ന്യൂദല്‍ഹി: പാകിസ്ഥാന് ആസ്ഥാനമായ ലഷ്കര്‍ ഇ ത്വയിബയാണ് ഡ്രോണിലൂടെ കശ്മീരില്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്ഫോടനം ഇന്ത്യയില്‍ ഇത് ആദ്യമാണെന്നും പറയപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഡ്രോണുകളാണ് അക്രമികള്‍ ഉപയോഗിച്ചത്.
പാക് അതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയാണ് സ്ഫോടനമുണ്ടായത്. അഞ്ച് മിനിറ്റ് വ്യത്യാസത്തിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ആദ്യ സ്ഫോടനം പുലര്‍ച്ചെ 1.37നും രണ്ടാമത്തെ സ്ഫോടനം 1.43നും ആയിരുന്നു. വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയിലെ കെട്ടിടത്തിലാണ് ആദ്യ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തെ സ്ഫോടനം തുറസ്സായ സ്ഥലത്താണ് നടന്നത്. അവിടെയുണ്ടായിരുന്ന ഹെലികോപ്റ്ററുകളാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നു.
രണ്ട് ലഷ്കര്‍ ഭീകരരെ പിടിച്ചതിനാല്‍ വന്സ്ഫോടനശ്രമം തകര്‍ത്തതായും ഡിജിപി പറയുന്നു. ഇതില്‍ ഒരാളില്‍ നിന്നും അഞ്ചുകിലോ ഐഇഡി പിടിച്ചെടുത്തിട്ടുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്തി വന്‍ ആള്‍നാശം ഉണ്ടാക്കലായിരുന്നു ശ്രമമെങ്കിലും അത് നടന്നില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.
ഇരട്ട സ്ഫോടനത്തില്‍ എന്‍ ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ജമ്മു പൊലീസും അന്വേഷണം തുടരുകയാണ്. വ്യോമസേനയുടെ ഒരു കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ആയുധക്കടത്തിന് ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി മുന്‍പും കണ്ടെത്തിയിരുന്നു. പഞ്ചാബ് അതിര്‍ത്തിയിലടക്കം അതിര്‍ത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടിട്ടുണ്ട്. പിടിക്കപ്പെടില്ലെന്നതും അതിവേഗം ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഡ്രോണുകളുടെ മെച്ചം. ചൈനയില്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ പാകിസ്ഥാന് ഉപയോഗിച്ചേക്കാമെന്ന് നേരത്തെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: