കോഴിക്കോട്: കേരളം തീരുമാനിച്ചാല്‍ വൈദ്യുതി നിരക്കും കുറയും. ഇന്ധനവില സംസ്ഥാനത്ത് കുറയാന്‍ കേരളം തീരുമാനിക്കണമെന്നതുപോലെയാണിതും. വൈദ്യുതി നിരക്ക് കുറയ്‌ക്കാനാകുമെന്നിരിക്കെ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയാനുള്ള പദ്ധതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.1963 ലെ കേരളാ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരമാണ് വൈദുതി ഉപഭോഗത്തിനു കരം പിരിക്കുന്നത്. മൊത്തം കറന്റ് ചാര്‍ജ്ജിന്റെ 10 ശതമാനമാണ് കേരളത്തിലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി. തമിഴ്നാട്ടില്‍ ഇത് അഞ്ചു ശതമാനവും കര്‍ണാടകത്തില്‍ ആറ് ശതമാനവും. രാജ്യം ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ വൈദ്യുതിയെ ജിഎസ്ടിയില്‍ പെടുത്തിയില്ല. അതിന് പകരം രാജ്യത്തെമ്പാടും വൈദ്യുതിക്ക് ഒരേ നിരക്ക് നടപ്പാക്കും. ഇതോടെ സംസ്ഥാനത്തിന്റെ 10 ശതമാനം ഡ്യൂട്ടി പിരിക്കല്‍ നില്‍ക്കും. ഇത് നിരക്ക് കുറയ്‌ക്കും.
2002 മെയിലാണ് ഉപഭോക്താക്കള്‍ക്ക് വെച്ചിരുന്ന മീറ്ററുകള്‍ക്കു വാടക ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. അധികാരത്തില്‍ വന്നാല്‍ ഇത് ഇല്ലാതാക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ ഈ വാടകയ്‌ക്കുമേല്‍ ജിഎസ്ടിയും വെള്ളപ്പൊക്ക സെസുമുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മീറ്റര്‍ വാടക ഇല്ല. ഇത് ഒഴിവാക്കിയാല്‍ സംസ്ഥാനത്ത് നിരക്ക് കുറയ്‌ക്കാം.
ഇതിന് പുറമേയാണ് ഫിക്സഡ് നിരക്കിന്റെ പേരിലുള്ള വഞ്ചന. കണക്റ്റഡ് ലോഡ് അടിസ്ഥാനമാക്കി ഫിക്സഡ് ചാര്‍ജ് ഈടാക്കുമ്പോള്‍ 1000 വാട്ട്‌നെ ഒരു കിലോവാട്ട് ആയും 1001 വാട്ട്‌നെ രണ്ടു കിലോ വാട്ട് ആയും 2001 വാട്ട്‌നെ മൂന്നു കിലോ വാട്ട് ആയും കണക്കാക്കിയാണ് ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ആനുപാതികമായി ഒന്നേകാല്‍ കിലോവാട്ട് ഒന്നര കിലോ വാട്ട് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഇത് യുക്തി സഹമാക്കിയാലും വലിയൊരു വിഭാഗത്തിന് നിരക്ക് കുറയും.കേരളത്തില്‍ മാത്രമുള്ള, സ്ലാബ് സംവിധാനമാണ് മറ്റൊന്ന്. വീടുകള്‍ക്ക് 10 സ്ലാബുകള്‍ ഉണ്ട്. ടെലിസ്‌കോപിക് രീതിയില്‍ അഞ്ചും നോണ്‍ ടെലിസ്‌കോപിക് രീതിയില്‍ അഞ്ചും.
ഇത് അശാസ്ത്രീയമാണ്. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിങ്ങില്‍ ഒരു ദിവസം റീഡിങ് തെറ്റിയാലും ചാര്‍ജ് വര്‍ധന ഉണ്ടാവും.സ്ലാബുകളുടെ എണ്ണം കുറച്ച്, റീഡിങ് കര്‍ണാടകത്തിലേതു പോലെ മാസം തോറും ആക്കിയാല്‍ ബില്‍തുക കുറയ്‌ക്കാം.എല്ലാ മാസാവസാനവും രാത്രി പന്ത്രണ്ടു മണിക്ക് റീഡിങ് ലഭ്യമാവുന്ന രീതിയില്‍ മീറ്റര്‍ സെറ്റു ചെയ്തു വെക്കാവുന്നതേയുള്ളുവെന്ന് കെഎസ്ഇബിസാങ്കേതിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു മാസത്തിലൊരിക്കല്‍ റീഡിങ് എടുക്കാന്‍ പോയാലും മാസം തോറുമുള്ള റീഡിങ് കിട്ടും.
മൂന്നു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഏര്‍പ്പെടുത്തണം എന്നാണ് കേന്ദ്ര നയം. അതോടെ ബില്ലിംഗ് മാസത്തിലാകും. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല.കൂടിയ നിരക്കില്‍ ദീര്‍ഘ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ അവസാനിപ്പിച്ചാലും വാങ്ങുന്ന വൈദ്യുതിക്ക് വില കുറയും, ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. രാജ്യത്താകെ വൈദ്യുതിക്ക് ഒരേ നിരക്ക് വരുന്നതോടെ വൈദ്യുതി ചാര്‍ജ് കുറയും, കേരളം ഉപഭോക്താക്കളോട് അനുകൂല നിലപാടെടുത്താല്‍ വൈദ്യുതി നിരക്ക് പിന്നെയും കുറയും.
ബില്‍ രണ്ടുമാസത്തിലൊരിക്കലാണെങ്കിലും കണക്കുകള്‍ ഒന്ന് തന്നെയാണെന്ന ബോര്‍ഡിന്റെ വാദം ശരിയല്ല. ഒരാള്‍ ഒരുമാസം 250 യൂണിറ്റും അടുത്ത മാസം 252 യൂണിറ്റും ഉപയോഗിച്ചുവെന്നിരിക്കട്ടെ. മാസം തോറും കണക്കാക്കിയാല്‍ എനര്‍ജി ചാര്‍ജ് മാത്രം 250 യൂണിറ്റിന് 1282.50 രൂപയാകും. അതിന്റെ വിശദാംശം ഇങ്ങനെ:
ആദ്യ മാസം
50×3.15= 157.50
50×3.70=185.00
50×4.80=240.00
50×6.40=320.00
50×7.60=380.00 = 1282.50
രണ്ടാം മാസം 252 യൂണിറ്റിന് (252x 5.80) 1461.60 രൂപയും. ആകെ വൈദ്യുതി ചാര്‍ജ് 2744.10 രൂപ. എന്നാല്‍ ഇത് രണ്ടുമാസത്തിലൊന്നായി എടുക്കുമ്പോള്‍ 251×5.80ഃ2 മാസം 2911.60 രൂപ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക