കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തിരയുന്ന അര്ജുന് ആയങ്കി പാര്‍ട്ടി ബന്ധം മറയ്ക്കാന്‍ ശ്രമിച്ച് സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി.
മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ മെമ്പര്‍ഷിപ്പോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാന്‍. യാതൊരു വിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആ പാര്‍ട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായി സത്യം തെളിയിക്കും, എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. മാധ്യമങ്ങള്‍ വ്യാജ കഥകള്‍ പടച്ചുവിടുകയാണെന്നും അര്‍ജുന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ കഴിയുന്ന അര്‍ജുന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റിന് പിന്നില്‍ സിപിഎം നേതൃത്വമെന്ന് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ സജീവ സിപിഎം പ്രവര്‍ത്തകനായ അര്‍ജുന്റെ പങ്ക് പുറത്ത് വന്നതോടെ പ്രതിരോധത്തിലായ പാര്‍ട്ടി നേതൃത്വം ഇതിനെ മറികടക്കാന്‍ ഇയാളെക്കൊണ്ട് തന്നെ പാര്‍ട്ടിക്കനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നുവെന്നാണ് കരുതുന്നത്.
അര്‍ജുനനെതിരെ കസ്റ്റംസ് വല മുറുക്കിയതോടെ ഇയാളുമായി ബന്ധമുള്ള പലരും ഒളിവില്‍ പോയതായാണ് വിവരം. കണ്ണൂരിലെ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളാണ് ഇവര്‍. പലരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇതിനിടെ അര്ജുന് ആയങ്കി കൂടുതല്‍ നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അര്ജുന് ഉപയോഗിച്ച വാഹനം ഡിവൈഎഫ്ഐ നേതാവിന്റെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയുടെ ഉടമസ്ഥതയിലാണ് വാഹനമെന്നതാണ് രേഖകള്‍ പറയുന്നത്. വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ മൊബൈല്‍ നമ്പര്‍ അര്‍ജുന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: