തിരുവല്ല: തിരുവനന്തപുരത്ത് നിന്ന് അങ്കമാലി വരെയുള്ള എംസി റോഡ് ദേശീയപാത നിലവാരത്തിലാക്കാന്‍ 6794 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്കി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡ് വീതികൂട്ടി നാലുവരി പാതയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം വഹിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണ് ഈ തുക മാറ്റിവയ്ക്കുന്നത്. കിഫ്ബിയില്‍ നിന്നായിരിക്കും സംസ്ഥാന വിഹിതം അനുവദിക്കുന്നത്.
എംസി റോഡ് ദേശീയപാതയാക്കി വികസിപ്പിക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ലോകബാങ്കില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ കെഎസ്ടിപിയാണ് നവീകരണ പ്രവൃത്തികള്‍ ചെയ്തത്. എന്നാല്‍ ഈ നവീകരണം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.എംസി റോഡിന്റെ പല മേഖലകളും ഇപ്പോഴും ബ്ലാക്ക് സ്പോട്ടിന്റെ ഗണത്തിലാണ്.
അടൂര്‍ ഏനാത്തിനും മഹര്ഷിക്കാവിനും ഇടയില്‍ വടക്കടത്ത് കാവ്,മാന്തുക, മുളക്കുഴ,ആഞ്ഞിലിമൂട്,ചങ്ങനാശ്ശേരി തുരുത്തി, കോടിമത, പട്ടിത്താനം എന്നിവടങ്ങളില്‍ ഇപ്പോഴും അപകടഭീഷണിയിലാണ്. കുറവിലങ്ങാട് മുതല്‍ മൂവാറ്റപുഴ വരെയുള്ള ഭാഗത്ത് വളവുകള്‍ പൂര്‍ണ്ണമായും നിവര്‍ത്തിയിട്ടില്ല. കൂടതെ പ്രധാന സ്ഥലങ്ങളില്‍ ആവശ്യത്തിന് സിഗ്നല്‍ സംവിധാനങ്ങളുമില്ല. ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രത്യേകിച്ച് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍.
ചെങ്ങന്നൂര്‍,തിരുവല്ല, പന്തളം എന്നിവടങ്ങളിലും ഗതാഗതകുരുക്കിന് കുറവില്ല.കെഎസ്ടിപിയുടെ നവീകണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.ഒരു ഘട്ടത്തില്‍ ലോക് ബാങ്ക് സഹായം നഷ്ടപ്പെടുമെന്ന അവസ്ഥ വരെയുണ്ടായി.പിന്നീട് സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഹായം തുടരാന്‍ തീരുമാനിച്ചത്.
ശബരിമല തീര്‍ത്ഥാടകര്‍ കടന്ന് പോകുന്ന പ്രധാന പാതയെന്ന നിലയില്‍ എംസി റോഡിന് സവിശേഷ പ്രാധാന്യമുണ്ട്. തിരുവിതാംകൂര്‍ രാജഭറണകാലത്ത് നിര്‍മിച്ച ഈ റോഡ് സ്റ്റേറ്റ് ഹൈവേ ഒന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തെയും തെക്കന്‍ കേരളത്തെയും തമ്മില്‍ ബന്ധപ്പിക്കുന്ന റോഡ് ദേശീയപാത നിലവാരത്തില്‍ എത്തുന്നതോടെ ഗതാഗതമേഖലയില്‍ വന്‍നേട്ടമാകും.കൂടുതല്‍ ഭൂമി ഏറ്റെടുക്കാതെ റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂമി ഉപയോഗിച്ച് തന്നെ പാത വികസിപ്പിക്കാന്‍ കഴിയുമെന്നാണ് മരാമത്ത് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: