കൊച്ചി: വൈറ്റില മേല്‍പ്പാലം പലാരിവട്ടം മേല്‍പ്പാലം പോലെ മറ്റൊരു പഞ്ചവടിപ്പാലം ആകുമോയെന്ന് ജനങ്ങളുടെ ആശങ്കക്ക് അടിവരയിടുന്നതാണ് ഇന്ന് നടന്ന അവലോകന യോഗം. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജങ്ഷനിലെ കുരുക്ക് അഴിച്ചിട്ടും അഴിച്ചിട്ടും ഊരാക്കുടുക്ക് ആകുന്നു. ഏറെ തിരക്കേറിയ വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കോടികള്‍ ചെലവഴിച്ച് ആറുവരി പാത നിര്‍മിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ വാഹനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ വൈറ്റില വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു ചേര്‍ന്ന അടിയന്തര യോഗത്തില്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നിലവിലെ പ്ലാന്‍ പ്രകാരം മേല്‍പ്പാലം നിര്‍മിക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന് 2018ല്‍ തന്നെ പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരല്ല മേല്‍പാലം നിര്‍മിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വൈറ്റില മേല്‍പാല നിര്‍മാണം അശാസ്ത്രീയമാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉപകരിക്കില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് ഇക്കാര്യംവ്യക്തമാക്കിയത്. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിക്കാന്‍ മാത്രമേ മേല്‍പ്പാലം ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പറയാന്‍ ശ്രീധരന് ആരാണെന്നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ചോദിച്ചത്.
സംസ്ഥാന സര്‍ക്കാരല്ല, ദേശീയ പാത അതോറിറ്റിയാണ് മേല്‍പാലം നിര്‍മിക്കേണ്ടിയിരുന്നതെന്നും ശ്രീധരന് പറഞ്ഞിരുന്നു. അന്ന് ശ്രീധരന് നല്കിയ പദ്ധതി നിര്‍ദേശം പരിഗണിച്ചില്ല. ഭാവിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താവുന്ന വിധത്തിലായിരുന്നു അദ്ദേഹം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത് .എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഗൗനിച്ചില്ല. ഇപ്പോള്‍20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കി ശാശ്വത പരിഹാരം കാണുന്നതിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
വൈറ്റില ജങ്ഷന് വികസനം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ മേല്‍പ്പാലം ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. എന്‍എച്ച്, എന്‍എച്ച്എഐ, ട്രാഫിക്ക് വിങ് എന്നിവര്‍ സംയുക്ത സ്ഥലപരിശോധന നടത്തി താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
അതോടൊപ്പം ശാശ്വത പരിഹാരത്തിനായി ട്രാഫിക്ക് പഠനം നടത്തി ശാസ്ത്രീയ ഡിസൈന്‍ പ്രകാരം ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുത്ത് വിപുലീകരിക്കാനും തീരുമാനിച്ചു. 2019 ല്‍ പൊതുമരാമത്ത് നാഷണല്‍ ഹൈവെ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: