കോഴിക്കോട് : രാമനാട്ടുകരയിലെ അപകടത്തിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത്, ദുരൂഹമരണങ്ങള്‍, തട്ടികൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങി അന്വേഷണം എങ്ങുമെത്താത്ത കേസുകളെല്ലാം പൊടിതട്ടിയെടുക്കാന്‍ തീരുമാനം. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍കൊണ്ടും പോലീസിന്റെ കാര്യക്ഷമമായ ഇടപെടലില്ലാത്തതുകൊണ്ട് അന്വേഷണം എങ്ങുമെത്താത്ത കേസാണ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനമായത്.
എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണച്ചുമതല. സിപിഎം നേതാവും ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുമായ കൊടി സുനി ഉള്‍പ്പെട്ട പഴയ കേസും ഇതില്‍ ഉള്‍പ്പെടും. കൊടി സുനി ജയിലില്‍നിന്ന് ആസൂത്രണം ചെയ്ത് കോഴിക്കോട് നല്ലളത്ത് വെച്ച് മൂന്നുകിലോ സ്വര്‍ണം തട്ടിയെടുത്തെന്നതാണ് കേസ്.
12 അംഗ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഡിഐജി അനൂപ് കുരുവിള ജോണിനേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരും കവര്‍ച്ചക്കാരും ഒരുപോലെ ക്വട്ടേഷന്‍സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതോടൊപ്പം കള്ളക്കടത്ത് സ്വര്‍ണവും ഹവാലാപണവും തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങള്കൂടെ പങ്കാളികളായതോടെ വലിയ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കയാണ്. രാമനാട്ടുകരയില്‍ അപകടത്തില്‍ മരിച്ച അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘത്തിലുള്ളവര്‍ക്ക് മറ്റു ചില സുപ്രധാന കേസുകളുമായും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റ അടിസ്ഥാനത്തിലാണ് പഴയ കേസുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: