കൊച്ചി: രാജ്യത്തിന്റെ സ്വപ്നമായ യുദ്ധക്കപ്പലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൊച്ചിയിലെത്തി. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസാനഘട്ട നിര്‍മാണത്തിലുള്ള വിമാനവാഹിനിയുടെ ബേസിന് ട്രയല്‍സ് വിജയകരമായതോടെയാണ് സീ ട്രയല്‍സിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. ഷിപ്പ് യാര്‍ഡിന് സമീപം തന്നെ വെള്ളത്തില്‍ ഇറക്കിയ ശേഷം കപ്പലിന്റെ യന്ത്രസംവിധാനങ്ങളും ഉള്ളിലെ ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമാണോ എന്നു പരിശോധിക്കുന്നതാണ് ബേസിന് ട്രയല്‍സ്.
ഇതു കഴിഞ്ഞ നവംബറില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കടലിലേക്ക് കൊണ്ടുപോയി യന്ത്രസംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ചു പരിശോധനകള്‍ നടത്തുകയും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാനാണ് സീ ട്രയല്‍സ് നടത്തുന്നത്. ഇതിനു ശേഷമാകും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിക്കുക. സീ ട്രയല്‍സിനു മുന്നോടിയായുള്ള അവസാനഘട്ട പരിശോധനക്കായാണ് പ്രതിരോധമന്ത്രി കൊച്ചിയില്‍ എത്തിയത്. നാവികസേന പരിപാടികളില്‍ മാത്രമാണ് മന്ത്രി പങ്കെടുക്കുത്തത്.
രാജ്യത്ത് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ കപ്പലാണ് ഐഎസി 1. അടുത്ത വര്‍ഷം കമ്മിഷന് ചെയ്യുന്ന കപ്പല്‍ അതിനുശേഷം ഐഎന്‍എസ് വിക്രാന്ത് എന്നാണ് അറിയപ്പെടുക. ഡീകമ്മിഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനാണിത്. 262 മീറ്റര്‍ നീളമുള്ള ഐഎസി 1ന് ആയിരത്തി അഞ്ഞൂറിലേറെ നാവികരെ ഉള്‍ക്കൊളളാനാകും. റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെനിര്‍മിക്കുന്ന കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാനാകും. ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നത്. 2300 കമ്പാര്‍ട്ട്മെന്റുകളാണ് കപ്പലിലുള്ളത്.
പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 30 വിമാനങ്ങള്‍ വഹിക്കാനാവും. 20 ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെയാണിത്. മിഗ്-29കെ, നാവിക സേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവ വഹിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ട് റണ്‍വേകളുള്ള കപ്പലിനു ഷോര്‍ട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ഡെലിവറി (എസ്ടിഒബിഎആര്‍.) സംവിധാനമുണ്ടാകും. വിമാനവാഹിനിക്കപ്പലുകളുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍സ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കു നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാണ് സേവനത്തിലുള്ളത്. ഐഎന്‍എസ് വിക്രാന്ത് 2017ല്‍ ഡീകമ്മിഷന്‍ ചെയ്തു. ഇതിനുപകരമായാണ് ഐഎസി 1 വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: