കൊല്ലം: കുരീപ്പുഴയില്‍ കക്കൂസ് മാലിന്യ ട്രീറ്റ്മെന്റ് സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കി കൊല്ലം കോര്പ്പറേഷന്. ഇതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തുടങ്ങി.
അഷ്ടമുടിക്കായലിന്റെ തീരത്ത് 2.8 ഏക്കര്‍ വരുന്ന ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. മുന്നൂറോളം ചെറുത്തും വലുതുമായ മരങ്ങള്‍ ഫോറസ്റ്റ് വകുപ്പിന്റെ അനുവാദത്തോടെ എണ്ണി തിട്ടപെടുത്തിയാണ് മുറിക്കാന്‍ ആരംഭിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണ ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്.
കുരീപ്പുഴ ചണ്ടി ഡിപ്പോയുമായി ബന്ധപ്പെട്ട് കേസുകളും ജനകീയ പ്രതിഷേധങ്ങളും നിലനില്‍ക്കേയാണ് പ്ലാന്റ് നിര്‍മ്മാണവുമായി കോര്പ്പറേഷന് മുന്നോട്ടുപോകുന്നത്. തീരദേശ സംരക്ഷിത മേഖലയായ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് യാതൊരു മുന്നൊരുക്കങ്ങളുമില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍ വരാന്‍ പോകുന്ന പ്ലാന്റിനോട് ചേര്‍ന്നാണ് പുതിയകാവ് സെന്‍ട്രല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ തൊട്ടടുത്തായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തേവര്‍ക്കാവ്, വട്ടമനക്കാവ് ക്ഷേത്രങ്ങളും ശക്തികുളങ്ങര ക്ഷേത്രത്തിന്റെ ആറാട്ടുകുളവുമുണ്ട്.
ഹൈക്കോടതിയിലും ഹരിത ട്രൈബ്യൂണലിലും കേസ് നടക്കുമ്പോഴാണ് മാലിന്യപ്ലാന്റ് നിര്‍മാണവുമായി കോര്പ്പറേഷന് മുന്നോട്ടുപോകുന്നത്. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ നല്കാന് കോര്‍പ്പറേഷനും, സി ആര്ഇസഡിനും, മലിനീകരണനന്ന്ത്രണ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയെങ്കിലും നാളിതുവരെ ഹാജരായിട്ടില്ല. കൊവിഡിനെ ഭയന്ന് ജനങ്ങള്‍ വീട്ടിലിരിക്കുന്ന സമയം നോക്കിയാണ് അധികാരികളുടെ ഈ ജനദ്രോഹമെന്ന് കുരീപ്പുഴ മനുഷ്യാവകാശ സംരക്ഷണ സമിതി പറഞ്ഞു. പ്ലാന്റിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: