മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്ന് നാല് കോടി രൂപ കൈപ്പറ്റിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു.
അദ്ദേഹം വിവിധ ഡമ്മി കമ്പനികളുടെ പേരില്‍ സംഭാവനയായാണ് പണം കൈപ്പറ്റിയതെന്നും അത് വിവിധ കുടുംബ ട്രസ്റ്റുകളിലേക്ക് മാറ്റിയെന്നും ഇഡി അറിയിച്ചു. നാഗ്പൂരിലെ ദേശ്മുഖിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസായ് ശിക്ഷന്‍ സന്‍സ്തയെന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് 4.18 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്.
ദല്‍ഹി മേല്‍വിലാസത്തിലുള്ള കടലാസ് കമ്പനികളില്‍ നിന്നാണ് അനില്‍ ദേശ്മുഖ് പണം കൈപ്പറ്റിയിരിക്കുന്നത്. ദേശ്മുഖ് കുടുംബത്തിന്റെ പേരില്‍ ഇതുപോലെ നിരവധി കടലാസ് കമ്പനികളുള്ളതായി ഇഡി കണ്ടെത്തി.
നേരത്തെ ഇഡി ദേശ്മുഖിന്റെ പഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പഴ്സനല്‍ അസിസ്റ്റന്റ് കുന്തന്‍ ഷിന്‍ഡെ എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ വഴിയാണ് ദേശ്മുഖ് കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നും തെളിഞ്ഞു. ഇവരുടെ പക്കല്‍ നിന്നും ഇഡിയ്ക്ക് നിര്‍ണ്ണായക തെളിവുകള്‍ കിട്ടി. ഇവരുടെ വിചാരണയ്ക്കിടയിലാണ് ഇഡി രേഖകള്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: