പത്തനാപുരം: പാടം വനമേഖലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ പത്തനാപുരം പാടത്ത് ബോംബേറ്. പണം കൊടുക്കല്‍ വാങ്ങലിലിനെ ചൊല്ലി പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്.
സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്താണ് സംഭവമെന്നതിനാല്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും കൊല്ലം-പത്തനംതിട്ട ജില്ലകളിലെ ഉന്നത പോലീസ് സംഘവും സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പാടം സ്വദേശികളായ നൈസാം, സുള്‍ഫിക്കര്‍ എന്നിവര്‍ക്ക് നേരെയാണ് ബോംബെറിഞ്ഞത്. ഇവരുടെ ബൈക്കുകളും സംഘം അടിച്ചു തകര്‍ത്തു. അക്രമിസംഘത്തിലുണ്ടായിരുന്ന ഫൈസല്‍ രാജിനും സംഘത്തിനുമെതിരെ കൂടല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് പറയുന്നത് ഇങ്ങനെ:
പത്തനാപുരം മാങ്കോട്ട് വച്ച് നൈസാം, സുള്‍ഫിക്കര്‍ എന്നിവരുമായി ഫൈസല്‍ രാജ് എന്നയാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് പിരിഞ്ഞുപോവുകയും ചെയ്തു. എന്നാല്‍ സന്ധ്യയോടെ ഫൈസല്‍ രാജും സംഘവും കാറില്‍ എത്തി പാടം ജങ്ഷനില്‍ നിന്ന നൈസാമിനെയും സുള്‍ഫിക്കറേയും പിന്തുടര്ന്ന് സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇവ സമീപത്തെ പാറയില്‍ വീണ് പൊട്ടിയതിന്റെ ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ബൈക്ക് തകര്‍ത്ത് സംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ കൂടല്‍ പോലീസ് സ്ഥലത്തെത്തി.
സംഭവമറിഞ്ഞ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ജോസ്, കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാര്‍, പുനലൂര്‍ ഡിവൈഎസ്പി സന്തോഷ് കുമാര്‍, പത്തനാപുരം ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവരും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: