ന്യൂദല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 48698 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനമാണ്. രോഗമുക്തി നിരക്കും 96.72 ശതമാനമായിട്ടുണ്ട്. 1183 കോവിഡ് മരണങ്ങളും രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദ്ദേശവുമായി കത്തയച്ചു. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ജമ്മു കശ്മീര്‍, രാജസ്ഥാന്, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെല്‍റ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയില്‍ 20 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ കോവിഡ് അണ്‍ലോക്കിന്റെ വേഗത കുറയ്ക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ ഒമ്പത് പേരിലാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: