പാലക്കാട്: കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് ജില്ലാ ആശുപത്രി അധികൃതര്‍. കൂട്ടിരിപ്പുകാര്‍ കിടക്കുന്നത് സെപ്റ്റിക് ടാങ്ക് പൊട്ടി വിസര്‍ജ്യം പുറത്തേക്ക് ഒഴുകുന്നതിന് സമീപം. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം.
രണ്ടു ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുന്നവര്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ വേണമെന്ന നിര്‍ദ്ദേശം ലഭിച്ചത്. അമ്മമാരും, ഭാര്യമാരും ഉള്‍പ്പെടെ നിരവധിപേരാണ് ഉറ്റവര്‍ക്കായി ആശുപത്രിയിലെത്തിയത്. എന്നാല്‍ രോഗികള്‍ അനുഭവിക്കുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് ഇവര്‍ നേരിടുന്നത്. കൊറോണ വാര്‍ഡിലെ, വരാന്തയിലും ജനറേറ്റര്‍ ഷെഡിലും പരിസരത്തുമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിയുറങ്ങുന്നത്. മഴ പെയ്താല്‍ ഇവിടം ചോര്‍ന്നൊലിക്കുകയും ചെയ്യും.
ഇതിനടുത്താണ് സെപ്റ്റിക് ടാങ്ക് പൊട്ടി വിസര്‍ജ്യവും പുറത്തേക്ക് ഒഴുകുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിസരത്ത് കുറച്ച് ബ്ലീച്ചിങ് പൗഡര്‍ വിതറുക മാത്രമാണ് ചെയ്തത്.
മാത്രമല്ല കൊവിഡ് രോഗികള്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങളാണ് കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത്. ഇതുമൂലം രോഗം ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്. ജില്ലാശുപത്രിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: