ആയുഃ സത്ത്വ ബലാരോഗ്യ
സുഖ പ്രീതി വിവര്‍ധനാഃ
രസ്യാഃ സ്നിഗ്ധാഃ സ്ഥിരാ ഹൃദ്യാഃ
ആഹാരാ സാത്ത്വിക പ്രിയാഃ
(ഭഗവദ്ഗീത)
സത്വരജസ്തമോഗുണങ്ങള്‍ ആഹാരത്തിനുമുണ്ട്. അഥവാ ഈ ത്രിഗുണങ്ങള്‍ മനുഷ്യനു വന്നു ഭവിക്കുന്നതും ആഹാരം വഴിയാണ്. അത്തരം ആഹാരം കഴിക്കുന്നവര്‍ക്ക് അതാത് ഗുണങ്ങളും വന്നുകൂടുന്നു. ഭഗവദ്ഗീതയില്‍ ഈ മൂന്നു ഗുണങ്ങളും ഉണ്ടാകുന്ന ആഹാരങ്ങളെക്കുറിച്ച് പറയുന്നു. സാധകന്മാര്ക്ക് മാത്രമല്ല അല്ലാത്തവര്‍ക്കും സാത്വികമായ ഭക്ഷണം തന്നെയാണ് വേണ്ടത്.
ഇന്നത്തെ എല്ലാവിധ ചികിത്സാശാസ്ത്രങ്ങളും ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ അംഗീകരിക്കുന്നു. ഭാരതീയര്‍ക്ക് ഇത്തരം ആശയങ്ങള്‍ പുതിയവയല്ല. ഭാഗവതം, വിഷ്ണുപുരാണം, വേദങ്ങള്‍ ഇവയിലെല്ലാമാ യി ചിതറികിടക്കുന്നു ആരോഗ്യ, ഭക്ഷണ കാര്യങ്ങള്‍.
ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രവും (അലോപ്പതി) ജീവിതശൈലിയെക്കുറിച്ച് നിരന്തരം പറയുന്നു. പണ്ട് ഇവയെല്ലാം പറഞ്ഞിരുന്നത് ആയുര്‍വേദവും യുനാനിയും പ്രകൃതിചികിത്സയും മറ്റുമാണ്. ‘യദന്നം ഭക്ഷ്യയേന്നിത്യം ജായതേ താദൃശീ പ്രജാഃ’. ഏതുതരത്തിലുള്ള ഭക്ഷണമാണോ കഴിക്കുന്നത് അതനുസരിച്ചുള്ള സന്താനമുണ്ടാകുമെന്ന് വേദം. പലതരം ഭക്ഷണശീലങ്ങള്‍ നമ്മുടെ ഡിഎന്‍എയില്‍ രേഖപ്പെടുത്തുന്നു എന്നും അവ അനന്തര തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്നുവെന്നും ഇപ്പോള്‍ ആധുനിക ഗവേഷകരും പറയുന്നു. നമ്മുടെ ഭക്ഷണ ശീലം നമ്മുടെ മുതുമുത്തച്ഛന്മാരുടെ ശീലവുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്നും ഗവേഷകര്‍ പറയുന്നുണ്ട്.
ആയുസ്സ്, ആന്തരിക ബലം, ആരോഗ്യം, സുഖം, പ്രീതി ഇവയെ വര്‍ദ്ധിപ്പിക്കുന്നവയും സ്വാദുള്ളതും മെഴുക്കു ചേര്‍ന്നതും സ്ഥായിയായ പുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളുമായ ആഹാരങ്ങള്‍ സാത്വികന്മാര്ക്ക് പ്രിയപ്പെട്ടവയാണ് എന്നാണ് ഇവിടെ ഉദ്ധരിക്കുന്ന ശ്ലോകത്തിന്റെ ആശയം.
ഈ ശ്ലോകത്തിന്റെ തൊട്ടു മുന്‍പും പിന്പുമായി രാജസ താമസിക ഭക്ഷണങ്ങളെക്കുറിച്ച് ഗീത ചര്‍ച്ച ചെയ്യുന്നു. പരിഷ്ക്കാരം എന്ന് പറഞ്ഞു മാര്‍ക്കറ്റില്‍ കിട്ടുന്ന ഭക്ഷ്യങ്ങളെ ഭക്ഷ്യങ്ങള്‍ എന്ന് പറയാന്‍ പാടില്ലാത്തവയാണ്. ഫ്രിഡ്ജ് വന്നതോടുകൂടി എല്ലാം പൂര്‍ത്തിയായി. നാക്കിനെ പറ്റിക്കാന്‍ വേണ്ടി (ഉദരത്തെ ദ്രോഹിക്കാനും) പഞ്ചസാരയും മസാലകളും മറ്റും ചേര്‍ത്താല്‍ നല്ല ഭക്ഷണമായി എന്നാണ് പലരും ധരിച്ചിരിക്കുന്നത്.
ഭക്ഷണം തന്നെ മരുന്ന് എന്നും മരുന്നുതന്നെ ഭക്ഷണം എന്നും ആദ്യം പറഞ്ഞത് ഭാരതീയരാണ്. ‘തസ്മാ ദോഷധയോരന്നം’ എന്ന് യജുര്‍വേദം. ഈ ആശയം പാശ്ചാത്യലോകത്ത് പ്രചരിപ്പിച്ചത് ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റിസ് ഇന്ന് അദ്ദേഹം പറഞ്ഞതെല്ലാം അവര്‍ ഉപേക്ഷിച്ചു. ആയുര്‍വേദം പറയുന്ന പഥ്യ ഭക്ഷണം സാത്വിക ഭക്ഷണം തന്നെയാണ.് മത്സ്യമാംസാദികള്‍ സാത്വിക ഭക്ഷണമല്ല. പ്രകൃതിജീവനം അഥവാ പ്രകൃതി ചികിത്സയാണ് ഇന്ന് സാത്വികാഹാരത്തെ കുറെയെല്ലാം പ്രോത്സാഹിപ്പിക്കുന്നത്. ഗാന്ധിജിയാണ് ഭാരതത്തില്‍ പ്രകൃതിചികിത്സയുടെ ഏറ്റവും വലിയ വക്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: