കൊച്ചി: സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവും നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 66 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. പോലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം 2016 മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കാണിത്. കൂടാതെ ഇതേ കാലയളവില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച്് 15,143 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016ലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്, 25 പേര്. 2017ല്‍ 12, 2018 ല്‍ 17, 2019 ല്‍ ആറ്, 2020 ല്‍ ആറ് എന്നിങ്ങനെയാണ് കണക്ക്.
2009 മുതല്‍ 2015 വരെ സംസ്ഥാനത്ത് 108 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 2009-2021 കാലയളവില്‍ 50 സ്ത്രീകള്‍ കൊലപ്പെട്ടു. ഇതേ കാലയളവില്‍ പാലക്കാട് ജില്ലയില്‍ കൊല്ലപ്പെട്ടത് 22 പേരാണ്. തൃശ്ശൂര്‍ 15 കോഴിക്കോട് 13 , ആലപ്പുഴയില്‍ 12, എറണാകുളത്ത് 11 , വയനാടും മലപ്പുറത്തും ഒമ്പതുപേര്‍ വീതവും കൊല്ലപ്പെട്ടത് സ്ത്രീധനത്തിന്റെ പേരിലാണ്.
2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് 1080 കേസുകളും 784 പീഡനക്കേസുകളും 67 തട്ടിക്കൊണ്ടുപോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആകെ 4707 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രങ്ങള്‍ നടന്ന വര്‍ഷമാണ് 2016. 15,114 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1656 പീഡനക്കേസുകളും 3455 ഗാര്‍ഹിക പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തു. 2017ല്‍ 14,263 കേസുകളില്‍ 2003 പീഡനക്കേസുകളും 4413 അതിക്രമങ്ങളും 2856 ഗാര്‍ഹിക പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2018 ല്‍ 13,643 കേസുകളുണ്ടായി. ഇതില്‍ 2005 പീഡനവും 4579 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും രജിസ്റ്റര്‍ ചെയ്തു. 2019ല്‍ 14294 കേസുകളില്‍ 2076 പീഡനങ്ങളും 4579 അതിക്രമങ്ങളും 2991 ഹാര്‍ഹിക പീഡനങ്ങളും 2020 ല്‍ 12,659 കേസുകളില്‍ 1807 പീഡനക്കേസുകള്‍ 4000 അതിക്രമങ്ങള്‍ 2715 ഗാര്‍ഹിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ നിലവിലുള്ളപ്പോഴും സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: