ന്യൂദല്‍ഹി: ഇന്ത്യയില്‍ വാക്സിനേഷന് വേഗം പോര എന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടി നല്കി ബിജെപി. വാക്സിനേഷന് വേഗതക്കുറവ് കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.
ഒരുദിവസം ഏറ്റവുമധികം വാക്സിന് നല്കുന്ന രാജ്യമെന്ന ലോക റെക്കോഡ് ഇന്ത്യ നേടിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാര്‍ അവകാശപ്പെട്ടിരുന്നു. തിങ്കളാഴ്ച മാത്രം 88.09 ലക്ഷം പേര്‍ക്ക് വാക്സിന് നല്കിയ കണക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഈ അഭിപ്രായപ്രകടനം. എന്നാല്‍ തിങ്കളാഴ്ച വാക്സിന് നല്‍കിയവരുടെ എണ്ണം 88.09 ലക്ഷമാക്കിയത് തലേദിവസം ഡോസുകള്‍ പൂഴ്ത്തിവെച്ചത് വഴിയാണെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. ചൊവ്വാഴ്ചത്തെ വാക്സിനേഷന് എണ്ണത്തില്‍ കുറവാണെന്നും ചിദംബരം കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച 54.22 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അവകാശപ്പെട്ടു. അതേ സമയം കോണ്‍ഗ്രസ് ഭരിയ്ക്കുന്ന പഞ്ചാബ്, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് വാക്സിന് വേഗതയെ പിറകോട്ടടിപ്പിക്കുന്നതെന്നും അമിത് മാളവ്യ കണക്കുകള്‍ ഉദ്ധരിച്ച് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാജസ്ഥാനില്‍ 3.8 ലക്ഷവും പഞ്ചാബില്‍ 1.15 ലക്ഷവും മഹാരാഷ്ട്രയില്‍ 5.59 ലക്ഷവും ഛത്തീസ്ഗഡില്‍ 1.09 ലക്ഷവും ജാര്‍ഖണ്ഡില്‍ 1.02 ലക്ഷവും വാക്സിന് മാത്രമാണ് നല്‍കിയത്.
വാക്സിനേഷന്റെ ആക്കം കൂട്ടാന്‍ വാക്സിന് നിര്‍മ്മാണക്കമ്പനികളില്‍ നിന്നും കേന്ദ്രം 75 ശതമാനം വാക്സിനുകള്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നേരത്തെ വെറും 50 ശതമാനം വാക്സിന് മാത്രമാണ് കേന്ദ്രം സംഭരിക്കാന്‍ തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: