സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഭയമേതുമില്ലാതെ തുറന്നുപറയാനുള്ള ഒരു വേദി എന്ന നിലയിലാണ് വനിതാ കമ്മീഷനില്‍ സ്ത്രീകള്‍ക്ക് വിശ്വാസമുണ്ടായിരുന്നത്. അധ്യക്ഷയും അംഗങ്ങളും വനിതകള്‍ ആണെന്നത് അതിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സാധിക്കും എന്ന വിശ്വാസവുമുണ്ടായിരുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറയുന്നതിന് മുന്‍പ് വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടാലോ എന്ന് പൊതുജനം ചിന്തിച്ചത് ഈ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലായിരുന്നു.
നമ്മുടെ നാട്ടില്‍ പല സ്ത്രീകളും ജീവിക്കുന്ന സാഹചര്യം പലപ്പോഴും നമ്മുടെ സങ്കല്പത്തിനുപോലും അപ്പുറത്താണ്. വളരെ പതിഞ്ഞ സ്വരത്തില്‍ എം സി ജോസഫൈന്‍ എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയെ വിളിച്ച സ്ത്രീ കേരളത്തിലെ അനേകം സ്ത്രീകളുടെ പ്രതീകമാണ്. ഭര്‍തൃവീട്ടില്‍ മാനസികമോ ശാരീരികമോ ആയ പീഡനം അനുഭവിക്കുന്ന സ്ത്രീ ചാനല്‍ പരിപാടി കണ്ടപ്പോള്‍ ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിലായിരിക്കും അതിലേക്ക് വിളിച്ചിട്ടുണ്ടാവുക. അതുമല്ലെങ്കില്‍ ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും കൈവിട്ടവള്‍ക്കു ലഭിച്ച അവസാന പിടിവള്ളിയായി തോന്നിയതിനാലാകാം. അങ്ങനെ വിളിക്കുമ്പോള്‍ അക്ഷമയോടെ പെരുമാറിയും രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞും പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെങ്കില്‍ അനുഭവിച്ചുകൊള്ളാനും പറയുന്ന വനിതാകമ്മീഷന്‍ അധ്യക്ഷ എന്ത് സന്ദേശമാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയത്?
പോലീസ് സ്റ്റേഷനില്‍ ഒറ്റക്ക് പോയി പരാതിപ്പെടാന്‍ ധൈര്യമുള്ള എത്ര സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്? അവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാനോ അതുമല്ലെങ്കില്‍ സ്വന്തമായി ഒരു ഫോണ്‍ ഉപയോഗിക്കാനോപോലുമുള്ള ഭൗതിക സാഹചര്യംപോലും ഉണ്ടായിക്കൊള്ളണമെന്നില്ല. ജോസഫൈനെ വിളിച്ച സ്ത്രീ ആ ഫോണും അവസരവും നേടിയത് പോലും ഒരുപക്ഷേ പല ഭീഷണികളും പ്രതിബന്ധങ്ങളും മറികടന്നിട്ടായിരിക്കാം. ആവലാതികളും പരാതികളും അറിയിക്കാനായി മുട്ടാന്‍ ഒരു വാതിലില്ലാത്ത ആയിരക്കണക്കിന് സഹോദരിമാര്‍ നമുക്കിടയിലുണ്ട്. അത്തരക്കാര്‍ക്ക് ഒരു ആശ്രയസ്ഥാനമാണ് വനിതാ കമ്മീഷന്‍. അധ്യക്ഷയുമായി സംസാരിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് പോംവഴിയാകുമെന്നും കരുതിയാണ് സ്ത്രീകള്‍ വനിതാ കമ്മീഷനെ സമീപിക്കുന്നത്. അവരുടെ ഭൗതിക സാഹചര്യമെന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമമോ അവരെ ആശ്വസിപ്പിക്കുന്ന വാക്കുകളോ കമ്മീഷന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. അതുതന്നെയാണ് ആ സ്ഥാനത്തിന് ജോസഫൈനെ അര്‍ഹയല്ലാതാക്കിയത്.
അന്യായങ്ങളേയും അതിക്രമങ്ങളെയും പറ്റി പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഇല്ലാത്തവര്‍ക്കായാണ് സര്‍ക്കാര്‍ പലവിധ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തുന്നത്. ആ സംവിധാനം ഉള്ളതുകൊണ്ട് മാത്രം പുറത്തുവന്നിട്ടുള്ള അനേകം ദാരുണ സംഭവങ്ങളുമുണ്ട്.
സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ചുകൂട്ടിയിട്ടുള്ള ആഭാസങ്ങള്‍ ചെറുതല്ല. സ്ത്രീ സുരക്ഷക്ക് വേണ്ടി വകയിരുത്തിയ 50 കോടി രൂപ ചെലവഴിച്ചു കെട്ടിപ്പൊക്കിയ വനിതാ മതിലും ആര്‍ത്തവത്തെ തെരുവിലേക്ക് വലിച്ചിഴച്ച ‘ആര്‍പ്പൊ ആര്‍ത്തവവും’ അതില്‍ ചിലതു മാത്രം. അതുകൊണ്ടൊന്നും ഇവിടെ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ അതിക്രമങ്ങള്‍ക്ക് ശമനമുണ്ടായില്ല എന്നാണ് സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷര കേരളത്തില്‍ പൊലിഞ്ഞ ജീവനുകള്‍ ഈ സമൂഹത്തോട് വിളിച്ചുപറയുന്നത്. അവരുടെ സൗന്ദര്യമോ സമ്പന്നതയോ യോഗ്യതയോ ഒന്നും അവരുടെ രക്ഷക്കെത്തിയില്ല.സാക്ഷരതയും സമ്പന്നതയും മലയാളിയുടെ മനസ്സിനെ സാംസ്‌കാരികമായ ഔന്ന്യത്തത്തില്‍ എത്തിച്ചിട്ടില്ലെന്നു ഓരോ സംഭവവും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. മകന്‍ കല്യാണം കഴിക്കുന്ന പെണ്ണിന്റെ വീട്ടില്‍ നിന്ന് കിട്ടുന്ന സമ്പത്തില്‍ അഭിരമിച്ചു ജീവിക്കുന്നതില്‍ ജാള്യത വേണമെന്നു ഈ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കാലത്തേ സാംസ്‌കാരികമായി മുന്നേറി എന്ന് നമുക്ക് അവകാശപ്പെടാനാവു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുപോലെ കുറ്റകരമാണ്. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ നമ്മുടെ നാട്ടില്‍ ഉള്ളു. പുതിയ നിയമങ്ങള്‍ക്കായി മുറവിളികൂട്ടുന്നതിലും നല്ലതു ഉള്ളത് വേണ്ടവിധം അനുസരിക്കുകയും നടപ്പില്‍ വരുത്തുകയുമാണ്. ജനങ്ങളെ നിയമബോധമുള്ളവരാക്കാനും സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള വനിതാ കമ്മീഷന്റെ അധികാരം ഇവിടെയാണ് വിനിയോഗിക്കേണ്ടത്.
മേല്പറഞ്ഞ കാര്യങ്ങളിലൊന്നുംതന്നെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ വനിതാ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. വിവാഹദിവസം പെണ്‍കുട്ടി അണിയുന്ന ആഭരങ്ങളിലല്ല മറിച്ചു അവളിലെ നന്മകളെ വേണം മരുമകളാകാനുള്ള യോഗ്യതയായി കാണേണ്ടത്. അതുപോലെതന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും പദവിയും സര്‍ക്കാര്‍ ഉദ്യോഗവും സമ്പന്നതയുമാണ് മകളുടെ ഭര്‍ത്താവാകാനുള്ള യോഗ്യത എന്ന് പെണ്‍കുട്ടികളുടെ അച്ഛനമ്മമാരും ധരിച്ചു വെക്കരുത്. പരസ്പരം കൂട്ടായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള മനസ്സുകളുടെ ചേര്‍ച്ചയും വിശ്വാസവുമായിരിക്കണം വിവാഹങ്ങളുടെ മാനദണ്ഡം. ഒട്ടും മൂല്യച്യുതിയില്ലാതെ നമ്മുടെ നാടിന്റെ സംസ്‌കാരവും കുടുംബങ്ങളുടെ ഐക്യവും നിലനിര്‍ത്താന്‍ അത് നമ്മെ സഹായിക്കും. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷനും കുടുംബവുമായുള്ള വിവാഹാബന്ധം തനിക്കു വേണ്ടെന്നു ഉറക്കെ പറയാന്‍ പെണ്‍കുട്ടികളും തയ്യാറാകണം. വിവാഹം ജീവിതത്തിലെ ഏക പ്രതീക്ഷയല്ലെന്നും അത് സ്വാഭാവികമായ ഒരു സാമുഹ്യക്രമം മാത്രമാണെന്നും മനസ്സിലാക്കിയാല്‍ അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ നമുക്ക് സാധിക്കും. എന്നാല്‍ ഭര്‍ത്തൃഗൃഹത്തിലെ പീഡനങ്ങളെത്തുടര്‍ന്നു മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം എം സി ജോസഫൈന്‍ പറഞ്ഞത് സ്ത്രീധനം കൊടുക്കുകയാണെങ്കില്‍ അത് പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കണം എന്നാണ്. സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ ഇത്തരം ഒരു പ്രസ്താവന നടത്തുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ അവരുടെ നിയമബോധവും പൗരബോധവും എത്രത്തോളമുണ്ടെന്നു വെളിവാക്കുകയാണ്.
സംസ്ഥാനത്ത് സിപിഎമ്മിനു സമാന്തര പോലീസും കോടതി സംവിധാനങ്ങളും ഉണ്ടെന്നു പറഞ്ഞു രാജ്യത്തെ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും ആ സ്ഥാനത്തു തുടരാന്‍ തനിക്കു യാതൊരു യോഗ്യതയുമില്ലെന്നു മറ്റു പലപ്പോഴായി തെളിയിച്ചിട്ടും ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷപദവിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഒന്നാം പിണറായി സര്‍ക്കാറിന് കഴിഞ്ഞില്ല. എന്ന് മാത്രമല്ല, ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍, ജോസഫൈനെ നിയമിക്കുന്ന സമയത്തു അയോഗ്യതയില്ലെന്നും ഹര്‍ജി നിലനില്‍ക്കണമെങ്കില്‍ നിയമന സമയത്തു അയോഗ്യത ഉണ്ടായിരിക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
വനിതാ കമ്മീഷന് മുമ്പാകെ വരുന്ന കേസുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളുടെയും ചുമതല വഹിക്കുന്നത് എസ്പി റാങ്കില്‍ ഉള്ള ഡയറക്ടര്‍ ആണ്. എല്ലാ അന്വേഷണങ്ങളും നടത്താന്‍ ഡയറക്ടറെ സഹായിക്കുവനായി ഒരു സിഐ ഉണ്ട്. ഒരു വുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍, 2 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 2 പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് അദ്ദേഹത്തെ ചുമതലകളില്‍ സഹായിക്കുന്നത്. ഇതു കൂടാതെ അധ്യക്ഷക്കു പുറമെ നാല് മെമ്പര്‍മാരും, ഒരു മെമ്പര്‍ സെക്രട്ടറിയും, കമ്മീഷന്റെ ഭരണനിര്‍വ്വഹണം നടത്തുന്നതിനായി മറ്റു പത്തോളം ഉദ്യോഗസ്ഥരും വേറെയുണ്ട്. ഇത്രയും വലിയ സംവിധാനം ഉണ്ടായിട്ടുപോലും വനിതാ കമ്മീഷന്‍ ഏട്ടിലെ പശു ആവുന്നത് അതിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണ്. ടി.എന്‍. ശേഷന്‍ ഇലക്ഷന്‍ കമ്മീഷന്റെ തലപ്പത്ത് വന്നപ്പോഴാണ് ആ പദവിയുടെ അന്തസ്സും അധികാരവും എന്താണെന്നു ജനം തിരിച്ചറിഞ്ഞത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള മനസ്സും അവരുടെ സങ്കടങ്ങളോട് അനുഭാവവുമുള്ള ഒരു വനിതയെയാകണം സര്‍ക്കാര്‍ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തു നിയമിക്കാന്‍. യോഗ്യതയുള്ള വനിതകളെ കമ്മീഷന്റെ അംഗങ്ങള്‍ ആക്കുന്നതിനു പകരം പാര്‍ട്ടി അംഗത്വം യോഗ്യതയാവുമ്പോള്‍ ഇത്തരം മൂല്യച്യുതികള്‍ സംഭവിക്കുന്നത് സ്വാഭാവികം മാത്രം.
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്ന സ്ഥലങ്ങള്‍ വളരെ വിരളമാണ്. വൈവിധ്യമേറെയുള്ള മതങ്ങളിലെ അതിലേറെ വൈവിധ്യമുള്ള ആചാരങ്ങളും ഒരു പരിധിവരെ ഈ സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളമാണ്. ആത്മഹത്യ എന്ന് എഴുതിതള്ളുന്നവയില്‍ പലതും അങ്ങനെ ആകണമെന്നുമില്ല. സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മ പലപ്പോഴും സ്വന്തം വീട്ടിലും ഭര്‍തൃഗൃഹത്തിലും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിശ്ചയിക്കുന്ന ഘടകമാകാറുണ്ട്. പട്ടണപ്രാന്തങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന സാമൂഹിക ബന്ധങ്ങളില്ലാത്തവരും സ്വാധീനമില്ലാത്തവരും ദരിദ്രരുമായ സ്ത്രീകള്‍ക്കു വീട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതാവുമ്പോള്‍ ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതെ വരുന്നു. അങ്ങനെ ആത്മഹത്യയുടെ വക്കോളമെത്തി നില്‍ക്കുന്നവര്‍ അവസാന ആശ്രയമായിക്കണ്ട് വിളിക്കുമ്പോള്‍ സഹാനുഭൂതിയോടെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വനിത കമ്മീഷന് അറിയില്ലെങ്കില്‍ വനിതാ കമ്മിഷന്റെ ഉദ്ദേശം തന്നെ നിരര്‍ത്ഥകമാകും.
വനിതാ കമ്മീഷന് മുന്‍പില്‍ എത്തുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിലും തങ്ങളുടെ മുന്‍പില്‍ സങ്കടങ്ങള്‍ ബോധിപ്പിക്കാന്‍ വരുന്നവരെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാനെങ്കിലും അധ്യക്ഷക്കും അംഗങ്ങള്‍ക്കും സാധിക്കണം. അതിനുള്ള പ്രധാന യോഗ്യത സംസ്‌കാരവും മാന്യതയുമാണ്. എം.സി. ജോസഫൈന്റെ രാജി ഒരു അനിവാര്യതയായിരുന്നു. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ എങ്ങനെ ആയിരിക്കരുത് എന്നതിന് അവര്‍ ഉത്തമ ഉദാഹരണമാണ്. പുതിയ വനിതാകമ്മീഷന്‍ അധ്യക്ഷയെ തീരുമാനിക്കുമ്പോള്‍ സര്‍ക്കാര്‍ അക്കാര്യം ശ്രദ്ധിക്കുമെന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: