വയനാട്: മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവര്‍ നല്കിയ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. റവന്യൂ പട്ടയ ഭൂമിയില്‍ നിന്ന് കോടികളുടെ ഈട്ടി മരം മുറിച്ച് കടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്.
റവന്യൂ, വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ തന്നെ ബലിയാടാക്കിയതാണെന്നാണ് റോജി അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയിരുന്നുവെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ചറുടെ ഒഫെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ അറിയിച്ചു.
കോടിക്കണക്കിന് രൂപയുടെ മരം കൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മുട്ടില്‍ വനംകൊള്ള ഉള്‍പ്പെടെ 39 കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ പ്രതികള്‍ക്കെതിരെ ജൈവ വൈവിധ്യ നിയമം ചുമത്തിയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വനം കൊള്ളക്കേസില്‍ ഭൂവുടമകള്‍ ഉള്‍പ്പടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: