ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി രേഖപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 46-ാം വാര്‍ഷികം 2021 ജൂണ്‍ 25 ന് കടന്നുപോകുകയാണ്. 21 മാസം നീണ്ടു നിന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയനും സ്മരിക്കേണ്ടതുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും മറ്റു ജനാധിപത്യമൂല്യങ്ങളും അട്ടിമറിക്കപ്പെട്ടത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി 1975 ജൂണ്‍ 12 ന് അസാധുവാക്കി പ്രഖ്യാപിച്ച വിധിയുടെ പശ്ചാത്തലത്തിലാണ്. ജൂണ്‍ 24 ന് ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ തീരുമാനം പ്രധാനമന്ത്രിയായി തുടരാന്‍ ഇന്ദിരാഗാന്ധിയ്‌ക്ക് അവസരമൊരുക്കി. ജൂണ്‍ 25ന് അര്‍ദ്ധരാത്രി രാജ്യത്തിന്റെ ജനാധിപത്യത്തെയും, ഭരണഘടനയെയും അട്ടിമറിച്ചുകൊണ്ട് അടിയന്തരാവസ്ഥപ്രഖ്യാപിച്ചു. സ്വേച്ഛാധിപത്യ ഭരണത്തിലേയ്‌ക്ക് രാജ്യത്തെ നയിച്ചത് ഭരണഘടനയുടെ 352 ാം അനുച്ഛേദം അനുസരിച്ചാണ് എന്ന് കോണ്‍ഗ്രസ്സ് ന്യായീകരിക്കുന്നുണ്ടെങ്കിലും ഇന്ദിരാഗാന്ധി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയായിരുന്നു. അതുകൊണ്ട് അടിയന്തരാവസ്ഥയുടെ മറവില്‍ ഭരണഘടനയില്‍ ഇന്ദിരാഗാന്ധി നടത്തിയ ഇടപെടലും അട്ടിമറിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ മനോഭാവം 1975 ല്‍ പെട്ടെന്നുണ്ടായതല്ല. 1971 ലെ തെരഞ്ഞെടുപ്പ് വിജയത്തോടെ സ്വേച്ഛാധിപത്യ ഭരണമായിരുന്നു അവര്‍ നടത്തിയത്. സ്വേച്ഛാധിപത്യഭരണം ആദ്യം കൈവച്ചത് സുപ്രീം കോടതിയിലാണ്. 1973 ല്‍ സുപ്രീം കോടതിയില്‍ പിടിമുറുക്കാന്‍ ചീഫ് ജസ്റ്റീസായി ജസ്റ്റിസ് എന്‍എന്‍ റായിയെ നിയമിച്ചത് മൂന്ന് സീനിയര്‍ ജഡ്ജിമാരായ കെ.എസ്. ഹെഗ്‌ഡേ, ഗ്രോവര്‍, ജെ.എം. ഷെലാറ്റ് എന്നിവരുടെ സീനിയോറിറ്റി മറികടന്നുകൊണ്ടാണ്. പില്‍ക്കാലത്ത് 1977 ലും ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ സീനിയോറിറ്റി മറികടന്ന് ജസ്റ്റിസ് എം.എച്ച് ബെഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഉന്നത നീതിപീഠം ഇത്രയേറെ അപമാനിക്കപ്പെട്ട സാഹചര്യം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല.
ജനലക്ഷങ്ങളെ ജയിലിലാക്കി എല്ലാ പ്രതിപക്ഷനേതാക്കളെയും തടങ്കലിലടച്ച ഭരണകൂടഭീകരതയായിരുന്നു അടിയന്തരാവസ്ഥ. ഇതിനേക്കാള്‍ ഭീകരമായ മറ്റൊന്ന് ഭരണഘടനയില്‍ ഇന്ദിരാഗാന്ധി നടത്തിയ പൊളിച്ചെഴുത്തും തേര്‍വാഴ്ചയുമാണ്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഭരണഘടനയില്‍ സ്വേച്ഛാധിപത്യഭരണം നടത്തിയ അട്ടിമറി ഇനിയുംചര്‍ച്ചാ വിഷയമായിട്ടില്ല. ഭരണഘടനാ സംവിധാനത്തിനപ്പുറത്ത് നിന്ന് എല്ലാ അധികാരങ്ങളും കൈക്കലാക്കിയ സഞ്ജയ്ഗാന്ധി ഭരണഘടനാസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങി. ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും അടിസ്ഥാന സ്വഭാവവും ജനാധിപത്യ അവകാശങ്ങളും, ഫെഡറല്‍ സ്വഭാവവും, പാര്‍ലമെന്റിന്റേയും, പ്രസിഡന്റിന്റെയും അവകാശങ്ങളും എല്ലാം അട്ടിമറിച്ചുകൊണ്ടാണ് 38,39,42 ഭരണഘടനാ ഭേദഗതികള്‍ നടപ്പിലാക്കിയത്.
38-ാം ഭരണഘടനാ ഭേദഗതി ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യം ഭരണഘടനാപരമായി സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. 1975 ജൂലൈ 22 ന് അവതരിപ്പിച്ച ഭേദഗതി പത്ത് ദിവസം കൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പതിനേഴു സംസ്ഥാന നിയമസഭകളും അംഗീകരിച്ച് പ്രസിഡന്റിന്റെ ഒപ്പിട്ട് നിയമമായി മാറി. പൗരന്മാരുടെ മൗലിക അവകാശങ്ങളും, മൗലികാവകാശ സംരക്ഷണത്തിന് ഇടപെടാനുള്ള കോടതിയുടെ അധികാരവും ഇതോടെ ചങ്ങലയ്‌ക്കിട്ടു. അടിയന്തരാവസ്ഥകാലത്ത് സര്‍ക്കാര്‍ ഇറക്കുന്ന ഒരു ഉത്തരവ് കോടതിക്ക് ഇടപെടാന്‍ കഴിയാത്ത തരത്തില്‍ 38-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഉറപ്പാക്കി. ചോദ്യം ചെയ്യാന്‍ കഴിയാത്ത തരത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണം മാറിയത് 38-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. ഭരണഘടനയുടെ 32-ാം അനുച്ഛേദം നല്‍കുന്ന മൗലികാവകാശസംരക്ഷണം അങ്ങനെ ഇല്ലാതെയായി. ജനാധിപത്യത്തെ ഹനിച്ച ഭേദഗതി പത്തുദിവസം കൊണ്ട് കേരളം ഉള്‍പ്പെടെയുള്ള പതിനേഴുസംസ്ഥാനനിയമസഭകള്‍ അംഗീകരിച്ച പ്രക്രിയയാണ് എടുത്തുപറയേണ്ട മറ്റൊരു സംഭവം.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പരിഗണിക്കുന്ന കാലഘട്ടത്തിലാണ് 39 ാം ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ പാര്‍ലമെന്റ് അംഗീകരിച്ചത്. 1975 ആഗസ്റ്റ് പത്തിന് നിലവില്‍ വന്ന ഭരണഘടനയുടെ 39-ാം ഭേദഗതിപ്രകാരം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്ന് ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ടു. കോടതികള്‍ക്ക് ഇതില്‍ ഇടപെടാനുള്ള അധികാരവും ഇല്ലാതാക്കി. 39-ാം ഭരണഘടനാഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി 1976 നവംബര്‍ 7ന് തീര്‍പ്പാക്കി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ദൗര്‍ബല്യം വിളിച്ചോതിയ നടപടിയായിരുന്നു അത്. എന്നാല്‍ പില്‍ക്കാലത്ത് 1977ല്‍ ഇന്ദിരാഗാന്ധിയെ റായ്ബറേലി മണ്ഡലത്തില്‍ 55,200 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചുകൊണ്ട് രാജ് നാരായണന്‍ ജനകീയ കോടതിയില്‍ വിജയിച്ചു എന്നതും ഇവിടെ കൂട്ടിവായിക്കണം.
42-ാം ഭരണഘടനാഭേദഗതി ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ്കളാണെന്നും അതിനെ പിന്തുണയ്‌ക്കുന്ന ആര്‍എസ്എസ്സ് പരിവാര്‍സംഘടനകളും ജനാധിപത്യ വിരുദ്ധശക്തികളുമാണെന്നാണല്ലോ, ഇടതുപക്ഷ ആരോപണം. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വിശേഷിച്ച് സിപിഐ, ആര്‍എസ്പി ഉള്‍പ്പെട്ട പാര്‍ട്ടികള്‍ പിന്തുണച്ച ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാഭരണം രാജ്യത്തിന് നല്‍കിയ 42-ാം ഭാരണഘടനാഭേദഗതി സൂക്ഷ്മമായി വിലയിരുത്തണം.
42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികഅവകാശങ്ങള്‍, നീതിന്യായ പീഠത്തിന്റെ നിഷ്പക്ഷത, കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍, സ്വതന്ത്രമായി നിലകൊള്ളുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍, നിയമസഭയുടെയും പാര്‍ലമെന്റിന്റെയും കാലാവധി, പ്രധാനമന്ത്രിയുടെയും, പ്രസിഡന്റിന്റെയും അധികാരങ്ങള്‍, ജുഡീഷ്യല്‍ റിവ്യൂ നടത്താനുള്ള സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം, സംസ്ഥാന ഭരണകൂടങ്ങളെ പിരിച്ചുവിടാനുള്ള അധികാരം, ഭരണഘടനയെ ഭേദഗതിചെയ്യാനുള്ള പാര്‍ലമെന്റിന്റെ പരിമിതികള്‍, എസ്.സി., എസ്ടി വിഭാഗങ്ങള്‍ക്കുള്ള പാര്‍ലമെന്റ് സീറ്റ് സംവരണം തുടങ്ങി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ എല്ലാം ഇതോടെ അട്ടിമറിക്കപ്പെട്ടു. ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടെ അന്‍പത്തിയഞ്ചിലധികം അനുച്ഛേദങ്ങള്‍ തിരുത്തിയെഴുതപ്പെട്ടു. 42-ാം ഭരണഘടനാഭേദഗതിയിലൂടെ പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍, ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ രാജ്യത്തെ സോഷ്യലിസ്റ്റു രാജ്യമാക്കി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് – സോവിയറ്റ് റഷ്യന്‍ ഭരണകൂടം ഇന്ദിരാഗാന്ധിയെ ഏറെ വാഴ്‌ത്തിയത് സോഷ്യലിസ്റ്റ് എന്ന പദം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതുകൊണ്ടാണ്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ ഭരണം ‘പുരോഗമന സ്വഭാവമുള്ളതായി’ സോഷ്യലിസ്റ്റ് ലോകം അംഗീകരിച്ചു. ഇന്നത്തെ ഒരു വിഭാഗം ബുദ്ധിജീവികളും ഇടതു ചിന്തകരും സാംസ്‌കാരികനായകന്മാരും, വിശേഷിച്ച് കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ഇരുപത്തിയൊന്നു മാസവും മൗനം പാലിച്ച് പിന്തുണനല്‍കിയത് ഈ അവസരത്തില്‍ എടുത്തുപറയണം.സ്വാതന്ത്ര്യവും ജനാധിപത്യവും വീണ്ടെടുക്കാന്‍ ആര്‍എസ്എസ്സും ജനസംഘവും കേന്ദ്ര പ്രതിപക്ഷപാര്‍ട്ടികളും സമരം നടത്തി ജയിലില്‍ മിസാ തടവുകാരായി മാറിയതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തില്‍പരം പേരെയാണ് മിസാ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.
42-ാം ഭരണഘടനാ ഭേദഗതി പ്രധാനമായും പൊളിച്ചെഴുതിയത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളെയാണ്. പ്രത്യേകിച്ച് അനുച്ഛേദം 31, 31സി, 39, 55, 74,77,81, 82, 83, 100, 102, 103, 105, 118, 145, 150, 166, 170 172, 189, 191, 192,194,207,208, 228, 226, 227, 228, 311, 312, 330, 352, 353, 356, 357, 358, 359, 356, 368, 371 എന്നിവയില്‍ വലിയപൊളിച്ചെഴുത്ത് 42-ാം ഭേദഗതിയിലൂടെ നടത്തി. അതുപോലെ തന്നെ ഭരണഘടനയില്‍ പുതുതായി 4എ, 14എ , 31ഡി, 32 എ, 39 എ, 43 എ, 48എ, 131 എ, 139എ, 144 എ,226 എ, 228എ, 257എ എന്നീ അനുച്ഛേദങ്ങള്‍ കൂടെ ചേര്‍ക്കപ്പെട്ടു. ഒരു ഏകാധിപതിയ്‌ക്ക് ഭരണം നിലനിര്‍ത്താനുള്ള എല്ലാ വകുപ്പുകളും ഭരണഘടനയുടെ ഭാഗമായി.
42-ാം ഭരണഘടനാഭേദഗതി സുപ്രീം കോടതികളുടെയും ഹൈക്കോടതികളുടെയും അധികാരങ്ങളെ വെട്ടികുറച്ചു. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ കുറഞ്ഞത് സുപ്രീം കോടതിയില്‍ ഏഴു പേര്‍ അടങ്ങുന്ന ബഞ്ചാകണം പരിഗണിക്കേണ്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണയിലാകണം ആ ബഞ്ച് വിധി പുറപ്പെടുവിക്കേണ്ടത്. ഇത് ഹൈക്കോടതികള്‍ക്ക് അഞ്ച് അംഗ ബഞ്ചാണ്. ഭരണഘടനയുടെ ഏതു ഭാഗവും പാര്‍ലമെന്റിന് യഥേഷ്ടം ഭേദഗതിചെയ്യാം. കേശവാനന്ദഭാരതി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് സ്വീകരിച്ച ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ പാടില്ല എന്ന വിധി ഒരര്‍ത്ഥത്തില്‍ മരവിപ്പിച്ചു. സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുന്നതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മതി എന്ന് അംഗീകരിച്ചു. മൗലിക അവകാശങ്ങളെ തരം താഴ്‌ത്തി, നിര്‍ദ്ദേശകതത്വങ്ങളുടെ താഴെ പ്രതിഷ്ഠിച്ചു. പുതുതായി മൗലികകടമകള്‍ എന്ന ഭാഗം എഴുതിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും കാലാവധി അഞ്ചില്‍ നിന്ന് ആറായി ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കാന്‍ ഭരണഘടനാ അനുച്ഛേദം മാറ്റി. പ്രസിഡന്റിന് ക്യാബിനറ്റിന്റെ അധികാരങ്ങള്‍ പുനരവലോകനം ചെയ്യാന്‍ കഴിയാതെയാക്കി. ഹൈക്കോടതികള്‍ക്ക് പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. ഹൈക്കോടതിയുടെ അധികാരം സംസ്ഥാന നിയമസഭപാസ്സാക്കുന്ന നിയമങ്ങള്‍ പരിശോധിക്കാന്‍ മാത്രമായിചുരുങ്ങി. അനുച്ഛേദം 257-എ ഭേദഗതിചെയ്ത് കേന്ദ്രസേനയെ സംസ്ഥാനങ്ങളില്‍ ഇഷ്ടം പോലെ വിന്യസിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കി. പാര്‍ലമെന്റിന് പരമാധികാരം നല്‍കിയെങ്കിലും ഫലത്തില്‍ പ്രധാനമന്ത്രിയ്‌ക്കാണ് അധികാരങ്ങള്‍. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവവും ഇതോടെ അട്ടിമറിക്കപ്പെട്ടു.
ഭാരതത്തില്‍ ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, സമത്വത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും ആണിക്കല്ലായികണക്കാക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 14,19,21 എന്നിവ അട്ടിമറിക്കപ്പെട്ടു. പൗരസ്വാതന്ത്ര്യത്തിന്റെ ത്രികോണ സ്തംഭങ്ങളായ ഈ മൂന്നു അനുച്ഛേദങ്ങളും ദുര്‍ബ്ബലമായാല്‍ രാജ്യത്ത് സ്വേച്ഛാധിപത്യം ഉറപ്പിക്കാമെന്ന് ഇന്ദിരാഗാന്ധി കരുതി. അടിയന്തിരാവസ്ഥാ പ്രഖ്യാപനം താല്‍ക്കാലികമായ ഒരു നടപടിയല്ല മറിച്ച് ദീര്‍ഘനാളത്തെ ഭരണം ഉറപ്പിക്കാനുള്ള ഭരണഘടനാപരമായി പിന്തുണയുള്ള ഒരു വ്യവസ്ഥയുടെ സൃഷ്ടിയായിരുന്നു. 1977ല്‍ തെരഞ്ഞെടുപ്പും നടത്തിയതും ഒരു അനുകൂല ജനഹിതം ഉറപ്പായി ലഭിക്കും എന്ന കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തിലാണ്. അത് വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ പരാജയപ്പെടുത്തി. കേരളം ഉള്‍പ്പെടെയുള്ള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്വേച്ഛാധിപത്യ ഭരണത്തെ പിന്തുണച്ചു. ആര്‍എസ്എസ് പിന്തുണയുള്ള ഭാരതീയ ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടു വന്ന 43, 44 ഭരണഘടനാ ഭേദഗതികള്‍ കൊണ്ട് മാത്രമാണ് ഇന്നത്തെ ഭരണ വ്യവസ്ഥയില്‍ നീതിന്യായ സംവിധാനവും, ജനാധിപത്യവും മൗലിക അവകാശങ്ങളും പുന:സ്ഥാപിച്ചതെന്ന് പുതിയ തലമുറ മനസ്സിലാക്കണം. നരേന്ദ്രമോദി ഭരണത്തെ വിമര്‍ശിക്കുന്നവര്‍ ഈ രാജ്യത്ത് ദേശീയ പ്രസ്ഥാനങ്ങള്‍ നടത്തിയ സമരങ്ങളും ത്യാഗങ്ങളും ഓര്‍മ്മിക്കപ്പെടാതെ പോവരുത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും, ഇന്ദിരാഗാന്ധിയുടെയും സ്വേച്ഛാധിപത്യ മോഹങ്ങള്‍ ഭരണഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ വിശേഷിച്ച് 38, 39, 42 ഭരണഘടനാ ഭേദഗതികള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടണം. ഒപ്പം ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും, അതിന്റെ നട്ടെല്ലായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് 1977 ല്‍ ജനകീയ കോടതിയില്‍ വിജയം വരിച്ചു. കോണ്‍ഗ്രസ് നടത്തിയ 38, 39, 42 ഭരണ ഘടനാഭേദഗതികളും 1977 ലെ ജനതാപാര്‍ട്ടി സര്‍ക്കാര്‍ ജനാധിപത്യ സംരക്ഷണത്തിന് കൊണ്ടുവന്ന 43, 44 ഭരണഘടനാ ഭേദഗതികളും താരതമ്യം ചെയ്താല്‍ ആരാണ് സേച്ഛാധിപതികളെന്ന് മനസ്സിലാക്കാം. ഇനിയും ഒരു സ്വേച്ഛാധിപത്യത്തിന്റെ ശക്തികള്‍ പുരോഗമന സോഷ്യലിസ്റ്റ് മുഖം മൂടിയണിഞ്ഞ് നുണപ്രചാരങ്ങള്‍ നടത്തി ദേശീയ പ്രസ്ഥാനങ്ങളെ അപമാനിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഈ ചരിത്ര പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ജനാധിപത്യ സംരക്ഷണത്തിന് ദേശീയ പ്രസ്ഥാനങ്ങള്‍ നല്‍കിയ ത്യാഗത്തിന് ജനങ്ങളുടെ അംഗീകാരത്തിന്റെ പിന്‍തുടര്‍ച്ചയാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയും, ഘടകകക്ഷികളും, പ്രധാനമന്ത്രിയും പ്രതിനിധികരിക്കുന്നത് എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക