ജമ്മുകശ്മീരിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിലുള്ളതാണെന്ന് അനുദിനം ശരിവയ്ക്കപ്പെടുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനും, വികസനം ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ എടുത്തുവരുന്ന നടപടികളില്‍ യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുകയും, ആഭ്യന്തരമന്ത്രി അമിത്ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഗവര്‍ണര്‍ മനോജ് സിന്‍ഹയുമൊക്കെ പങ്കെടുക്കുകയും ചെയ്ത യോഗത്തില്‍നിന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനിന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സംഭവിച്ചത് നേരെ മറിച്ചാണ്. തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ആദ്യാവസാനം യോഗം നടന്നത്. പിഡിപി നേതാവ് മെഹബൂബ മുഫ്തി പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന അഭിപ്രായം ഉന്നയിച്ചെങ്കിലും യോഗത്തിന്റെ പൊതുവികാരം അതിനെതിരായിരുന്നു. രാഷ്ട്രീയമായി ഭിന്നാഭിപ്രായമുള്ള പലര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എടുത്തുവരുന്ന ക്രിയാത്മക നടപടികളെ എതിര്‍ക്കാനാവില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
ജമ്മുകശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വാഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, ഇതിന്റെ മുന്നുപാധിയെന്ന നിലയ്ക്ക് മണ്ഡല പുനര്‍നിര്‍ണയത്തെ എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി മോദി യോഗത്തില്‍ നയം വ്യക്തമാക്കി. താഴെത്തട്ടില്‍നിന്ന് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും, തെരഞ്ഞെടുപ്പ് നടത്താനുതകുന്നവിധത്തില് എത്രയും വേഗം മണ്ഡലപുനര്‍നിര്‍ണയം നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ യോഗം പൂര്‍ണമായി അംഗീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടായാല്‍ മാത്രമേ വികസനത്തിന്റെ വഴിത്താരയെ ശക്തിപ്പെടുത്താനാവൂയെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഴിമതിരഹിത ഭരണത്തിലൂടെ മാത്രമേ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയൂ എന്ന കാര്യവും വ്യക്തമാക്കി. എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമായതോടെ സംസ്ഥാന പദവി ആവശ്യം പല രാഷ്ട്രീയ പാര്‍ട്ടികളും യോഗത്തില്‍ ഉന്നയിച്ചില്ല. സംസ്ഥാന പദവി പുനഃസ്ഥാപിച്ചാലേ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുള്ളൂ എന്നതായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയും മറ്റും നിലപാട്. ഈ നിലപാട് അവര്‍ ഉപേക്ഷിച്ചതായി കണക്കാക്കാം. കേന്ദ്ര ഭരണ പ്രദേശത്തിന് സംസ്ഥാന പദവി തിരിച്ചു നല്‍കുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് വളരെ കരുതലോടെയാണ്.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായി സ്വീകരിച്ച ശക്തമായ നടപടികളിലൊന്നാണ് കശ്മീരിന് പ്രത്യേക പദവി നല്കുന്നആര്ട്ടിക്കിള് 370 എടുത്തുകളഞ്ഞതും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി തിരിച്ചതും. ഇതിനെതിരെ അന്ന് ഉയര്‍ന്ന വലിയ പ്രതിഷേധം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമായിട്ടുണ്ട്. ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുകയും, വികസന പദ്ധതികള്‍ ആവിഷ്കരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ കശ്മീരി ജനത സംതൃപ്തരാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിഫലിച്ചത്. കശ്മീരിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിച്ചാല്‍ ഒറ്റപ്പെടുമെന്ന ഭീതി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ജനങ്ങളില്‍ ചിലര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പാക് അനുകൂല മനോഭാവവും വിഘടനവാദവും ഭീകരവാദവും തുടച്ചുനീക്കാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നത്. ഈ ഘട്ടത്തില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ച ഇതിന് ഗുണകരമാവില്ലെന്ന ഉറച്ച ബോധം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അറിയേണ്ടവര്‍ക്കെല്ലാം അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: