അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഒരു ഷട്ടര്‍ തകര്‍ന്നു വീണു. മറ്റൊരു ഷട്ടര്‍ തകര്‍ച്ചാ ഭീഷണിയില്‍. ഷട്ടര്‍ തകര്‍ന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍ കടുത്ത ഉപ്പുവെള്ള ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു വീണത്.റോപ്പ് പൊട്ടിവീണ ഷട്ടറിന് മുകളിലൂടെ സെക്കന്റില്‍ 20, 000 ഓളം ഘനലിറ്റര്‍ ഉപ്പു വെള്ളമാണ് കായലിലേക്ക് ഒഴുകുന്നത്. കുട്ടനാടിനെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനായി പൊഴി വീതി കൂട്ടിമുറിച്ചതോടെ വന്‍ തോതിലാണ് കടല്‍വെള്ളം കായലിലേക്ക് ഒഴുകുന്നത്.
പൊഴി സ്വാഭാവികമായി അടയേണ്ട മണല്‍ കെഎംഎംഎല്‍ കടത്തുന്നതിനാല്‍ പൊഴി അടയാത്തത് മൂലം മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നത്. മറ്റ് ഷട്ടറുകളുടെ ജല നിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുകയാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട്,കരിനില മേഖലകളില്‍ ആരംഭിച്ച രണ്ടാം കൃഷിക്ക് ഇത് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കായലുകളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യകൃഷിക്കും ഉപ്പുവെള്ളം ഭീഷണിയായി മാറിയിട്ടുണ്ട്. ശക്തമായ വേലിയേറ്റമാണ് ഷട്ടര്‍ തകരാന്‍ കാരണമെന്നാണ് പറയുന്നത്. വേലിയേറ്റ സമയമായതിനാല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ഉപ്പുവെള്ളമാണ് കുട്ടനാട്ടില്‍ ഒഴുകിയെത്തിയത്. ആകെയുള്ള 40 ഷട്ടറില്‍ ഭൂരിഭാഗവും ആടിയുലയുന്നത് മൂലം ജലനിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലില്‍ കലരുകയാണ്. ഷട്ടറുകളുടെ നിര്‍മാണത്തിലെ അപാകതയാകാം ഇതിന് കാരണമെന്നും പറയുന്നു.
കാര്‍ഷിക മേഖലയെ ഓരുവെള്ള ഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ 1963ലാണ് തോട്ടപ്പള്ളിയില്‍ സ്പില്‍വേ നിര്‍മ്മിക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഷട്ടറുകള്‍ ഉയര്‍ത്തി പൊഴിമുഖത്തിലൂടെ വെള്ളം ഒഴുക്കി വിട്ടിരുന്നു. ഇരുമ്പ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ഷട്ടറുകള്‍ കാലപ്പഴക്കംമൂലം പ്രവര്‍ത്തിക്കാതായതോടെ 2012ല്‍ സ്റ്റീലുകള്‍ കൊണ്ടുള്ള ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടികളായി. ബംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
2016 ഓടെയാണ് പുതിയ ഷട്ടറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം യന്ത്രവത്കൃതമാക്കിയത്. 1963 ല്‍ നിര്‍മ്മിച്ച ഷട്ടറുകള്‍ 53 വര്‍ഷം പിന്നിട്ടപ്പോള്‍ കാലപ്പഴക്കവും ഉപ്പുവെള്ളവും കയറി പ്രവര്ത്തിക്കാതായെങ്കിലും തകര്‍ന്ന് വീണിരുന്നില്ല. എന്നാല്‍ ആധുനിക സംവിധാനത്തോടെ നിര്‍മ്മിച്ച ഷട്ടറുകള്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴേക്കും തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: