ലാതാകാന്‍ പോകുന്നതോടെ ബെഹ്റ കാണിക്കുന്ന ഈ ആത്മാര്‍ത്ഥതയ്ക്കു പിന്നില്‍ വേറെന്തോ ലക്ഷ്യമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് വലിയ പ്രൊഫഷണല്‍ ആണെന്നും പറഞ്ഞു വയ്ക്കുന്നു. വിജയന്റെ പ്രൊഫഷണലിസ ത്തെ കുറിച്ച് ജനങ്ങള്‍ക്ക് നന്നായറിയാം. ഒന്നുകില്‍ ഇങ്ങനെയൊരു ഭരണാധികാരിയോട് പറ്റിച്ചേര്‍ന്ന് നില്ക്കാന് ബെഹ്റ ഇനിയും ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ കേരളത്തിനു പുറത്തെ മറ്റേതോ ലാവണം മുന്നില്‍ക്കണ്ട് താന്‍ ഒരു തീവ്രവാദ വിരുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. തീവ്രവാദികള്‍ക്കെതിരെ പോരാടണമെങ്കില്‍ ആദ്യം വേണ്ടത് രാജ്യസ്നേഹമാണ്, ബെഹ്റയ്ക്കും രാഷ്ട്രീയ യജമാനന്മാര്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: