”യാഗാഗ്നിയാല്‍ ചുറ്റപ്പെട്ട യാഗശാല” പോലെ ഒരു കവിതക്കൊട്ടാരം.
അവിടെ
”ഞാനത്രേയജമാന,നെന്റെ മിഴിയില്‍-
ത്രേതാഗ്നി ഋത്വിക്കിനെ-
ദ്ധ്യാനത്തില് പൊതിയുന്ന ശാലയുമിവന്-
താ, നെന്റെ കയ്യേസ്രുവം;
ഈ നട്ടെല്ലിത് യൂപ, മെന്റെയഹമാ-
കുന്നുഹവി, സ്സെന്മന-
സ്സാണല്ലോ പശു! സോമയാഗകുലയാ-
ണിന്നെന്‍ ദ്വിതീയാശ്രമം!” (സോമയാഗം)
എന്ന് കാവ്യയജ്ഞകല.
ആ അമരത്വത്തിന്റെ അഴകിനെ സ്വീകരിക്കാത്തവരില്ല മലയാളത്തില്‍.
അറിയുംതോറും ആകാശമായി നിറയുന്ന കാവ്യനീലിമ…
കവി ഗുരുവായൂരപ്പന്റെ കാല്പ്പൂവില് തൊട്ട വഴി…
പി.യും ജി.യും പരിവര്‍ത്തിപ്പിച്ച കാവ്യകല അക്കിത്തത്തിന്റെ ‘കരതലാമലക’മായ കഥ… ആര്‍ഷജ്ഞാനത്തിന്റെ അടിവേരുകളില്‍ നിന്നൂറിക്കൂടിയ ആത്മദര്‍ശനത്തിന്റെ ആര്‍ജ്ജവം…കവിതയിലെ ആ കൃഷ്ണത്തിടമ്പിന് സംസ്കൃതിയുടെ സിംഹാസനം… ആത്മതത്ത്വം
തിരയുന്ന ജീവിതസമസ്യകള്‍ക്ക് ആത്മസാക്ഷാക്കാരത്തിന്റെ സാരഥ്യവേഗം-
എസ്. രമേശന്‍നായര്‍.
ഇപ്പോള്‍ കവിതയ്ക്കും കല്പ്പാന്തം! എത്ര ബ്രഹ്മവര്ഷങ്ങള്…? പ്രതീക്ഷയുടെ പാല്വിരലുണ്ട് കവിതയുടെ ആലിലത്തോണിയില്‍ ഒരു പ്രപഞ്ചപ്പൈതല്…ധര്‍മസംസ്ഥാപനത്തിന്റെ അപരയുഗങ്ങള്ക്ക് വിശ്വസംസ്കാരത്തിന്റെ മനഃശാസ്ത്രമാകാന് മഹാകവേ… ഇനിയെത്രകാലം?
”നാളെനാളെയെന്നാരോ പുണ്യവും കൈവെടിയും
നാണമില്ലായ്മകള്ക്കു മാപ്പു നല്‍കൂ
ഹാ! വരുന്നൂഞാ, നേഴാം മാളിക മുകളിലെ
ജാലകത്തിരശ്ശീല മെല്ലെ നീക്കി
കാരുണ്യക്കതിര്നെയ്യും നീള്മിഴികളാല്ശുഷ്ക-
താരുണ്യനെന്നെത്തിരിച്ചറിഞ്ഞവനേ,
മാറത്തെ കൂപ്പുകൈയിലല്ലെങ്കില് ദുഃഖത്തിന്റെ
മാറാലപ്പൊതി ഞാനെങ്ങൊളിച്ചുവെയ്ക്കും?”
(ദ്വാരകയിലേക്ക്)
കൃഷ്ണോര്‍ജ്ജം പകര്‍ന്ന കലാശാലയില്‍ രമയ്ക്കും രമേശനും മകളായി ജീവിച്ച കാലം. ‘കസ്തൂരിഗന്ധി’ മുതല്‍ ‘ഗുരുപൗര്‍ണ്ണമി’ വരെ അന്വേഷിച്ചെത്തിയ അനുഗ്രഹങ്ങള്‍… ‘കേസരി’യുടെ പതിന്നാറു ലക്കങ്ങളില്‍ പതിനാറ് ‘കാവ്യപൂര്ണ്ണമി’കള്‍ അഭിനന്ദനത്തിന്റെ ആദ്യവിളി…വിശപ്പിന്ന് അന്നം വിളമ്പുന്ന കരുതല്‍…എന്നേ ഞാനാക്കുന്ന കരുത്ത്…”രമേ… അശ്വതി”യെന്നുള്ള ഫോണ്‍ കൈമാറല്‍… ‘കാവ്യപൗര്‍ണ്ണമി’ പുസ്തകമാക്കണമെന്ന നിര്‍ദ്ദേശം. ‘പൂര്‍ണ്ണ’യിലെ ബാലകൃഷ്ണമാരാര്‍ സാറിനോട് വിളിച്ചുറപ്പിച്ച വിശ്വാസം… ശ്രീകുമാരന്‍ തമ്പി സാറിന്റെ അവതാരിക… ”അശ്വതി ചെന്നാല്‍ മതി… തമ്പിചേട്ടനതു തരും” എന്ന ശാസന… പിന്നെയും പിന്നെയും കാരുണ്യം… പുറമെ കുചേലഭാവം… അകമേ കൃഷ്ണദര്‍ശനം…തുറന്ന അദ്ധ്യായങ്ങളില്‍… തുടര്‍ന്ന കൃഷ്ണനിയോഗങ്ങള്…
ആത്മാവിലും ശരീരത്തിലും…ശ്വാസകോശത്തിലും കുടിവെച്ച കാര്‍വര്‍ണ്ണം… പകല്‍… സ്വപ്നം പോലെ ‘ഉമ’… സാന്ത്വനവാക്കുകള്‍ മറന്ന് ഭീരുവിനെപ്പോലെ ഞാന്‍… മൗനം കുടിച്ച് കുറേ ദിവസങ്ങള്‍…
വീണ്ടുവിചാരങ്ങള്‍ വീണ്ടും ‘വിളിച്ചപ്പോള്‍’ ആത്മധൈര്യം തന്ന അത്ഭുതങ്ങള്‍…
”എങ്ങും വിടില്ലാ ആ കാല്പ്പാദങ്ങളില് കെട്ടിപ്പിടിച്ച് ഞാനുണ്ട്” എന്ന പറച്ചിലില്‍ ”നെഞ്ചിലിരിപ്പില്ലേ കുട്ടി” എന്ന രമച്ചേച്ചിയുടെ മറുപടി. ‘കൃഷ്ണാ കൃഷ്ണാ’യെന്ന നെഞ്ചിടിപ്പില്‍ വേദാന്തം പഠിപ്പിച്ച ഗുരുത്വങ്ങള്ക്ക് മുമ്പില്‍ ഞാനൊട്ടും വിവേകമില്ലാതെ പൊട്ടിക്കരഞ്ഞു…ഒടുവില്‍ മനു ‘ചേച്ചി’യെന്ന് വിളിച്ചപ്പോള്‍ തുളുമ്പിപ്പോയ സങ്കടം…പരമാനന്ദം…
”ഒരുണ്മയായ് നിന്നു തുടിപ്പതേതു
ഹൃദന്ത? മല്ലല്ലൊരു പര്‍ണശാല!
അതിന്റെ മുറ്റത്തു നിലത്തെഴുത്തി-
ന്നിരിക്കയാം ഞാനിളവെയ്ലിനൊപ്പം!” (ഋഷിപൂജ)
ആ ‘ദ്വാരകയിലേക്ക്’ ഇനിയെത്ര ദൂരം…?
(പന്തളം എന്‍എസ്എസ് കോളേജിലെ മലയാള വിഭാഗം അസി. പ്രൊഫസറാണ് ലേഖിക എസ്. രമേശന് നായരുടെ കവിതകളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളയാളാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: