ഷൊര്‍ണൂര്‍: മകയിരം ചതിച്ചു തിരുവാതിരയോ? കര്‍ഷക മനസില്‍ തീ ആളിക്കത്തുവാന്‍ തുടങ്ങി. തിരുമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തില്‍ തന്നെ തീക്കട്ട പോലെ പൊള്ളുന്ന വെയില്. കാലാവസ്ഥയുടെ വ്യതിയാനത്തില്‍ ആശങ്കയിലായത് കര്‍ഷകരാണ്.
സാധാരണ കര്‍ഷകര്‍ക്ക് ഞാറ്റുവേല ഏറെ പ്രധാനമാണ്. മഴയുടെ വരവ് അറിയുന്നതും തോത് മനസിലാക്കുന്നതും ഞാറ്റുവേലയുടെ അടിസ്ഥാനത്തിലാണ്. ഇതിനവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഈ കാലഗണനയെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ കൃഷികള്‍ ഇറക്കുന്നത്.
കുരുമുളകിന്റെ തിരിയില്‍ ഇറ്റിറ്റു വീഴുന്ന തോരാ മഴയിലാണ് കുരുമുളക് ധാരാളമായി പുഷ്പിക്കുക. എന്നാല്‍, തിരി നാമ്പുകള്‍ ചൂടേറ്റ് കരിഞ്ഞു വീഴുന്നതോടെ കുരുമുളക് കര്‍ഷകര്‍ ആശങ്കയിലാണ്. പൊടിവിതയില്‍ പ്രതീക്ഷവെച്ച നെല്‍ കര്‍ഷകരും വെള്ളം കിട്ടാതെ മഴക്കാലത്തും ദുരിതത്തിലാണ്. നെല്‍പ്പാടങ്ങള്‍ വറ്റിവരണ്ട നിലയിലാണ്.
മകയിരത്തില്‍ മതിമറഞ്ഞ് പെയ്യേണ്ട മകയിരം ഞാറ്റുവേല വന്നതും പോയതും അറിഞ്ഞില്ലെന്ന് പഴമക്കാര്‍ പറയുന്നു. മഴ പെയ്ത് ഉറവ് വരേണ്ട ഞാറ്റുവേലയാണ് കടന്നുപോയത്. പിന്നീടുവന്ന തിരുവാതിര ഞാറ്റുവേലയും മഴയില്ലാതെ കടന്നുപോയാല്‍ ഇത്തവണയിലെ മഴക്കാലം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് നെല്‍ കര്‍ഷകര്‍ പറയുന്നു.
ഭൂരിഭാഗം നെല്പാടങ്ങളിലും നടീല്‍ നടന്ന് കഴിഞ്ഞതേയുള്ളൂ. പാടങ്ങളില്‍ അടിവളമിട്ട് വെള്ളമില്ലെങ്കില്‍ നെല്ലിനെ ദോഷമായി ബാധിക്കുമെന്നത് നെല്ലിന്റെ വളര്‍ച്ചയെ ബാധിക്കും. മഴക്കുറവിനെ തുടര്‍ന്ന് പല പാടശേഖരങ്ങളിലും നടീല്‍ നടത്താന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.
ഭാരതപ്പുഴയില്‍ നിന്നുള്ള ഇറിഗേഷന്‍ പദ്ധതി തുടങ്ങണമെങ്കില്‍ പുഴയിലും വെള്ളമില്ല. വര്ഷക്കാലത്തിന്റെ തുടക്കത്തില്‍ പെയ്ത മഴയില്‍ വന്ന വെള്ളം ഇപ്പോള്‍ വാര്‍ന്നു കഴിഞ്ഞു.
മഴക്കാലത്ത് കൂടുതല്‍ മഴ ലഭിക്കുന്ന ഞാറ്റുവേലകളാണ് മകയിരവും, തിരുവാതിരയും, പുണര്‍തവും. ഈ ഞാറ്റുവേലകളിലാണ് ഭാരതപ്പുഴ നിറഞ്ഞ് കവിയുക, തോടും പാടവും ഒന്നാവുന്ന ഞാറ്റുവേലകള്‍ മഴയില്ലാതെ കടന്നുപോയാല്‍ കാലാവസ്ഥയുടെ ചതിയില്‍ കര്‍ഷകന്റെ ദുരിത കാഴ്ച കാണേണ്ടിവരും. മിക്ക കര്‍ഷകരും കടമെടുത്തും വായ്പയിലുമാണ് വിളയിറക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: