കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. കേസിലെ പ്രതികളുടെ ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്വര്‍ണക്കടത്തില്‍ മന്ത്രിമാര്‍ക്ക് നേരിട്ടുള്ള ബന്ധവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന രഹസ്യയോഗങ്ങളും അതീവ ഗുരുതര പ്രേട്ടോകോള്‍ ലംഘനങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അതീവ ജാഗ്രതയോടെ കണ്ടെത്തിയ വിവരങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിലും നിര്‍ണായകമാകും. പ്രതികള്‍ക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ‘സിപിഎം കമ്മിറ്റി’യെന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കസ്റ്റംസ് നല്‍കിയത്.
സ്വര്‍ണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലിഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. റിപ്പോര്‍ട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത് 2019 ഡിസംബര്‍ ഒന്നിനാണ്.
ആദ്യ ചരക്കില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് ചാറ്റില്‍ സരിത്ത് പറയുന്നു. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റില്‍ നടന്നത്. ബാഗേജിന്റെ ഭാരം സംബന്ധിച്ച് ഒരു ചാറ്റില്‍ ആശങ്ക പ്രകടിപ്പിച്ച സരിത്തിന് റമീസ് ധൈര്യം പകരുന്നുണ്ട്. ലാന്‍ഡ് ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഗമമായി കടത്താമെന്നാണ് റമീസ് പറയുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജില്‍ നയതന്ത്ര കാര്‍ഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കര്‍ശനമായി പറയുന്നു. ബാഗേജ് സ്വീകരിക്കുന്ന കോണ്‍സല്‍ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നല്‍കണമെന്നും നിര്‍ദേശിക്കുന്നു. 2019 ഡിസംബര്‍ 19ന് നടത്തിയ ചാറ്റില്‍ സ്വര്‍ണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്. ചാറ്റിന് പുറമേ വോയ്സ് സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസില്‍ വെളിപ്പെടുത്തുന്നത് സ്വര്‍ണം കടത്താന്‍ യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും നടത്തിയ ഗൂഢനീക്കങ്ങളാണ്. കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന് അല്‍സാബി അഞ്ചു മാസത്തിനിടെ 95 കിലോ സ്വര്‍ണവും അറ്റാഷെ രണ്ടു മാസത്തിനിടെ 71 കിലോ സ്വര്‍ണവും കടത്താന്‍ കൂട്ടുനിന്നു.
സ്വര്‍ണം കടത്തുന്നതിന് വേണ്ടി സരിത്തിന് സ്വന്തം പാസ്പോര്‍ട്ടിന്റെയും വിസയുടെയും പകര്‍പ്പ് വരെ ഇവര്‍ നല്‍കിയതായും നോട്ടീസിലുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളില്‍ പതിപ്പിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ പ്ലാസ്റ്റിക് ലോഗോയും കൈമാറി. തന്റെ വ്യാജ ഒപ്പ് സരിത്ത് ഉപയോഗിക്കുന്നുണ്ടെന്ന് കോണ്‍സല്‍ ജനറലിന് അറിയാമായിരുന്നു.
സ്വര്‍ണക്കടത്ത് കേസ് അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിന്റെ സൂചന കൂടിയാണ് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: