പുന്നപ്ര: കോവിഡ് വാക്സിനേഷന് നല്‍കുന്നത് പോലും ജില്ലയില്‍ പലയിടത്തും രാഷ്ട്രീയവല്‍ക്കരിക്കുന്നു. വാക്സിനേഷന് സെന്ററുകളില്‍ ഭരണാനൂകൂല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ക്രമക്കേട് തുടരുന്നതായാണ് ആക്ഷേപം.
കോവിഡ് പോര്‍ട്ടലില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്തവരെ ദ്രോഹിക്കുന്ന സമീപനമാണ് പല സെന്ററുകളിലും നടക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പൊതുജനങ്ങള്‍ തങ്ങളുടെ ദുരിതവും, ക്രമക്കേടുകളും അറിയിക്കാന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് പൊതുജനം. ആദ്യ ഡോസ് വാക്സിന് എടുത്ത് നൂറ് ദിവസം വരെ ആയവര്‍ക്ക് പോലും രണ്ടാം ഡോസ് വാക്സിന് ലഭിക്കുന്നില്ല. എന്നാല്‍ ഭരണക്കാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് വാക്സിന് യഥാസമായം ലഭിക്കുന്നു.
മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്സിന് ലഭിക്കാതെ മടങ്ങേണ്ടി വരുന്നവര്‍ ആരോട് പരാതി പറയണം, ബന്ധപ്പെടണം എന്നതു പോലും അറിയാതെ കുഴങ്ങുകയാണ്. എന്നാല്‍ ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവരുടെ മുന്നിലൂടെ വാക്സിന് എടുത്ത മടങ്ങുന്ന കാഴ്ചയും പല വാക്സിനേഷന് സെന്ററുകളിലുമുണ്ട്. കോവിഡ് വാക്സിനേഷന് ഭരണാനുകൂല സംഘടനകളും, ജീവനക്കാരും കയ്യടക്കിയ അവസ്ഥയിലാണ്.
പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ് ഡോസ് വാക്സിന് ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കാറില്ല. ഇവിടങ്ങളില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ പിന്‍ബലമുള്ളവര്‍ നേരിട്ട് എത്തി വാക്സിന് എടുക്കുന്നതായാണ് ആക്ഷേപം.
പുന്നപ്ര വടക്ക് പഞ്ചായത്തില്‍ പല വാര്‍ഡുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന് സംബന്ധിച്ച് യാതൊരു വിവരവുമില്ല. രണ്ടാം ഡോസ് വാക്സിനേഷന്റെ സമയ പരിധി പിന്നിട്ടവര്‍ വിളിച്ചാല്‍ നിങ്ങള്‍ ഓണ്നൈനില് രജിസ്റ്റര്‍ ചെയ്യാനാണ് മറുപടി. എന്നാല്‍ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ലോട്ട് ഇല്ലെന്ന് കാണിക്കുന്ന സെന്ററില്‍ പോലും ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വാക്സിന് സ്വീകരിക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഒത്താശയോടെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ പോലും വീടുകളിലെത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: