ന്യൂദല്‍ഹി : കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ വിവാദ വ്യാപാരികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് എന്‍ഫോഴ്‌സ്‌മെന്റ് ബാങ്കുകള്‍ക്ക് കൈമാറി. വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കൈമാറിയത്.
പ്രതികളുടെ 18,170. കോടിയുടെ സ്വത്ത് വകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. ഇതില്‍ 9371.17 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനുമായാണ് എന്‍ഫോഴ്‌സ്‌മെന്റ് കൈമാറിയിരിക്കുന്നത്. ഇതിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമായ തുകയുടെ 80.45 ശതമാനം അതായത് 8,445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളും കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളും ആരംഭിച്ചു കഴിഞ്ഞു. 2016ല്‍ 9,000 കോടിയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയാണ് വിജയ് മല്ല്യ ഇന്ത്യ വിട്ടത്. 2018ലാണ് വജ്ര വ്യാപാരികളായ മെഹുല്‍ ചോക്‌സിയുടേയും നീരവ് മോദിയുടേയും തട്ടിപ്പ് പുറത്തുവരുന്നത്. 13,500 കോടിയുടെ വായ്‌പ്പാ തട്ടിപ്പാണ് ഇരുവരും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: