നുണയാണെന്ന് അറിയാവുന്ന കാര്യവും സത്യമാണെന്ന രീതിയില്‍ പലതവണ ആവര്‍ത്തിച്ചാല്‍ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തില്‍ അതിനെ വിശ്വസിക്കാന്‍ ആള്ക്കാര് തയ്യാറാവുമെന്നാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ ആത്മകഥയായ മെയിന്‍ കാംഫില്‍ പറഞ്ഞത്. ഇത് പ്രാവര്‍ത്തികമാക്കിയ ആളായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ്. വസ്തുതാപരമായി തെറ്റാണെങ്കിലും സമര്‍ത്ഥിക്കുന്ന രീതിയാല്‍ വ്യക്തമായ സത്യത്തേക്കാള്‍ നന്നായി ഫലിപ്പിക്കാന്‍ നുണയ്ക്കുകഴിയും എന്ന് ലോകത്തെ കാട്ടിക്കൊടുത്ത പെരുംനുണകളുടെ മൂര്‍ത്തി.
ഏഷണിയും ഗൂഢതന്ത്രവും കൊണ്ടു നടക്കുന്ന രാമായണത്തിലെ കഥാപാത്രമാണ് മന്ഥര. ശ്രീരാമനെ രാജ്യം ഉപേക്ഷിച്ച് കാട്ടിലേക്ക് വിടാന്‍ കാരണക്കാരി.
നുണകളുടെ കാര്യത്തില്‍ ഗീബല്സിന് മന്ഥരയിലുണ്ടായ മക്കളാണ് തങ്ങളെന്ന് ആവര്‍ത്തിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍. കഴിഞ്ഞ ദിവസം ഡിഫി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ പൊരുമ കള്ളം ഒടുവിലത്തേതുമാത്രം. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന് എന്നു വിളിച്ച് ബിജെപിക്കാര്‍ ആക്ഷേപിച്ചിട്ട് കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നായിരുന്നു യുവ നേതാവിനു ചോദിക്കാനുണ്ടായിരുന്നത്. കുടിച്ച് നാലുകാലില്‍ നടന്ന ചെത്തു കാരന്റെ മകനാണ് പിണറായി എന്ന് കെ സുധാകരന് പറയുകയും അത് അഭിമാനമായി മുഖ്യമന്ത്രി എടുക്കുകയും ചെയ്തിട്ട് അധിക നാളായില്ല. എന്നിട്ടും ബിജെപിക്കാരാണ് അങ്ങനെ വിളച്ചതെന്ന് ഡിഫി നേതാവ് പറയുന്നത് അബന്ധമല്ല. ഭാവിയില്‍ പ്രചരിപ്പിക്കാനുള്ള നുണയുടെ തുടക്കം മാത്രം.
കൊടകര കവര്‍ച്ചക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു സിപിഎം പ്രചാരണം. ഒരു വിഭാഗം മാധ്യമങ്ങളും അതേറ്റുപിടിച്ചു. പോലീസ് അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അറസ്റ്റിലായ 21 പേരില്‍ ഒന്‍പത് പ്രതികള്‍ സിപിഎം സിപിഐ പ്രവര്‍ത്തകര്‍. മറ്റ് ചിലര്‍ മുസ്ലീം ലീഗുമായും എസ്ഡിപിഐയുമായും കണ്ണൂരിലെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവര്‍.
മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ചപ്പോള്‍ സിപിഎം നേതൃത്വം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രംഗത്ത് വന്നു. കുത്തേറ്റ് വീണ സനൂപിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറാകാതെ മണിക്കൂറുകളോളം നടുറോഡില്‍ കിടത്തി..പത്ത് മണിക്കൂറിനു ശേഷം മന്ത്രിയായിരുന്ന എ.സി.മൊയ്തീന് സംഭവസ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം മാറ്റാന്‍ അനുവദിച്ചത്. ആര്‍എസ്എസും ബിജെപി യുമാണ് കൃത്യത്തിന് പിന്നിലെന്ന് മൊയ്തീന് ആരോപിക്കുകയും ചെയ്തു. പക്ഷേ പോലീസ് അന്വേഷണം മുറുകിയതോടെ ചിത്രം മാറി. പിടിയിലായത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. ചികിത്സ നിഷേധിച്ച് റോഡില്‍ മണിക്കൂറോളം കുത്തേറ്റയാളെ കിടത്തിയതാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുകയും ചെയ്തു.
പുനപ്രവയലാര് സമരം സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനത്തിനെതിരെ നടന്ന സമരം ആയിട്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നത്.എന്നാല്‍ 1947 ജൂലായ് 11 നാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര് സി.പി പ്രഖ്യാപിക്കുന്നത്. പുന്നപ്ര പ്രക്ഷോഭം നടന്നത് 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലും.
1947 ജൂലായ് 25നാണ് സര് സി.പി ക്ക് നേരെ വധശ്രമം ഉണ്ടാവുന്നത്. അന്ന് തന്നെ അദ്ദേഹം പേടിച്ചരണ്ട് നാട് വിട്ടു എന്നും കമ്മ്യൂണിസ്റ്റ് വിജയമെന്ന് നിലയിലുമായിരുന്നു പ്രചാരണം. കവിളിലാണ് സര് സി പി ക്ക് വെട്ടേറ്റത്. അദ്ദേഹം തന്നെ ജനറല്‍ ആശുപത്രിയില്‍ പോയി തുന്നി കെട്ടി. ഈ സംഭവവും കഴിഞ്ഞ് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച ശേഷമാണ് സര് സി.പി മദ്രാസിലേക്ക് തിരിച്ച് പോയത്..
സര് സി.പിയെ വെട്ടിയ മണി ഒരിക്കലും ഒരു കമ്മ്യുണിസ്റ്റ് കാരന് ആയിരുന്നില്ല. അയാള്‍ സോഷ്യലിസ്റ്റായിരുന്നു. എന്നിട്ടാണ് മണിയുടെ പിതൃത്വം പോലും പേറി കമ്മ്യുണിസ്റ്റുകാര്‍ വീമ്പു പറയുന്നത്.
തിരുവനന്തപുരത്ത് പ്രസംഗിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വര്‍ക്കര്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എത്തിയ ഇടതു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചോദിച്ചെന്നും തടനായാന് ശ്രമിച്ച ആര്‍എസ് എസുകാരെ ശരിക്കു കൈകാര്യം ചെയ്തു എന്നുമായിരുന്നു മറ്റൊരു നുണ. ഒഎന്‍വി പറഞ്ഞ കള്ളത്തെ കൂട്ടിപിടിച്ചായിരുന്നു ഇത്. സംഭവം നടക്കുമ്പോള്‍ ഒ എന്‍ വി കൊല്ലത്ത് പഠിക്കുകയാണെന്നതും മലയാറ്റൂര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഗുരുജിയുടെ പരിപാടി കലക്കാന്‍ വന്നവര്‍ തല്ലുകൊണ്ട് ഓടുകയായിരുന്നു എന്നതും തെളിവു സഹിതം പുറത്തു വന്നു. എന്നിട്ടും ഇപ്പോഴും ഗോള്‍വര്‍ക്കറെ ഉത്തരം മുട്ടിച്ചെന്ന കള്ളം പറച്ചില് നിര്‍ത്തുന്നില്ല.
കള്ളമാണെന്ന് ബോധ്യപ്പെട്ടിട്ടും അതു സത്യമാണെന്ന് ബോധ്യപ്പെടുത്താന്‍ മുന്നിട്ടിറങ്ങാന്‍ വലിയ നേതാക്കള്‍ക്കുപോലും ഉളിപ്പില്ല എന്നതാണ് സത്യം. എകെജി മുതല്‍ പിണറായി വരെ ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല.
ആദ്യത്തെ ഇഎംഎസ് സര്‍ക്കാറിന്റെ കാലത്ത് മൂന്നാറിലെ തോട്ടം മേഖലയില്‍ പൊലീസ് വെടിവെയുപ്പുണ്ടായി. പപ്പാമ്മാള് എന്ന ഗര്‍ഭിണിയും ഹസന് റാവുത്തര്‍ എന്ന തൊഴിലാളിയും മരിച്ചു. പാര്‍ട്ടി പോലീസ് നടപടിയെ ന്യായീകരിച്ചു. പാവങ്ങളുടെ പടത്തലവനായ എകെ ഗോപാലനായിരുന്നു ന്യായീകരണം ചമയ്ക്കാനുള്ള നിയോഗം. തോട്ടം മുതലാളിമാരില്‍ നിന്ന് കൈക്കൂലി വാങ്ങി കോട്ടയം എസ്പി മേരി അര്‍പ്പുതം നടത്തിയതാണ് വെടിവെയ്പ്പെന്ന് എകെജി ആരോപിച്ചു. ഇതിനെതിരെ എസ്പി മാനനഷ്ടക്കേസ് നല്കി. ആലപ്പുഴ മജിസ്ട്രേറ്റ് എകെജിയെ 500 രൂപ പിഴ ശിക്ഷയ്ക്ക് വിധിച്ചു.
അതേ കാലത്ത് കുണ്ടറ ചന്ദനത്തോപ്പിലെ വെടിവെപ്പിനേയും നുണ പറഞ്ഞ് ന്യായീകരിക്കാന്‍ കേന്ദ്രകമ്മിറ്റി അംഗത്തെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്.കശുവണ്ടി ഫാക്ടറിയിലായിരുന്നു വെടിവെയ്പ്പ്. ആര്‍എസ്പിയുടെ ട്രേഡ് യൂണിയനായ യുടിയുസിയുടെ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന മുന്‍ തീരുമാനം അട്ടിമറിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം നടക്കുമ്പോഴായിരുന്നു വെടിവെയ്പ്പ് വാര്‍ത്ത പുറത്തു വന്നത്. പൊലീസ് വെടിവെയ്പ്പിനെ ന്യായീകരിച്ച് സ്റ്റേറ്റ് കൗണ്‍സില്‍ പ്രമേയം പാസാക്കി. വെടിവെയ്പ്പിനെ ന്യായീകരിച്ച് പ്രചാരണ പരിപാടികള്‍ നടത്താനും ചന്ദനത്തോപ്പിലെ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കാനായി കന്ദ്രകമ്മിറ്റി അംഗം കെ ദാമോദരനെ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തു. പൊലീസ് ആത്മരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന് കാണിച്ച് സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
തലശ്ശേരിയിലും നാദാപുരത്തും സിപിഎം കാര്‍മ്മികത്വത്തില്‍ കലാപത്തെ സമര്‍ത്ഥമായി മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനും കമ്മ്യൂണിസ്റ്റുകാര്‍ക്കായി. ജഗന്നാഥ ക്ഷേത്ര ഘോഷയാത്രയ്ക്ക് നേരെ നൂര്ജഹാന് ഹോട്ടലില്‍ നിന്ന് ചെരുപ്പേറ് ഉണ്ടായതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളാണ് തലശേരി കലാപം എന്നറിയപ്പെടുന്നത്. സിപിഎം നേതാവ് ഒ.കെ കുഞ്ഞികണ്ണനെ ലീഗുകാര്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായി എട്ടിക്കുളംപള്ളി ഇമാംഅബ്ദുറഹ്മാന് മുസ്ലിയാരെ പള്ളിയില്‍ കയറി വെട്ടികൊന്ന് പള്ളിയ്ക്കു തീയിട്ടു നശിപ്പിച്ചതാണ് യഥാര്‍ത്ഥത്തില്‍ കലാപത്തിന് വഴിമരുന്നിട്ടത്. ഈ ദുഷ്പേര് മാറ്റാന്‍ എ.കെ.ജി നടത്തിയ രാഷ്ട്രീയ വിശദീകരണ ജാഥ ഫലത്തില്‍ മുസ്ലിം വിരുദ്ധപ്രചരണ ജാഥയായി മാറി. ആഭ്യന്തരമന്ത്രി സിഎച്ച് മുഹമ്മദ്കോയയെ തലശ്ശേരി ഇന്സ്പക്ഷന് ബംഗ്ലാവില്‍വച്ച് ഒരുസംഘം വധിക്കാന്‍ ശ്രമിച്ചു. നേതൃത്വം നല്കിയ സിഐടിയു നേതാവ ഗംഗാധരനെ ലീഗ്നേതാവ് അറബി മമ്മുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം വെട്ടി. പിറ്റേദിവസം നടന്ന പ്രതിഷേധയോഗം മുസ്ലീങ്ങള്‍ക്കുനേരെ അക്രമത്തിന് ആഹ്വാനംനടത്തി. രണ്ടുദിവസങ്ങള്‍ക്കുശേഷം മേലൂട്ട് മടപ്പുരയിലേക്കുള്ള ഘോഷയാത്ര. നേതൃത്വം നല്‍കുന്നത്. സിപിഎം നേതാവ് മാട്ടംകോട്ടം രഘു. അതിന് ശേഷം നടന്നത് സമാനതകളില്ലാത്ത് കലാപം. ക്ഷേത്രഘോഷയാത്രയുമായി ബന്ധപ്പെടുത്തി ആര്‍എസ്എസ് ആണെന്ന കള്ളത്തരമാണ് കണ്ണൂരിനു പുറത്ത് അന്ന് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയത്.
‘കുറ്റിയാടിയില്‍ വെച്ച് സഖാവ് കണാരന് എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചു’ എന്ന പ്രചരണമായിരുന്നു നാദാപുരം കലാപത്തിനും വഴിവെച്ചത്. യൂത്ത് ലീഗുകാര്‍ കുറ്റിയാടിയില്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കെ അതുവഴി എ കണാരന് കാറില്‍ പ്രകടനത്തെ മറികടന്ന് പോകാന്‍ ശ്രമിച്ചു. കാറില്‍ കണാരനാണെന്ന് മനസിലാക്കിയ യൂത്ത് ലീഗ് പ്രകടനക്കാര്‍ കൊടികെട്ടിയ വടികൊണ്ട് കാറിന് മുകളില്‍ അടിച്ചു. ലീഗിന്റെ മുതിര്‍ന്ന നേതാക്കളെത്തി കണാരനെ രക്ഷിച്ച് അവിടെ നിന്ന് മാറ്റി. കണാരന് മുറിവോ പരിക്കോ ഒന്നും തന്നെ സംഭവിച്ചില്ല. ചെറിയ പ്രശ്നത്തെ നാടുമുഴുവന്‍ വലിയ പ്രശ്നമായി അവതരിപ്പിക്കുന്നതില്‍ സിപിഎം വിജയിച്ചു. കുറ്റിയാടി, വളയം, കല്ലാച്ചി, വടകര എന്നിവിടങ്ങളില്‍ വ്യാപകമായ അക്രമം നടന്നു. പൊലീസിന് കാര്യങ്ങള്‍ ഒന്നും നിയന്ത്രിക്കാനായില്ല. എട്ടു മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്.
മാന്നാര്‍ പരുമല പമ്പാ കോളജില്‍ എബിവിപി പ്രവര്‍ത്തകരായ അനു പിഎസ്, സുജിത്, കിം കരുണാകരന് എന്നീ വിദ്യാര്‍ത്ഥികളെ പമ്പയാറിന്റെ അഗാധങ്ങളിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാര്‍ എറിഞ്ഞു താഴ്തി കൊലപ്പെടുത്തി. ഇതിലും കമ്മ്യൂണിസ്റ്റ് കാപട്യം അരങ്ങു തകര്‍ത്തു. മദ്യപിച്ച് ആറ്റില്‍ ചാടിയവര്‍ പാന്റ്സിന്റെ പോക്കറ്റില്‍ വെള്ളം കയറി മരിച്ചതാണെന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദന് പരിഹസിച്ചു. സംഭവത്തേപ്പറ്റി നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ച ടിഎം ജേക്കബിനോട് മുഖ്യമന്ത്രി ഇകെ നായനാര്‍ ചോദിച്ച ”ആര്‍എസ്എസുകാര്‍ ചത്താല്‍ അനക്കെന്താ?” എന്നാണ് ചോദിച്ചത്.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ മൂത്തൂറ്റ് പോള്‍ എം.ജോര്‍ജ്ജ് കൊന്നത് ‘എസ്’ ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണെന്ന് പോലീസ് വെളിപ്പെടുത്തി. ഉടന്‍ തന്നെ ‘എസ്’ ആകൃതിയിലുള്ള കത്തി ഉപയോഗിക്കുന്നത് ആര്എസ്എസ്സുകാരാണെന്ന പ്രസ്താവനയുമായി അന്നത്തെ സിപിഎം സെക്രട്ടറി പിണറായിവിജയന് രംഗത്തെത്തി. ആര്‍എസ്എസിനെതിരെ പ്രതിഷേധപ്രചാരണവും നടത്തി. ഒടുവില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയിലായി.
സിപിഎം വിമത നേതാവ് ടിപി ചന്ദ്രശേഖരന് വധവുമായി ബന്ധമില്ലെന്ന് വാദിച്ച സിപിഎം സംഭവത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫ് ആണെന്ന വാദവും മുന്നോട്ട് വെച്ചു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി ടിവിയാണ് തീവ്രവാദ സിദ്ധാന്തം ആവിഷ്കരിച്ചത്. കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവാ കാറില്‍ ഒട്ടിച്ചിരുന്ന ‘മാഷാ അള്ളാ’ സ്റ്റിക്കര്‍ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുന്നതാണെന്ന് കൈരളി പീപ്പിള്‍ ടിവി കണ്ടെത്തി. ചന്ദ്രശേഖരനെ കൊല്ലാന്‍ 35 ലക്ഷം രൂപ എന്‍ഡിഎഫ് കൈപ്പറ്റിയതായും റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ഈ നുണ പ്രചരണത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം 76 പ്രതികളെ പിടികൂടി. പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്ന് തെളിഞ്ഞു.
തലശ്ശേരിയില്‍ മുഹമ്മദ്ഫസല്‍ എന്ന എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു സിപിഎം ശ്രമം. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരിബാലകൃഷ്ണന് പിന്നില്‍ ആര്‍എസ്എസിനെ സംശയമുണ്ടെന്ന് പ്രഖ്യാപിച്ചു. ചോര പുരണ്ട തൂവാല ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെടുക്കുക കൂടി ചെയ്തതോടെ കൊലപാതകം ആര്‍എസ്എസ് നടത്തിയതാണെന്ന പ്രചാരണത്തിന് ‘സ്വീകാര്യത’ ഏറി. ഒടുവില്‍ കേസ് തെളിഞ്ഞപ്പോള്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെ പിടിയിലായി.
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിലും സിപിഎം നേതൃത്വം ആദ്യം ആര്‍എസ്എസിനെ കുറ്റപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെ കേസ് ഏല്‍പ്പിച്ചു. പക്ഷേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആശ്രമത്തിലുള്ള ചിലര്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് സംസാരമുയര്‍ന്നതോടെ അന്വേഷണവും നിലച്ചു.
പറഞ്ഞത് വിഴുങ്ങുകയും ഉളുപ്പില്ലാതെ മാറ്റിപ്പറയുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് രീതിയാണ്. പക്ഷേ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്ത തിരുത്താറില്ല. ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍, സത്യം പുറത്തു വന്ന ശേഷം പോലും തങ്ങള്‍ക്കു വേണ്ട സമയത്ത് പ്രചരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: