”കഴിഞ്ഞ നാല്‍പ്പതിലധികം കൊല്ലങ്ങളായി ഞാന്‍ ഏതോ ഒരു മഹാചൈതന്യത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. ഇതിനെ ഏതു നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാന്‍ ശ്രമിച്ചും ഉള്‍ക്കൊള്ളാന്‍ കൊതിച്ചും ഞാന്‍ സ്വയം നിറഞ്ഞു. പിന്നീട് മനസ്സിലായി അത് അളന്നു തീര്‍ക്കാന്‍ കഴിയാത്ത ഒരു ആകാശമാണെന്ന്, അവിടെ നിരത്തേണ്ടത് അക്ഷരങ്ങളല്ല, നക്ഷത്രങ്ങളാണെന്ന്.
ഇതൊരു ഗുരുനിയോഗം അത്രേ ഞാന്‍ പറയൂ. കഴിയുന്നത് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം. വിലയിരുത്തേണ്ടത് നിങ്ങളാണ്. കേരളത്തിന്റെ സാംസ്കാര ഭണ്ഡാരത്തിന് ഒരു എളിയ കാണിക്ക!”
ഗുരുപൗര്‍ണമി മഹാകാവ്യത്തിന്റെ ആമുഖ കുറിപ്പായി ഈ വാക്കുകള്‍ കൊരുത്ത മഹാകവി എസ്. രമേശന് നായര്‍ അരങ്ങൊഴിഞ്ഞു. കാവ്യരംഗത്തു മാത്രമല്ല സാമൂഹിക സാംസ്കാരിക ആത്മീയരംഗങ്ങളിലും തികഞ്ഞ വ്യക്തി പ്രഭാവത്തോടെ നിറഞ്ഞുനിന്നു പ്രവര്‍ത്തിക്കുവാന്‍ രമേശന് നായര്‍ക്ക് സാധിച്ചിട്ടുണ്ട്.
നിരവധി കാവ്യതല്ലജങ്ങള് രമേശന് നായരുടെ തൂലികയില്‍നിന്നും വരമൊഴിയായി പ്രകാശനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി പ്രഭ ചൊരിഞ്ഞത് ഗുരുപൗര്‍ണമിയാണ്. ഗുരുപൗര്‍ണമി ശ്രീനാരായണഗുരുദേവന്റെ ജീവിതത്തേയും ദര്‍ശനത്തേയും ആസ്പദമാക്കിയുള്ള ഒരു മഹാകാവ്യമാണ്. ഈ കൃതി രചിക്കാനുള്ള കാരണവും വിശദീകരിക്കുന്നുണ്ട്. ”കഴിഞ്ഞ നൂറ്റാണ്ടിലെ മഹത്തായ ജനനം ശ്രീനാരായണഗുദേവന്റേതാണ്. അദ്ദേഹത്തിന്റെ പ്രസക്തി ഈ നൂറ്റാണ്ടിലാണ്. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി ഏറ്റവും ഗഹനമായ കാര്യങ്ങള്‍ ഗുരു ലോകത്തോട് പറഞ്ഞു. 40 വര്‍ഷമായി ഗുരുവിനെ അറിയാനും അദ്ദേഹത്തിന്റെ ആശയങ്ങളെ ആഴത്തില്‍ പഠിക്കാനും തുടങ്ങിയിട്ട്. ഗുരുവെന്ന ചൈതന്യത്തെയാണ് നാം അറിയേണ്ടത്. ലോകത്തിന്റെ വ്യാധികള്‍ക്കുള്ള മരുന്ന് ഗുരു പറഞ്ഞു തന്നിട്ടുണ്ട് എന്ന ബോധമാണ് ഗുരുദേവന്റെ ജീവിതത്തേയും തത്വദര്‍ശനത്തേയും ആധാരമാക്കി ഗുരുപൗര്‍ണമിയുടെ രചനയ്ക്ക് നിദാനമായത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി അനുഷ്ടുപ്പ് വൃത്തത്തില്‍ രചിക്കപ്പെട്ട ഈ കൃതി രമേശന് നായരുടെ ജന്മസാഫല്യം എന്നു പറയാം.
സരസകവി മൂലൂര്‍, മഹാകവി കുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പ്, പാല നാരായണന് നായര്‍, എം.പി. അപ്പന്, വയലാര്‍, വൈലോപ്പിള്ളി തുടങ്ങിയ മഹാരഥന്മാരായ കവിവര്യന്മാരുടെ പാതയിലൂടെ സഞ്ചരിച്ച കവിയായിരുന്നു രമേശന് നായര്‍. മഹാകവി അക്കിത്തത്തിന്റെ കനിഷ്ഠ സോദരനായിട്ടാണ് അദ്ദേഹം കാവ്യലോകത്ത് ചരിച്ചത്. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും ഗുരു പൗര്‍ണമിയും തമ്മില്‍ ഏറെ സാധര്‍മ്യം കണ്ടെത്താനാകും. മേല്‍പ്പറഞ്ഞ കവിശ്രേഷ്ഠന്മാരുടെ കാലശേഷം മലയാള കാവ്യലോകത്ത് കാര്യമായ സംഭാവനകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുക വയ്യ. ഇങ്ങനെ വിലയിരുത്തുമ്പോള്‍ ഈ പാതയില്‍ ഉണ്ടായ വരിഷ്ഠ കാവ്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ഈ കാവ്യത്തിന്റെ തുടര്‍ച്ചയാണ് ഗുരുപൗര്ണമിയെന്നു പറയാം.
ഈ രചനകള്‍ തമ്മിലുള്ള സാധര്‍മ്യ വൈജാത്യങ്ങള്‍ അക്കിത്തം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അരനൂറ്റാണ്ടിനപ്പുറം എഴുതപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ പോലും, എന്നെങ്കിലുമൊരിക്കല്‍ സര്‍വ്വതന്ത്ര സ്വതന്ത്രമായി, സ്വയംഭൂവമായി അവതരിക്കുമായിരുന്ന കൃതിയാണ് ഗുരുപൗര്‍ണമി. രണ്ടിന്റെയും സാഹചര്യങ്ങളും സാധ്യതയും പ്രസക്തിയും ലക്ഷ്യവും തികച്ചും ഭിന്നങ്ങളാകുന്നു. ശ്രീനാരായണഗുരു എന്ന യുഗപുരുഷന് ജനിച്ചില്ലായിരുന്നുവെങ്കില്‍ മാത്രമേ ഇങ്ങനെയൊരു കാവ്യം എഴുതപ്പെടാതെ നഷ്ടപ്പെട്ടുപോകുമായിരുന്നുള്ളൂ എന്നതാണ് സത്യം! കാരണം ഈ കൃതി നൂറു ശതമാനവും ശ്രീനാരായണഗുരുദേവന്റെ ജീവിത സംഭവങ്ങളെ, അനശ്വര മുഹൂര്‍ത്തങ്ങളെ, അത്രമേല്‍ കാവ്യാത്മകരമായി, അപൂര്‍വ്വ ചാരുതയോടെ രചിക്കപ്പെട്ട, ആകൃതികൊണ്ടു ചെറുതും ഉള്‍ക്കനംകൊണ്ട് വലുതുമായ ഒരു മഹാകാവ്യം തന്നെ എന്ന് ഉറപ്പിച്ചു പറയുവാനാണ് എനിക്കിഷ്ടം.
ആധുനിക ശങ്കരാചാര്യര്‍ എന്നു പലപ്പോഴും തോന്നീട്ടുള്ള ശ്രീനാരായണ ഗുരുവിനെപ്പറ്റി ഇതുപോലൊരു പരമവിശുദ്ധമായൊരു കാവ്യം ഉണ്ടാകണം എന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. ലോകത്തില്‍ ഒരേഒരാള്ക്കു മാത്രമേ കണ്ണാടി പ്രതിഷ്ഠ നടത്തുവാന്‍ ഇട വന്നുള്ളൂ എന്ന സത്യം നമ്മെ ഉദ്ബോധിപ്പിക്കുന്ന തത്വം എന്താണ്? ശ്രീനാരായണ ഗുരുദേവനെ ആധുനിക ശങ്കരാചാര്യരായി അംഗീകരിച്ചേ മതിയാവൂ എന്നല്ലേ?”
ഗുരുപൗര്‍ണമിയുടെ പ്രസാധനം ഒരു ജന്മസാഫല്യമായി കവി കരുതി. ആയിരമായിരം കവിതകള്‍ എഴുതിയെങ്കിലും രമേശന് നായരുടെ മാസ്റ്റര്‍ പീസായി മാറിയത് ഗുരുപൗര്‍ണമിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ദൈവാവതാരമായി കവിവര്യന് ഗുരുദേവനെ വിലയിരുത്തി. ഗ്രന്ഥം പ്രസാധനം ചെയ്തതു മാത്രമല്ല നല്ലൊരു സംഗീതജ്ഞനെക്കൊ ണ്ട് സംഗീത സംവിധാനം ചെയ്യിച്ച് മികച്ച ഒരു ഗായകനെക്കൊണ്ട് ഗുരുപൗര്‍ണമി മുഴുവനായും ആലാപനം ചെയ്യിച്ച് സിഡി കാസറ്റാക്കി രാജ്യമെമ്പാടും അതിന്റെ കോപ്പികള്‍ വിതരണം ചെയ്യിച്ചു. മറ്റേതെങ്കിലുമൊരു കവി ഇത്രയും ആത്മാര്‍ത്ഥതയോടെ ഒരു ഗ്രന്ഥത്തിന്റെ പ്രചരണം നിര്‍വഹിച്ചിട്ടുണ്ടോയെന്ന് സംശയമാണ്.
രമണ മഹര്‍ഷി, രവീന്ദ്രനാഥ ടഗോര്‍, മഹാത്മാഗാന്ധി തുടങ്ങിയ മഹാത്മാക്കള്‍ ഗുരുദേവനെ ദര്‍ശിച്ചതിനുശേഷം ഗുരുവിനെക്കുറിച്ചു രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ തന്നെ നല്കിയിരിക്കുന്നു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ അവതാരിക ഇംഗ്ലീഷില്‍, തുടര്‍ന്ന് പി. പരമേശ്വരന്, അക്കിത്തം, ഡോ. എം. ലീലാവതി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന് തുടങ്ങിയവര്‍ എഴുതിയ ഗ്രന്ഥത്തെക്കുറിച്ചുള്ള വിസ്തൃതമായ പഠനങ്ങള്‍ എന്നിവ ഗ്രന്ഥത്തിന്റെ മാറ്റു കൂടുന്നു. ഗുരുപൗര്‍ണമിയുടെ മഹത്വം ഇവരിലൂടെ വെളിപ്പെടുത്തുന്നതു വായിച്ചു കഴിയുമ്പോള്‍ കവിതാ വായനയില്‍ കമ്പമില്ലാത്തവര്‍ പോലും ലളിത മനോഹരമായ ഈ മഹാകാവ്യം വായിച്ചു തീര്‍ക്കാതിരിക്കില്ല. മാത്രമല്ല, നമ്പൂതിരി, സി.എന്‍. കരുണാകരന്, മദനന്, ശിവന് എന്നിവരെക്കൊണ്ട് ഗുരുദേവ ചരിതത്തിലേയും ആ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളേയും ആസ്പദമാക്കി വരച്ചുചേര്‍ത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ഗ്രന്ഥസ്വരൂപം വെളിപ്പെട്ടു കിട്ടുന്നു. ദാര്‍ശനികനും തത്വചിന്തകനും ഋഷിയും കവിയും വിശ്വഗുരുവുമായ ശ്രീനാരായണ ഗുരുദേവനെ കേവലം സമുദായ പരിഷ്കര്‍ത്താവും വിപ്ലവകാരിയും സ്വതന്ത്രചിന്തകനുമാക്കി മാറ്റിയെടുക്കുവാന്‍ പാടുപെടുന്ന അവിവേകികളെ യഥാര്‍ത്ഥമായ ശ്രീനാരായണ സ്വരൂപത്തിലേക്ക് ആനയിക്കുവാന്‍ ഗുരുപൗര്ണമിയിലൂടെ ജന്മകൃത്യം സാധിച്ച രമേശന് നായരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 2012 ആഗസ്റ്റ് 31 ന് ശ്രീനാരായണ ഗുരുദേവ ജയന്തിക്കാണ് ഗുരുപൗര്‍ണമി പ്രകാശനം ചെയ്തത്.
ഇതെഴുതുന്നയാള്‍ 2013 ല്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സെക്രട്ടറിയായിരിക്കുമ്പോള്‍ രമേശന് നായര്‍ക്ക് ഒരു അവാര്‍ഡു നല്കുവാന് ശിവഗിരിമഠം ആലോചിക്കുകയുണ്ടായി. തീര്‍ത്ഥാടന ദിവസങ്ങളില്‍ അദ്ദേഹത്തിന് വേറെ പല പ്രോഗ്രാമുകളും ഉള്ളതിനാല്‍ വന്നു ചേരുവാന്‍ സാധിക്കില്ലെന്ന് എത്രയും എളിമയോടെ അറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. ശിവഗിരി മഠത്തിന്റെ ആദരവും അംഗീകാരവും ഉള്‍ക്കൊണ്ട് അദ്ദേഹം പ്രകടിപ്പിച്ച സന്തോഷവും കൃതജ്ഞതയും ഇപ്പോഴും കാതുകളില്‍ മുഴങ്ങിനില്ക്കുന്നു. അന്നദ്ദേഹം പ്രകടിപ്പിച്ച ഗുരുദേവ ഭക്തിയേയും ഗുരുദേവ ദര്‍ശനത്തിന്റെ മഹിമാവിനെയും കുറിച്ച് പറഞ്ഞു കാര്യങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഇവിടെ വാക്കുകളില്ല.
ചട്ടമ്പി സ്വാമിയും ഗുരുദേവനും തമ്മിലുള്ള ബന്ധത്തെ കവി വിലയിരുത്തുന്നു.
പുഷ്പവും ഗന്ധവും പോലെ
പരസ്പരമിണങ്ങിയോര്‍
ഇതിലാര് ഗുരുവാര് ശിഷ്യന്?
ഇവരീശ്വര ശിഷ്യരാം.
ഇതുപോലെ വിവേകാനന്ദ സ്വാമിയേയും ശ്രീശങ്കരാചാര്യരേയും ശ്രീനാരായണ ഗുരുദേവനുമായി തുലനം ചെയ്ത് രമേശന് നായര്‍ വിവരിക്കുന്നു.
ഒരു യോഗീശ്വരന് ചെയ്വൂ
സമുദായ നിരീക്ഷണം
ഗുരുനാരായണന്‍ സാക്ഷാല്‍
വിവേകാനന്ദ ശങ്കരന്!
ഗുരു പൗര്‍ണമിയിലൂടെ കാലാതിവര്‍ത്തിയായ യശസ്വിയായിത്തീര്‍ന്നു ഈ കവിവര്യന് എന്ന് ഉറക്കെപ്പറയാം. രമേശന് നായര്‍ മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും വിവര്‍ത്തന ശാഖയ്ക്കും ചെയ്ത സംഭാവനകളെ വിവരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ഗുരുപൗര്‍ണമി 2018 ലെ കേന്ദ്ര സാഹിത്യഅക്കാദമിയുടെ അവാര്‍ഡു നേടിയെന്നതും ഇവിടെ സ്മരണീയമാണ്. ഒരു യഥാര്‍ത്ഥ ‘ശ്രീനാരായണീയ’നായ ഈ സത്കവി വര്യന് ശ്രീനാരായണ ശിഷ്യ പ്രശിഷ്യ പരമ്പരയുടെ കൃതജ്ഞത രേഖപ്പെടുത്തികൊള്ളുന്നു.
സച്ചിദാനന്ദ സ്വാമി
(ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറിയാണ് സ്വാമികള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: