ആധ്യാത്മിക – ധാർമിക നഭോമണ്ഡലത്തിൽ ജ്വലിച്ചു നിന്ന സുവർണ്ണ നക്ഷത്രമായിരുന്നു സമാധിയായ പോത്തൻകോട് ചിന്താലയേശൻ മഹാത്മ ആലയിൽ സ്വാമി.നിശബ്ദനും നിസ്സംഗനുമായി പാതയോരങ്ങളിലൂടെ നടന്നകന്നപ്പോഴും തൊട്ടടുത്തുണ്ടെന്ന വിശ്വാസം ഭക്തരിൽ പകർന്നു കൊടുത്ത അവധൂതൻ.
ഒരു പുഞ്ചിരിയിലൂടെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച മനുഷ്യ സ്നേഹത്തിൻറെ ഗുരുപൗർണ്ണമി. അവകാശ വാദങ്ങളില്ല, ദിവ്യ പരിവേഷങ്ങളില്ല , കോലാഹലങ്ങളില്ല. ഒരു കൊച്ചു കുടിലിലിരുന്ന് താടി തടവി നാടൻ ഭാഷയിൽ പച്ചയായ യാഥാർഥ്യങ്ങൾ വിളിച്ചു പറഞ്ഞു. അതെല്ലാം കേൾക്കാനും സ്വാമിയെ ഒരു നോക്ക് കാണാനും എത്തുന്ന സാധാരണ മനുഷ്യരുടെ നീണ്ട നിര കാണാമായിരുന്നു.
1934 ജൂൺ 18 -ാം തീയതി പണിമൂല ക്ഷേത്രത്തിന് സമീപമുള്ള അമ്മയുടെ വീട്ടിലായിരുന്നു ജനനം. വീട് 28-ാം ദിവസം കത്തിച്ചാമ്പലായി; അച്ഛൻറെ വീടായ പോത്തൻകോട് ചിന്താലയത്തിൽ താമസമാക്കി. 6 -ാം ക്ലാസ് വരെ പഠിച്ചു. പിന്നീട് അവധൂതനായി യാത്ര തിരിച്ചു. ഋഷിശ്രേഷ്ഠൻമാരുടെയും മഹർഷീശ്വരൻമാരുടെയും സവിധത്തിലായിരുന്നു വാസം. ചിദംബരത്തുള്ള ശ്രീലശ്രീ അവധൂത സ്വാമിയുടെ ശിഷ്യനായി. 28-ാം വയസ്സിൽ നെയ്യാറുള്ള കള്ളിക്കാട് തിരിച്ചെത്തി. ഒരു കൊച്ചു കുടിലിൽ ആല ഉണ്ടാക്കി ഇരുമ്പ് പണിയായുധങ്ങൾ പണിതു ജനങ്ങളോടൊപ്പം ഒരു സാധാരണക്കാരനായി ജീവിച്ചു. പക്ഷേ അവധൂതൻറെ സവിശേഷവും അനിതരസാധാരണവുമായ സിദ്ധിവിശേഷങ്ങൾ മനസിലാക്കിയ തദ്ദേശവാസികൾ അദ്ദേഹത്തിൽ ആകൃഷ്ടരായി. അതോടെ ആ ഓലകുടിൽ ജനങ്ങൾക്ക് ആത്മ നിർവൃതി പകരുന്ന ശാന്തികവാടമായി മാറി. പിന്നീട് പോത്തൻകോട് ചിന്താലയത്തിലുമെത്തി തന്റെ തപസു തുടർന്നു.
കഴിഞ്ഞ കുറേ നാളുകളായി ശാരീരികാസ്വാസ്ഥ്യം മൂലം അവശനിലയിലായിരുന്നു. അപ്പോഴും ശരീര വേദന ഒട്ടും വകവെക്കാതെ മറ്റുള്ളവരോട് കുശലം പറയുമായിരുന്നു.നിശ്ശബ്ദതയിലും വാചാലനായി. ഒരു നോട്ടത്തിൽ പോലും സ്നേഹാർദ്രതയുടെ ഭാവം പകർന്നു. ആദർശനിഷ്ഠമായ ആ ജീവിതം പൊലിഞ്ഞു.
ശരീര ചിന്ത വെടിഞ്ഞ് എന്നും ആത്മബോധിയായി അനുഗ്രഹത്തിൻറെ നിലാവെളിച്ചം പകർന്ന സർവ്വസംഗപരിത്യാഗിയെയാണ് നമ്മുക്ക് നഷ്ടപ്പെട്ടത് . ആരു കാണാൻ വന്നാലും ഒരേ ചോദ്യം “വല്ലതും കഴിച്ചോ?, വെള്ളം കുടിച്ചോ ?” മറ്റുള്ളവരുടെ വിശപ്പിലും ദു:ഖത്തിലും ദാഹത്തിലും മാത്രം ശ്രദ്ധിക്കുന്ന മനുഷ്യ സ്‌നേഹി. ജന്തു ജീവജാലങ്ങൾക്കും വള്ളിപടർപ്പുകൾക്കും ചരാചരങ്ങൾക്കും ഇടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന സർവ്വാശ്ളേഷിയായ വിശ്വ ഗുരു.
ഓലക്കുടിലിലെ ആലയിൽ തീക്കനലിലിട്ടു ഇരുമ്പു കത്തി പഴുപ്പിച്ചതും മൂർച്ച കൂട്ടിയതും മറ്റുള്ളവരുടെ സ്വാർത്ഥങ്ങളായ നിഷേധ നിഷിദ്ധ ചിന്തകളെ പിഴുതെറിയാനായിരുന്നു,അറുത്തു മുറിച്ചു മാറ്റാനായിരുന്നു. ഒറ്റ മുണ്ടും ഒറ്റ തോർത്തും ധരിച്ചു നിഷ്കാമ കർമ്മ യോഗിയായി നമ്മുക്കിടയിലൂടെ നടന്നു. ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ല. കിട്ടിയതെല്ലാം മറ്റുള്ളവർക്ക് കൊടുത്തു.
ഞാൻ മിസോറാം ഗവർണ്ണറായ ശേഷം അനുഗ്രഹാശിസുകൾ തേടി ചിന്താലയത്തിൽ എത്തി. മറ്റൊന്നും പറഞ്ഞില്ല;ഒരു പുഞ്ചിരി മാത്രം . ആശ്രമ ഭിത്തിയിൽ തൂങ്ങി കിടന്ന വലിയൊരു ചിത്രം എനിക്ക് തന്നു. സ്വാമിയുടെ ആ വലിയ ചിത്രം മിസോറാം രാജ്ഭവനിൽ തൂക്കിയിട്ടു. അങ്ങനെ മറക്കാനാകാത്ത എത്ര എത്ര അനുഭവങ്ങൾ ! ആ ത്യാഗവര്യൻറെ ധന്യ സ്മരണയ്‌ക്ക് മുന്നിൽ അനന്തകോടി പ്രണാമം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: