ബെംഗളൂരു: ബെംഗളൂരുവിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്കും വാക്സിന് ആദ്യ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. മൊത്തം ജനസംഖ്യയുടെ 68 ശതമാനം പേര്‍ക്കും കുത്തിവെപ്പുകള്‍ നടത്തുന്ന കര്‍ണാടകത്തിലെ ഏക ജില്ല കൂടിയാണ് ബിബിഎംപി ഉള്‍പ്പെടുന്ന ബെംഗളൂരു അര്‍ബന്‍. വാക്സിന് ഡോസുകള്‍ ഏറ്റവുമധികം ആളുകള്‍ക്ക് നല്കുന്നതില് ബെംഗളൂരു അര്‍ബന്‍, കുടക്, കോലാര്‍, രാമനഗര്‍, ഉഡുപ്പി എന്നീ ജില്ലകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
19 വയസിനു മുകളിലുള്ള 77,86,403 പേരടങ്ങുന്ന ജനസംഖ്യയുള്ള ബെംഗളൂരു അര്‍ബനില്‍ ജൂണ്‍ 21 വരെ 53,14,049 പേര്‍ക്കാണ് വാക്സിന് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ജില്ലയില്‍ 68.25 ശതമാനം ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയിട്ടുള്ളത്. 18 വയസിനു മുകളിലുള്ള 4,02,560 ജനസംഖ്യയുള്ള കുടക് ജില്ലയില്‍ ഇതുവരെ 1,99,416 (49.54 ശതമാനം) പേര്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്. കോലാറിലെ 11,76,068 പ്രായപൂര്‍ത്തിയായ ജനസംഖ്യയില്‍ 5,74,038 പേര്‍ക്കാണ് വാക്സിന് ഡോസുകള്‍ നല്‍കിയത്.
രാമാനഗരയിലെ 8,31,302 പ്രായപൂര്‍ത്തിയായവരില്‍ 4,03,747 (48.57 ശതമാനം) പേര്‍ക്ക് കുത്തിവെപ്പുകള്‍ നല്‍കിയിട്ടുണ്ട്. 10,02,762 ജനസംഖ്യയുള്ള ഉഡുപ്പി ജില്ലയില്‍ ഇതുവരെ 4,78,030 ഡോസുകള്‍ (47.67 ശതമാനം) നല്കി. കോ-വിന് ഡാഷ്ബോര്‍ഡ് ഡാറ്റ പ്രകാരം ബുധനാഴ്ച മാത്രം ബിബിഎംപി പരിധിയിലെ 54,609 പേര്‍ക്കും ബെംഗളൂരു അര്‍ബനിലെ 19,460 പേര്‍ക്കും കുത്തിവെപ്പുകള്‍ നടത്തിയിട്ടുണ്ട്.
മറ്റു ജില്ലകളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ബിബിഎംപി ആരോഗ്യ കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു. നിലവില്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമാണ് ബെംഗളൂരുവില്‍ വാക്സിന് നല്‍കുന്നത്. സ്വകാര്യ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയും നഗരത്തില്‍ വാക്സിനേഷന് ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ ബെംഗളൂരു അര്‍ബനിലെ 80 ശതമാനം ജനസംഖ്യക്കും ആദ്യ ഡോസ് വാക്സിന് നല്‍കുകയാണ് ലക്ഷ്യമെന്ന് രണ്‍ദീപ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: