കണ്ണൂര്‍ : രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതി എന്ന് കരുതപ്പെടുന്ന കണ്ണൂര്‍ അഴീക്കല്‍ സ്വദേശി അര്ജ്ജുന് ആയങ്കിക്ക് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം പ്രാദേശിക നേതാവുമായി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധം. ഇതേത്തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് അന്വേഷണം ആകാശ് തില്ലങ്കേരിയിലേക്കും നീളുന്നു. അപകടത്തിന് ശേഷം അര്ജ്ജുന് ആയങ്കി ആകാശ് തില്ലങ്കേരിയെ ഫോണ്‍ വിളിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
അര്ജ്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും അടുത്ത കാലത്തായി ആര്‍ഭാട ജീവിതം നയിച്ചു വരികയാണ്. ഇത് സിപിഎമ്മിനുള്ളിലും ചര്‍ച്ചയായിരുന്നു. പ്രാദേശിക സിപിഎം നേതാക്കളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഎം നേതൃത്വം അര്ജ്ജുന് ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ആകാശ് തില്ലങ്കേരി സിപിഎമ്മിലും ഡിവൈഎഫ്ഐയിലും സജീവമാണ്. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം ആകാശ് തില്ലങ്കേരിയിലേക്കും നീളുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരിലെ സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ നിന്നും സി.പി.എം പ്രവര്‍ത്തകനായ അര്ജ്ജുന് ആയങ്കിയാണ് സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കമുള്ളവരുമായി അര്ജ്ജുന് അടുത്ത ബന്ധമാണുള്ളത്. അപകടത്തിന് ശേഷം അര്ജ്ജുന് ആയങ്കി ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ആകാശ് തില്ലങ്കേരിയുമായി ഫോണില്‍ സംസാരിച്ചതായും സൂചനയുണ്ട്.
വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള് നിരന്തരം അര്ജ്ജുന് ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്ജ്ജുന് ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി അര്ജുന് ആയങ്കിയുടെ കണ്ണൂര്‍ അഴിക്കോട്ടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂരിലെ കസ്റ്റംസ് പ്രിവന്റ്റീവ് വിഭാഗം ആണ് റെയ്ഡ് നടത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. റെയ്ഡ് നടക്കുന്ന സമയം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അര്ജ്ജുന് ആയങ്കിയോട് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: