അമ്മൂമ്മമാരെല്ലാം നല്ലവരാണ് എന്നതാണ് ഒരു നാട്ടുനടപ്പ്. ഡാകിനിയമ്മൂമ്മയെ കാണുന്നതുവരെയേ ആ ബോധ്യം കുട്ടികള്‍ക്കാണെങ്കിലും ഉണ്ടാകൂ. വനിതാമതില്‍ കെട്ടിയ നാടാണല്ലോ നമ്മുടേത്. വനിതകളുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമത്വവുമെല്ലാം കാത്തുസൂക്ഷിക്കുന്നതില്‍ ഇതുപോലെ പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാര്‍ വേറെയില്ല. അതുകൊണ്ടാണ് മതിലുകെട്ടിന് നേതൃത്വം കൊടുത്ത എം.സി. ജോസഫൈന്‍ എന്ന മഹിളാരത്‌നത്തെത്തന്നെ പിണറായി വിജയന്‍ വനിതകളുടെ സംരക്ഷണത്തിന് കരാറേല്‍പിച്ചുകൊടുത്തത്. സംരക്ഷണം അധികമായപ്പോള്‍ പാര്‍ട്ടിക്ക് തലവേദനയായി. രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സിപിഎം മുഖം രക്ഷപ്പെടുത്തി. പതിനൊന്ന് മാസം കൂടി വനിതകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബാക്കിനില്‍ക്കെ ജോസഫൈന്‍ രാജിവെക്കുകയാണ് പോലും. രാജി വെച്ചാല്‍ ആരോപണങ്ങളൊക്കെ രാജിയായിപ്പോകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പിന്നെ ത്യാഗം ചെയ്ത സഖാത്തി എന്ന വിശുദ്ധ പദവി വേറെയും ജോസഫൈനെ തേടിയെത്തും.
സൈഡ് മാറി വണ്ടിയോടിച്ചാല്‍ ഫൈന്‍ അടയ്‌ക്കേണ്ടി വരുന്ന നാടാണിത്. നിയമം അങ്ങനെയാണ്. ചെയ്യുന്ന തെറ്റിനെല്ലാം ഫൈന്‍ അടയ്‌ക്കണം. സ്ത്രീപീഡനവും സ്വര്‍ണക്കടത്തും പ്രളയഫണ്ട് മുക്കലും ഡാറ്റ ചോര്‍ത്തലും വനംകൊള്ളയും കടല്‍ക്കൊള്ളയുമടക്കം സര്‍വം മുടിച്ചുവാരിയിട്ടും പിണറായിക്ക് പിന്നെയും വോട്ട് ചെയ്തു എന്നതാണ് കേരളം ചെയ്ത വലിയ തെറ്റ്. ജോസഫൈനെക്കാള്‍ മുന്തിയ ഇനം ഫൈനൊന്നും കിട്ടിയാല്‍ പോരാ ഈ മുഴുത്ത തെറ്റിന്.
പിണറായി സര്‍ക്കാരിന് കേരളം ആദ്യമൂഴത്തില്‍ വിധിയെഴുതിയപ്പോള്‍ മട്ടാഞ്ചേരിക്കാര്‍ തോല്‍പ്പിച്ചതാണ് ആയമ്മയെ. അന്ന് തോറ്റതിന്റെ ഖിന്നത മാറിയത് പിണറായി വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന പദവി വെച്ചുനീട്ടിയപ്പോഴാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിമയാണ് എന്നും ജോസഫൈന്‍. പോലീസും കോടതിയും ഒക്കെ പാര്‍ട്ടിയാണെന്നും അതിനുമുകളിലല്ല ഒരു കമ്മീഷനും എന്നൊക്കെ പരസ്യമായി വിളിച്ചുപറഞ്ഞാണ് ജോസഫൈന്‍ നേരത്തെ താരമായത്.
അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് പരാതിക്കാരിയോട് താന്‍ ‘അനുഭവിച്ചോളാന്‍’ പറഞ്ഞത് എന്നാണ് പിണറായി മോഡല്‍ വനിതാസംരക്ഷണത്തിന് ചുക്കാന്‍ പിടിച്ച കമ്മീഷന്റെ ഒടുക്കത്തെ വിശദീകരണം. അതും പോരാഞ്ഞ് ധാര്‍മ്മികതയും കുത്തിപ്പൊക്കുന്നുണ്ട് ആയമ്മ. നമ്മുടെ സ്ത്രീകള്‍ പോലീസില്‍ പരാതി പറയാത്തിലുള്ള അമര്‍ഷമായിരുന്നു പോലും അവര്‍ക്ക്. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പീഡനം സഹിക്കാതെ ഓടിക്കയറിയത് ഡാകിനിയമ്മൂമ്മയുടെ മടയിലേക്കായിരുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പരാതിക്കാരി. ഇതിനേക്കാളെത്രയോ ഭേദമായിരുന്നു അമ്മായിയമ്മയെന്ന് ഇപ്പോള്‍ അവരോര്‍ക്കുന്നുണ്ടാകണം.
യുവതിയുടെ പരാതിയും ജോസഫൈന്റെ ആക്രോശവും വാര്‍ത്തയായപ്പോള്‍ പിന്നാലെ പൊന്തിവരുന്നത് വനിതാകമ്മീഷന്റെ പീഡനത്തിനിരയായ യുവതികളുടെ രോദനമാണ്. കൊല്ലത്തുകാരിയായ പരാതിക്കാരിയോട് ജോസഫൈന്‍ ഫോണില്‍ മൊഴിഞ്ഞത് അടിയാണ് തരേണ്ടതെന്നാണ്. ഇതെന്തുമാതിരി കമ്മീഷനാണെന്ന് വ്യക്തമാക്കേണ്ടത് പിണറായി വിജയന്റെ സര്‍ക്കാരാണ്. സ്ത്രീപീഡനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ മിസ്റ്റര്‍ മരുമകനെപ്പോലെ വേറൊരു നേതാവില്ലെന്ന് നാട്ടുകാരെക്കൊണ്ടു പറയിക്കുന്നതാണല്ലോ പിണറായിയുടെ കയ്യിലിരുപ്പ്.
ജോസഫൈനെ ഈ പണി എല്‍പ്പിച്ചവരെയാണ് സമ്മതിക്കണ്ടത്. പിണറായി മാത്രമല്ല പാര്‍ട്ടിയിലെ ഒട്ടുമുക്കാലും ഒരേ ജനുസ്സില്‍പ്പെട്ടവരാണെന്ന് അറിയാത്തത് മലയാളിയുടെ തെറ്റാണ്. അല്ലെങ്കില്‍ ഈ പാര്‍ട്ടിയും സര്‍ക്കാരും ഇന്നേവരെ നിയോഗിച്ച കമ്മീഷനുകളെയൊക്കെ ഒന്നു പരിശോധിച്ചുനോക്കൂ. സ്ത്രീപീഡനത്തിനെതിരെ കാല്‍നടജാഥ സംഘടിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് സാക്ഷാല്‍ പി.കെ. ശശിയെയാണ്. എം.എന്‍. നമ്പ്യാര്‍ സ്റ്റൈലില്‍ തലമുടി ചീകി വെച്ച് ശശി സഖാവ് പീഡനത്തിന്റെ ആന്ദോളനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കാലമായിരുന്നു അത്. സഖാവ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ പരാതി പറഞ്ഞ വനിതാ സഖാവിന്‌നീതി കൊടുക്കാന്‍ സിപിഎം നിയോഗിച്ച സിഐഡികളാണ് ബാലനും ശ്രീമതിയും. അന്നാണ് ചരിത്രത്തിലാദ്യമായി ‘തീവ്രത കുറഞ്ഞ പീഡനം’ എന്ന വകുപ്പ് സൃഷ്ടിക്കപ്പെടുന്നത്. ശശിസഖാവിന്റേത് തീവ്രത കുറഞ്ഞ പീഡനമാണെന്നായിരുന്നു കണ്ടെത്തല്‍.
പാര്‍ട്ടിവക കമ്മീഷനുകളുടെയൊക്കെ ഗതിയിതാണ്. സര്‍ക്കാര്‍ വക കമ്മീഷനുകളാണെങ്കില്‍ ജോസഫൈന്‍ മോഡല്‍ പ്രതിഭാസങ്ങളും. കാറും പൂത്ത കാശും സര്‍ക്കാര്‍ വക ബംഗ്ലാവും കറങ്ങുന്ന കസേരയുമൊക്കെയായി പാവം ജനങ്ങളുടെ പണമെടുത്ത് ധൂര്‍ത്തടിക്കുകയാണ് ഇമ്മാതിരി വകതിരിവില്ലാത്ത കമ്മീഷനുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍. ഇരുത്താന്‍ വേറെ ഇടം കിട്ടാത്ത സഖാക്കളെ തെരഞ്ഞുപിടിച്ച് ഇരുത്താനുള്ളതാക്കി ഭരണഘടനാപദവിയുള്ള കസേരകളാക്കി മാറ്റിത്തീര്‍ത്തിരിക്കുകയാണ് പിണറായി വിജയന്‍. മുന്നാക്കവികസന കോര്‍പ്പറേഷനുണ്ടാക്കിയാണ് ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കില്‍ കുടിയിരുത്തിയത്. യെച്ചൂരിയുടെ പോക്കറ്റിലിട്ട കത്തിന്റെ ബലത്തിലാണെങ്കില്‍ പോലും വിഎസിനെ ഭരണപരിഷ്‌കാരകമ്മീഷനാക്കി കുടിയിരുത്തിയതും പിണറായിയാണ്. എന്ത് പരിഷ്‌കാരവും വികസനവുമാണ് രണ്ട് കാരണവന്മാരും കൂടി വരുത്തിയതെന്ന് അറിയില്ല.
പത്ത് കോടി 79 ലക്ഷത്തിലധികം രൂപയാണ് വിഎസ് നയിച്ച കമ്മീഷന്റെ ആകെ ചെലവ്. കക്ഷി സമര്‍പ്പിച്ച ഒറ്റ റിപ്പോര്‍ട്ടും നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുകൂടിയില്ല ഈ സര്‍ക്കാര്‍. എന്ത് റിപ്പോര്‍ട്ടാണോ ഈ കാലം കൊണ്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ നല്‍കിയത്! ചിന്തയെന്നത് അടുത്തുകൂടി പോയിട്ടില്ലാത്ത ഒരു പ്രതിഭയ്‌ക്ക് യുവജനക്ഷേമബോര്‍ഡ് തീറെഴുതിയായിരുന്നു പിണറായിയുടെ മറ്റൊരു നിയമനം. ജില്ലാജഡ്ജിമാരടക്കമുള്ള പാനലിനെ പുറം കാലിന് തൊഴിച്ചുമാറ്റി ഒരു പിടിഎ മെമ്പറെ ബാലാവകാശകമ്മീഷന്‍ ചെയര്‍മാനാക്കിയ സര്‍ക്കാരാണിതെന്ന് ഓര്‍ക്കണം. ചീഫ് സെക്രട്ടറിമാരിരുന്ന കസേരയിലേക്ക് പിടിഎ മെമ്പറെ ഇരുത്തിയത് പഴേ സര്‍ക്കാരിലെ ടീച്ചറമ്മയാണ്. തലശ്ശേരിയിലെ സിപിഎം നേതാവായ കെ.വി. മനോജ്കുമാറിന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനാകാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചവരോട് പിണറായി പറഞ്ഞത് പരമയോഗ്യനാണ് ആള് എന്നായിരുന്നു.
എന്തായാലും വനിതാകമ്മീഷനില്‍ നിന്ന് പാര്‍ട്ടിയുടെ പരമയോഗ്യ പടിയിറങ്ങുന്നു. പറഞ്ഞുവരുമ്പോള്‍ പിണറായിയുടെ ഭാഷ അനുകരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. പരമയോഗ്യന്‍ സര്‍ക്കാരിനെ നയിക്കുമ്പോള്‍ പിന്നെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: