ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരനില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ച സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ആര്. ചന്ദ്രന്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.ഇതിനായി രാവിലെ 11ന് മാവേലിക്കര പോലീസ് സ്റ്റേഷനില്‍ എത്തുന്ന ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി ബിജി ജോര്‍ജ്ജിനു മുമ്പാകെ ഹാജരാകാന്‍ സിപിഒ അഭിലാഷ് ആര് ചന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റ ഡോക്ടറുടേയും ആശുപത്രി ജീവനക്കാരുടേയും മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലുമാണ് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തുടര്‍ന്ന് മാവേലിക്കര സ്റ്റേഷനിലെത്തിയ അഭിലാഷിനെ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനു മുമ്പായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര് ജോസ്, മാവേലിക്കര ഇന്‍സ്പെക്ടര്‍ ജി. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ അഭിലാഷിനെ ചോദ്യം ചെയ്തിരുന്നു. അമ്മ മരിച്ചതിന്റെ മനോവിഷമത്തിലാണ് ഡോക്ടറെ കൈയേറ്റം ചെയ്തതെന്ന് അഭിലാഷ് മൊഴി നല്കി.
കോവിഡ് ബാധിച്ച് അഭിലാഷിന്റെ അമ്മ മെയ് 14നാണ് മരിച്ചത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര പോലീസ് അഭിലാഷിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അഭിലാഷിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: